2023; ബഹ്റൈൻ ഖ്യാതി ലോകം മുഴുവൻ വ്യാപിച്ച വർഷം
text_fieldsമനാമ: മാറുന്ന കാലത്തിനനുസരിച്ച് ആധുനികതയെ പുണരുന്ന വികസനനയമാണ് ബഹ്റൈന്റെ പ്രത്യേകത. ഈ നയംമൂലം രാജ്യത്തിന്റെ പ്രശസ്തി ലോകമാസകലം ഉയർന്ന വർഷമായിരുന്നു 2023.
ബഹ്റൈൻ ഗ്രാൻഡ് പ്രീയും ഇൻറർ പാർലമെന്ററി യൂനിയൻ സമ്മേളനവും
വർഷാരംഭത്തിൽതന്നെയാണ് രാജ്യത്തെ ലോക പ്രശസ്തമാക്കിയ ബഹ്റൈൻ ഗ്രാൻഡ് പ്രീ കാറോട്ടമത്സരം നടന്നത്. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ എല്ലാ വർഷവും നടക്കുന്ന മത്സരം രാജ്യത്തെ ലോക കായിക ഭൂപടത്തിൽ ഇടംനേടാൻ സഹായിച്ചിട്ടുണ്ട്. അതിനുശേഷം ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലെയും പാർലമെന്ററി തലവന്മാരും പ്രതിനിധികളും പങ്കെടുത്ത ഇൻറർ പാർലമെന്ററി യൂനിയൻ സമ്മേളനത്തിനും രാജ്യം വേദിയായി. ബഹ്റൈൻ എന്ന കൊച്ചുരാജ്യം ലോകത്തിനു മുന്നിൽ അറിയപ്പെട്ട നാളുകളായിരുന്നു അത്.
വികസനത്തിന്റെ പുതുവഴികൾ
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായകമായ മാറ്റങ്ങൾക്ക് വഴിതെളിച്ച ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ന്റെ ഗുണഫലങ്ങൾ അനുഭവവേദ്യമായ വർഷംകൂടിയാണ് കടന്നുപോയത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ വികസനത്തിലേക്ക് പുതുവഴികൾ തേടുന്ന രാജ്യത്തെയാണ് പോയവർഷം കണ്ടത്. സാമ്പത്തിക വളർച്ച കൈവരിക്കാനും കൂടുതൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുമായി ദ്രുതഗതിയിലുള്ള പദ്ധതികൾ രാജ്യം ആവിഷ്കരിച്ചു നടപ്പാക്കി.
ഗോൾഡൻ ലൈസൻസ്
500ലധികം തൊഴിലവസരങ്ങൾ കൊണ്ടുവരുന്നവർക്കും അല്ലെങ്കിൽ 50 മില്യൻ യു.എസ് ഡോളറിലധികം നിക്ഷേപം നടത്തുന്നവർക്കും ഗോൾഡൻ ലൈസൻസ് നൽകാനുള്ള തീരുമാനം നിക്ഷേപകരെ ആകർഷിച്ചു. സമ്പദ്ഘടന വൈവിധ്യവത്കരിക്കുന്നതിനായി പെട്രോളിയം വരുമാനത്തിന്റെ ആശ്രിതത്വം കുറച്ചുകൊണ്ടുവരാനും മറ്റു സാമ്പത്തിക മേഖലകള്‍ വികസിപ്പിച്ച് വിവിധ വരുമാനമാര്‍ഗങ്ങള്‍ അന്വേഷിക്കാനുമുള്ള ശ്രമങ്ങള്‍ ഊർജിതമാണ്.
എന്നാൽ, ഇതരമേഖല പടിപടിയായി വളർച്ച കൈവരിക്കുന്നത് ശുഭ സൂചകമാണ്. രാജ്യത്തിന്റെ ജി.ഡി.പി കഴിഞ്ഞ വർഷം 4.9 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി വാർഷിക സാമ്പത്തിക റിപ്പോർട്ട് പറയുന്നു. എല്ലാ ജനവിഭാഗങ്ങൾക്കും വർണ, വർഗ, ദേശ, മത ഭേദമില്ലാതെ സമാധാനപരമായ സഹവർത്തിത്വത്തോടുകൂടി വസിക്കാൻ അനുയോജ്യമായ അന്തരീക്ഷമൊരുക്കുന്നതിലും അത് നിലനിർത്തുന്നതിലും രാജ്യം കാണിക്കുന്ന ശുഷ്കാന്തി ലോകരാജ്യങ്ങളുടെ അഭിനന്ദനത്തിന് കാരണമായതാണ്.
