ദേശീയ ഉൽപന്ന കയറ്റുമതിയിൽ 24 ശതമാനം വർധന
text_fieldsമനാമ: കഴിഞ്ഞ വർഷത്തെ വ്യാപാര കണക്കുകൾ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പ്രസിദ്ധീകരിച്ചു. ബഹ്റൈനിൽനിന്നുള്ള ദേശീയ ഉൽപന്ന കയറ്റുമതിയുടെ മൂല്യം 2022ൽ 24 ശതമാനം വർധിച്ച് 4.967 ബില്യൺ ദീനാറിലെത്തി. മുൻവർഷത്തെ കയറ്റുമതി 3.994 ബില്യൺ ദീനാറിന്റേതായിരുന്നു. ദേശീയ ഉൽപന്ന കയറ്റുമതിയിൽ 72 ശതമാനവും 10 രാജ്യങ്ങളിലേക്കാണ്. ബഹ്റൈനിൽനിന്നുള്ള ദേശീയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ മുന്നിൽ സൗദി അറേബ്യയാണ്. അമേരിക്ക, യു.എ.ഇ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 2022ൽ പുനർ കയറ്റുമതിയുടെ മൊത്തം മൂല്യം ആറുശതമാനം വർധിച്ച് 720 മില്യൺ ദീനാറിലെത്തി.
ഇറക്കുമതിയുടെ മൂല്യം 10 ശതമാനം വർധിച്ച് 2022ൽ 5.842 ബില്യൺ ദീനാറിലെത്തി. മുൻവർഷം 5.316 ബില്യൺ ദീനാറിന്റെ ഇറക്കുമതി നടന്ന സ്ഥാനത്താണിത്. ഇറക്കുമതിയുടെ 69 ശതമാനവും 10 രാജ്യങ്ങളിൽനിന്നാണ്. റിപ്പോർട്ട് പ്രകാരം ഇറക്കുമതിയുടെ കാര്യത്തിൽ 845 ദശലക്ഷം ദീനാറുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 620 ദശലക്ഷം ദീനാറുമായി ബ്രസീൽ രണ്ടാമതും 509 ദശലക്ഷം ദീനാറുമായി ആസ്ട്രേലിയ മൂന്നാമതുമാണ്. നോൺ-അഗ്ലോമറേറ്റഡ് ഇരുമ്പയിരാണ് ഇറക്കുമതിയിൽ മുന്നിൽ. അലൂമിനിയം ഓക്സൈഡ്, വിമാന ഭാഗങ്ങൾ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.