20/20 ടൂർണമെന്റ്; ചമ്പക്കര ജേതാക്കൾ
text_fieldsബി.കെ.എൻ.ബി.എഫ് 20/20 നാടൻ പന്ത് കളി മത്സരത്തിൽ വിജയികളായ ചമ്പക്കര ടീം
മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അഞ്ചാമത് 20/20 നാടൻ പന്തുകളി മത്സരത്തിൽ മീനടം ടീമിനെ പരാജയപ്പെടുത്തി ചമ്പക്കര ടീം ജേതാക്കളായി. ഫൈനൽ മത്സരം ഒ.ഐ.സി.സി മുൻ ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി മനു മാത്യു സംസാരിച്ചു. സമാപന സമ്മേളനത്തിൽ ബി.കെ.എൻ.ബി.എഫ് പ്രസിഡന്റ് സാജൻ തോമസ് അധ്യക്ഷത വഹിച്ചു. ഫൈനലിൽ മത്സരിച്ച ടീമുകൾക്ക് ബിനു കരുണാകരൻ (ബഹ്റൈൻ പ്രതിഭകേന്ദ്ര കമ്മിറ്റി അംഗം), ബിജു ജോർജ് (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗം), ജോജി വി. തോമസ്, മീനടം എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.
ടൂർണമെന്റിലെ മികച്ച കൈവെട്ടുകാരനായി റിന്റോമോൻ തോമസ് (കുമാരനല്ലൂർ ടീം), മികച്ച പൊക്കിയടിക്കാരൻ ബിനു യു.ബി (കുമാരനല്ലൂർ ടീം), മികച്ച ക്യാപ്റ്റൻ (കുമാരനല്ലൂർ ടീം), മികച്ച കളിക്കാരൻ ബുലു ( കുമാരനല്ലൂർ ടീം), മികച്ച പിടുത്തക്കാരനായി ജോൺസൺ ( മീനടം ടീം ), മികച്ച കാലടിക്കാരൻ വിനു (മീനടം ടീം), കൂടുതൽ എണ്ണം വെട്ടിയ കളിക്കാരനായി സാം (മീനടം ടീം), സെമി ഫൈനലിലെ മികച്ച കളിക്കാരനായി റോബിൻ എബ്രഹാം (മീനടം ടീം), നവാഗതപ്രതിഭയായി അജിത് (ചമ്പക്കര ടീം), മികച്ച പൊക്കിവെട്ടുകാരനും ഫൈനലിലെ മികച്ച കളിക്കാരനുമായി ശ്രീരാജ് സി.പി(ചമ്പക്കര ടീം) എന്നിവർ വ്യക്തിഗത സമ്മാനങ്ങൾക്ക് അർഹരായി. രക്ഷാധികാരി റെജി കുരുവിള, സാമൂഹിക പ്രവർത്തകനായ തോമസ് ഫിലിപ്, സെന്റ് പീറ്റേഴ്സ് ഇടവക സെക്രട്ടറി മനോഷ് കോര, ടൂർണമെന്റ് കൺവീനർ സന്തോഷ് പുതുപ്പള്ളി, ബി.കെ. എൻ.ബി.എഫ് സെക്രട്ടറി ശ്രീരാജ് എന്നിവർ സമാപനസമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