ഏഷ്യൻ ഗെയിംസിലെ ചരിത്രനേട്ടം
ടൂറിസം മേഖലയിൽ വൻ കുതിപ്പാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇത് മുൻനിർത്തി അടിസ്ഥാന സൗകര്യവികസനമടക്കമുള്ള കാര്യങ്ങൾ ദ്രുതഗതിയിലാണ് പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ അഭിമാനാർഹമായ നേട്ടത്തിന് പുറമെയാണ് ചൈനയിലെ ഹാങ്ചോ നഗരത്തിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിലെ നേട്ടം.
ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽതന്നെ ഏറ്റവും മികച്ച മെഡൽ വേട്ട നടത്തിയായിരുന്നു ഹാങ്ചോയിൽനിന്ന് ബഹ്റൈന്റെ മടക്കം. 20 മെഡലുകൾ നേടി ഏഷ്യയിൽ ഒമ്പതാമതാണ് ബഹ്റൈൻ. 12 സ്വർണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെയാണിത്. ഏഷ്യയിൽ ഒമ്പതാം സ്ഥാനവും അറബ് ലോകത്ത് ഒന്നാമതുമെത്തി രാജ്യം അഭിമാനാർഹമായ നേട്ടമാണ് കൈവരിച്ചത്.
ജി.സി.സി റെയിൽ, ഏകീകൃത ജി.സി.സി വിസ, ഖത്തർ- ബഹ്റൈൻ കോസ്വേ
ബഹ്റൈൻ മെട്രോയുടെ നടപടികൾക്ക് ജീവൻവെച്ച വർഷമാണിത്. മാത്രമല്ല, ജി.സി.സി റെയിൽ, ഏകീകൃത ജി.സി.സി വിസ എന്നിവയുടെ പ്രഖ്യാപനവും കഴിഞ്ഞ വർഷം ആഹ്ലാദം നൽകിയ സംഗതികളായിരുന്നു. ഖത്തർ- ബഹ്റൈൻ കോസ്വേ പ്രഖ്യാപിക്കപ്പെട്ടതും ഹർഷാരവങ്ങളോടെയാണ് സ്വീകരിക്കപ്പെട്ടത്. യാത്രാദൂരം ഗണ്യമായി കുറയുമെന്ന് മാത്രമല്ല, മേഖലയിൽ വൻ വികസനക്കുതിപ്പിനും ഇടയാക്കുന്ന പ്രഖ്യാപനമായിരുന്നു ഇത്.
കണ്ണീരോർമയായി ആ അഞ്ചുപേർ
അഭിമാനകരമായ നിരവധി മുഹൂർത്തങ്ങളാണ് 2023 സൃഷ്ടിച്ചതെങ്കിലും ഇന്ത്യക്കാർക്ക് കണ്ണീർ നൽകിയ വർഷവും കൂടിയായിരുന്നു. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സൽമാബാദിനടുത്ത് ആലിയിൽ സെപ്റ്റംബർ ഒന്നിന് രാത്രിയുണ്ടായ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. നാല് മലയാളികളും ഒരു തെലങ്കാന സ്വദേശിയുമാണ് മരിച്ചത്.
പയ്യന്നൂർ എടാട്ട് കുഞ്ഞിമംഗലം കാന വീട്ടിൽ രഘുവിന്റെ മകൻ അഖിൽ (28), മലപ്പുറം വെള്ളയൂർ ഗോകുലം വീട്ടിൽ വാസുദേവന്റെ മകൻ ജഗത് (30), കോഴിക്കോട് മായനാട് പൊറ്റമ്മൽ വൈശ്യംപുറത്ത് മുത്തോരന്റെ മകൻ മഹേഷ് (33), ചാലക്കുടി മുരിങ്ങൂർ പരീക്കാടൻ വീട്ടിൽ ജോർജിന്റെ മകൻ ഗൈതർ (28), തെലങ്കാന കരിംനഗർ പേട്ട യെല്ലറെഡ്ഡി കോരുത്ലാപേട്ട നർസയ്യ മോക്കിനാപ്പള്ളിയുടെ മകൻ സുമൻ (29) എന്നിവർ. അഞ്ചുപേരും മുഹറഖിലെ അൽ ഹിലാൽ ആശുപത്രി ജീവനക്കാരായിരുന്നു. ഈ ദുരന്തം എന്നും പ്രവാസികളുടെ മനസ്സിലുണ്ടാകുമെന്ന് തീർച്ചയാണ്. ഹൃദയാഘാതവും മറ്റു അസുഖങ്ങളാലും ചെറുപ്പക്കാരടക്കം നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. തെറ്റായ ആരോഗ്യശീലങ്ങളും ജീവിതചര്യകളും ഇതിന് കാരണമായിട്ടുണ്ട്. പുതുവർഷത്തിൽ ഗൗരവമായ ചിന്തക്ക് വിഷയമാകേണ്ട കാര്യമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

