നാഷനൽ ആക്ഷൻ ചാർട്ടറിന്റെ 25ാം വാർഷികം; രാജ്യം വിപുലമായി ആഘോഷിക്കും
text_fieldsരാജാവ് ഹമദ് ബിൽ ഈസ ആൽ ഖലീഫ, പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ആധുനിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നാഷനൽ ആക്ഷൻ ചാർട്ടർ അംഗീകരിച്ചതിന്റെ 25ാം വാർഷികം രാജ്യം വിപുലമായി ആഘോഷിക്കുന്നു. ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ രാജ്യം കൈവരിച്ച വൻ വികസന നേട്ടങ്ങളെ സ്മരിച്ചുകൊണ്ടാണ് ഈ വാർഷികാഘോഷം നടക്കുന്നത്. വാർഷികത്തോടനുബന്ധിച്ച് ഹമദ് രാജാവിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അഭിനന്ദന സന്ദേശം അയച്ചു. ബഹ്റൈന്റെ പുരോഗതിയുടെയും ഐശ്വര്യത്തിന്റെയും അടിസ്ഥാന ശിലയാണ് ഈ ചാർട്ടറെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കഴിഞ്ഞ 25 വർഷത്തിനിടെ സാമ്പത്തിക, സാമൂഹിക, കായിക മേഖലകളിൽ ബഹ്റൈൻ കൈവരിച്ച ആഗോള മത്സരക്ഷമത ചാർട്ടറിന്റെ വിജയമാണെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വികസനത്തിനായി അശ്രാന്തം പരിശ്രമിക്കുന്ന 'ടീം ബഹ്റൈൻ' അംഗങ്ങളുടെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
സുപ്രീം കൗൺസിൽ ഫോർ വുമൺ അധ്യക്ഷ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫയും രാജാവിന് ആശംസകൾ നേർന്നു. നാഷനൽ ആക്ഷൻ ചാർട്ടർ ബഹ്റൈനിലെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും. പെൺകുട്ടികളുടെ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ നൂറാം വാർഷികവും 'ഈസ അൽ കബീർ' വർഷവും ഒത്തുചേരുന്ന ഈ വേളയിൽ വനിതാശാക്തീകരണത്തിന് ചാർട്ടർ നൽകിയ ഊർജം വലുതാണെന്നും അവർ ഓർമിപ്പിച്ചു. നാഷനൽ ആക്ഷൻ ചാർട്ടർ ദേശീയ ഐക്യത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും പ്രതീകമാണെന്ന് ഹമദ് രാജാവ് മറുപടി സന്ദേശത്തിൽ പറഞ്ഞു. രാജ്യത്തിന്റെ സമഗ്ര വികസന പ്രക്രിയയിൽ സ്ത്രീകൾ നൽകുന്ന സംഭാവനകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തെ മറ്റു മന്ത്രിമാർ, എം.പിമാർ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഹമദ് രാജാവിന് പ്രശംസയുമായെത്തി. രാജ്യം കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കൈവരിച്ച നേട്ടങ്ങൾക്കും വികസനത്തിനും ഹമദ് രാജാവിന്റെ ദർശനത്തെ കൊണ്ട് മാത്രമാണെന്ന് ആശംസകൾ അറിയിച്ചവർ ചൂണ്ടിക്കാട്ടി.
നാഷനൽ ആക്ഷൻ
ചാർട്ടർ
2001 ഫെബ്രുവരി 14ന് പൊതുവോട്ടിനിട്ട നാഷനൽ ആക്ഷൻ ചാർട്ടറിന് മികച്ച പിന്തുണയാണുണ്ടായത്. രാജ്യത്തെ 98 ശതമാനം ജനങ്ങളും വോട്ട് ചെയ്ത ചാർട്ടർ പിന്നീട് രാജ്യത്തുണ്ടാക്കിയ പുരോഗതി വലുതായിരുന്നു. 2000 ഒക്ടോബർ മൂന്നിനാണ് ഹമദ് രാജാവ് ആധുനികവത്കരണത്തിലൂടെ രാജ്യ പുരോഗതിക്കുള്ള ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്.
ജനാധിപത്യം, വികസനം, തുല്യത തുടങ്ങിയവയിൽ അധിഷ്ടിതമായ വീക്ഷണം ഹമദ് രാജാവ് അവതരിപ്പിക്കുമ്പേൾ ഒരു രാജ്യത്തെ അതിന്റെ ഉന്നതിയിലേക്കെത്തിക്കാനുള്ള ദൃഢനിശ്ചയം ആ വാക്കുകളിലുണ്ടായിരുന്നു. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട റഫറണ്ടത്തിന്റെ കരട് രേഖ തയാറാക്കാൻ ദേശീയ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് 2001 ഫെബ്രുവരി 14ന് വിഷയം പൊതു വോട്ടിനിടുകയായിരുന്നു. രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള സ്വദേശികളായ സ്ത്രീ-പുരുഷന്മാർ അന്ന് ഒന്നായി കരട് രേഖയെ വോട്ട് ചെയ്ത് അനുകൂലിച്ചു.
98.4 ശതമാനം പേരും അന്ന് പിന്തുണക്കാനെത്തി എന്നത് രാജ്യവികസനത്തിൽ ജനങ്ങൾക്കുള്ള പ്രതിബന്ധത തെളിയിക്കുന്നതായിരുന്നു. നാഷനൽ ആക്ഷൻ ചാർട്ടർ അംഗീകരിക്കപ്പെട്ട ശേഷം കാലക്രമേണ ഭരണഘടന സമകത്വം, വ്യക്തിസ്വാതന്ത്രം, ദേശീയ ഐക്യം എന്നിവയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തി. രാജ്യം പൂർണ ജുഡീഷ്യൽ മേൽനോട്ടത്തിനും പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കും സാക്ഷിയായി.
ലിംഗ ഭേദമില്ലാതെ രാജ്യമേതെന്നോ വിശ്വാസമേതെന്നോ നോക്കാതെ രാജ്യത്ത് ജീവിക്കുന്ന എല്ലാ പൗരന്മാർക്കും തുല്യതയും നീതിയും ഉറപ്പാക്കി മൗലിക സ്വാതന്ത്ര്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത സ്ഥിരീകരിച്ചു. പിന്നീടിങ്ങോട്ട് ഇന്നും രാജ്യത്തുടനീളം മാനവ വികസനത്തിനും ജീവിതനിലവാരത്തിലെ ക്രമാനുഗതമായ ഉയർച്ചക്കും ചാർട്ടർ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

