കഴിഞ്ഞവർഷം സ്വകാര്യ മേഖലയിൽ തൊഴിൽ നേടിയത് 26,344 ബഹ്റൈനികൾ
text_fieldsമനാമ: കഴിഞ്ഞവർഷം 26000ത്തിലധികം ബഹ്റൈനികൾ സ്വകാര്യ മേഖലയിൽ തൊഴിൽ കണ്ടെത്തി. തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ജമീൽ ഹുമൈദാൻ എം.പിമാരെ അറിയിച്ചതാണ് ഇക്കാര്യം.
ആകെ 26344 പേർ ജോലി നേടിയതിൽ 6275 പേർ ബിരുദമോ അതിന് മുകളിലോ യോഗ്യത ഉള്ളവരാണ്. 1025 പേർ ഡിേപ്ലാമ യോഗ്യതയും 19,044 പേർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിന് താഴെയോ യോഗ്യത ഉള്ളവരാണ്.
ഇത്രയും പേർ ജോലി നേടിയപ്പോൾ 15,182 പേർ തൊഴിലിനുവേണ്ടി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിൽ 11,576 പേർ വനിതകളാണ്. കഴിഞ്ഞവർഷം സ്വകാര്യമേഖലയിൽ ജോലി ലഭിച്ചവരിൽ 16,323 പേർ പുരുഷന്മാരാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ തൊഴിൽ സ്ഥിതിവിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മൂന്നു മറുപടികളിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2019ൽ 24,718 പേരും 2020ൽ 19,221 പേരുമാണ് സ്വകാര്യ മേഖലയിൽ ജോലി കണ്ടെത്തിയത്. കഴിഞ്ഞവർഷം തൊഴിലില്ലായ്മാ നിധിയിൽനിന്ന് 31099 ഉദ്യോഗാർഥികൾക്ക് ധനസഹായം ലഭിച്ചതായും മന്ത്രി പറഞ്ഞു. 2020ൽ 23193 പേർക്കും 2019ൽ 17669 പേർക്കുമാണ് സാമ്പത്തിക സഹായം ലഭിച്ചത്.
തൊഴിൽരംഗത്ത് ബഹ്റൈനികൾക്ക് മുൻഗണന നൽകാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്.
സ്വദേശികൾക്ക് കൂടുതൽ തൊഴിലുകൾ ലഭ്യമാക്കാനുതകുന്ന തരത്തിൽ എം.പിമാർ നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുക, 10000 പരിശീലന അവസരങ്ങൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞവർഷം നാഷനൽ എംപ്ലോയ്മെന്റ് പ്രോഗ്രാം 2.0 നടപ്പാക്കിയ കാര്യവും മന്ത്രി എടുത്തുപറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.