ജി.സി.സി രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം ഉറപ്പാക്കുമെന്ന് മന്ത്രിസഭ
text_fieldsമനാമ: ജി.സി.സി രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വ്യക്തമാക്കി. അംഗരാജ്യങ്ങളുമായി വിവിധ മേഖലകളിലുള്ള സഹകരണം ഉറപ്പിക്കാനുള്ള ബഹ്റൈന്‍െറ ശ്രമങ്ങള്‍ക്ക് മതിയായ ഫലമുണ്ടായെന്നാണ് അനുമാനിക്കുന്നതെന്ന് കാബിനറ്റ് സെക്രട്ടറി ജനറല്‍ ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ മന്ത്രിസഭായോഗത്തിനുശേഷം പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ നടത്തിയ ഖത്തര്‍ സന്ദര്‍ശനത്തില്‍ ബഹ്റൈന്‍െറ ജി.സി.സി രാഷ്ട്രങ്ങളോടുള്ള നയസമീപനം സുവ്യക്തമായി പ്രതിഫലിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനവും കിരീടാവകാശിയുടെ കുവൈത്ത് സന്ദര്‍ശനവും വിജയകരമായിരുന്നെന്ന് മന്ത്രിസഭ വിലയിരുത്തി. വിദേശ സന്ദര്‍ശന വേളയില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ ഇരുവരും സഭയില്‍ പങ്കുവെച്ചു. സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷ പ്രതിസന്ധികള്‍ നേരിടുന്ന കാലത്ത് ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.
സഭയില്‍ അമീര്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ സ്മരണകളും പ്രധാനമന്ത്രി പങ്കുവെച്ചു.
രാജ്യപുരോഗതിയില്‍ ശൈഖ് ഈസയുടെ സംഭാവനങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയതാണ്. ജനങ്ങള്‍ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യസുരക്ഷയും ഐക്യവും സ്ഥിരതയും മുന്‍നിര്‍ത്തിയുള്ള നിയമഭേദഗതിക്ക് ശൂറ കൗണ്‍സിലും പാര്‍ലമെന്‍റും നല്‍കിയ അംഗീകാരം ശ്ളാഘനീയമാണ്. സഭകള്‍ ഈ വിഷയത്തില്‍ തികഞ്ഞ ഉത്തരവാദിത്തമാണ് പ്രകടമാക്കിയത്.
ചെറിയ ധനകാര്യ ക്ളെയിമുകള്‍ ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വഴിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനും ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ നടപ്പാക്കാനും നിര്‍ദേശമുയര്‍ന്നു. ഈ വിഷയം പഠിക്കാന്‍ കിരീടാവകാശി അധ്യക്ഷനായ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. നാഷണല്‍ ഓയില്‍ ആന്‍റ് ഗ്യാസ് അതോറിറ്റിയുടെ പുതിയ വാതക പ്ളാന്‍റിനുള്ള ഫണ്ടിങ് സംബന്ധിച്ച് ‘സുപ്രീം കമ്മിറ്റി ഫോര്‍ നാച്വറല്‍ റിസോഴ്സസ് ആന്‍റ് ഇക്കണോമിക് സെക്യൂരിറ്റി’ സമര്‍പ്പിച്ച നിര്‍ദേശം കാബിനറ്റ് അംഗീകരിച്ചു.
പുതിയ പദ്ധതി ബഹ്റൈന്‍ നാഷണല്‍ ഗ്യാസ് കമ്പനിയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്ന് എണ്ണവകുപ്പ് മന്ത്രി സഭയില്‍ അറിയിച്ചു.
വിദ്യാഭ്യാസ-പരിശീലന മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നിര്‍ദേശം സഭ ചര്‍ച്ച ചെയ്തു. ഇത് മന്ത്രിതല സമിതിക്കും വിദ്യാഭ്യാസ വികസന, പരിശീലന സുപ്രീം കൗണ്‍സിലിനും പരിഗണനക്കായി വിട്ടു. വിവിധ നഗരവികസന പദ്ധതികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാറിന്‍െറ അധീതയിലുള്ള ക്വാറിയുടെ അവസ്ഥ വിലയിരുത്തി.
ക്വാറി നടത്തിപ്പിന്‍െറ കാര്യങ്ങള്‍ ടെണ്ടര്‍ ലഭിച്ച കമ്പനിക്കൊപ്പം പൊതുമരാമത്ത് വകുപ്പും ഏറ്റെടുക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
തുര്‍ക്കി-ബഹ്റൈന്‍ പൗരന്‍മാര്‍ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുമ്പോഴുള്ള വിസ ഫീസ് ഒഴിവാക്കാനുള്ള തീരുമാനം നടപ്പില്‍ വരുത്താനുള്ള നടപടികള്‍ വിലയിരുത്തി.
പ്രത്യേക വിഷയങ്ങളിലുള്ള സ്പോര്‍ട്സ് മാസികകളുടെ പ്രസിദ്ധീകരണം സംബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി നിര്‍ദേശം അവതരിപ്പിച്ചു. ഇത് സാമൂഹിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതിയുടെ പരിഗണനക്ക് വിട്ടു.
രാജ്യത്തിന്‍െറ ഉന്നതിക്കായി പ്രയത്നിച്ചവരുടെ സ്മരണക്കായി ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രത്യേക വിഭാഗം ആരംഭിക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്‍റ് സമര്‍പ്പിച്ച നിര്‍ദേശവും ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
