മോശം വസ്ത്രധാരണം: നോര്‍തേണ്‍ ഗവര്‍ണറേറ്റ് നടപടി പരിഗണിക്കുന്നു
text_fieldsമനാമ: നോര്‍തേണ്‍ ഗവര്‍ണറേറ്റിലെ പൊതുബീച്ചുകളിലും പാര്‍ക്കുകളിലും മോശം രീതിയില്‍ വസ്ത്രം ധരിച്ചത്തെുന്നവര്‍ക്കെതിരെ നിയമനടപടി വന്നേക്കും. മാന്യമായി വസ്ത്രം ധരിക്കണമെന്നാവശ്യപ്പെട്ടുള്ള ബോര്‍ഡുകളും ചില പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച നിര്‍ദേശം നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിവാര യോഗത്തില്‍ അംഗീകരിച്ചു. പ്രകോപനപരമായ വസ്ത്രം ധരിച്ച് നീന്തുകയോ കളിക്കുകയോ ചെയ്യുന്നവരെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് ഇതിലുള്ളത്. യോഗത്തില്‍ മുന്‍സിപ്പാലിറ്റി ടെക്നിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ലാമിയ അല്‍ ഫധാല പുതിയ ബോര്‍ഡുകളുടെ സാമ്പിളുകള്‍ കാണിച്ചു. അറബിക്, ഇംഗ്ളീഷ്, ഉര്‍ദു, ഹിന്ദി, തമിഴ് ഭാഷകളിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുക. നോര്‍തേണ്‍ ഗവര്‍ണറേറ്റില്‍ പദ്ധതി വിജയകരമായാല്‍, ബഹ്റൈനില്‍ ഉടനീളം ഇത് സ്ഥാപിക്കാനാകുമെന്ന് അവര്‍ കൗണ്‍സിലര്‍മാരോട് പറഞ്ഞു. ചില കൗണ്‍സിലര്‍മാര്‍ നിര്‍ദേശത്തെ എതിര്‍ത്തെങ്കിലും ചെയര്‍മാന്‍ മുഹമ്മദ് ബുഹമൂദ് ഇതിനെ അനുകൂലിക്കുകയായിരുന്നു. ബീച്ചുകളിലും തീരപ്രദേശങ്ങളിലും പാര്‍ക്കുകളിലും ചില ഘട്ടങ്ങളില്‍ സ്വാതന്ത്ര്യത്തിന്‍െറ ദുരുപയോഗമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിലരുടെ വസ്ത്രധാരണ രീതി പ്രദേശവാസികള്‍ക്ക് ശല്യമാവുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം പരിഗണിച്ചാണ് ബോര്‍ഡ് വെക്കാന്‍ തീരുമാനിക്കുന്നത്. ബിക്കിനിയും മറ്റും ധരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഹോട്ടലുകളിലോ ഹെല്‍ത്ത് ക്ളബുകളിലോ മറ്റ് സ്വകാര്യ ഇടങ്ങളിലോ പോകാവുന്നതാണ്. സ്വകാര്യബീച്ചുകള്‍ ഉപയോഗപ്പെടുത്തുന്നതിനും കുഴപ്പമില്ല. മറ്റുരാജ്യങ്ങളിലേക്ക് ടൂര്‍ പോകുകയുമാകാം. കാര്യങ്ങള്‍ നിയന്ത്രണാധീതമായ ഘട്ടത്തിലാണ് നടപടി ആവശ്യമായി വന്നത്. വിദേശികള്‍ മാത്രമല്ല, ചില ബഹ്റൈനികളും ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു.
മോശം വസ്ത്രധാരണം എന്നത് നിര്‍വചിക്കുന്ന നിയമം ഇല്ലാത്തതിനാല്‍ പുതിയ നിര്‍ദേശം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് കൗണ്‍സിലര്‍ ഹമദ് അദ്ദൂസരി പറഞ്ഞു. എന്താണ് ശരിയായ വസ്ത്രമെന്ന് ആര്‍ക്കെങ്കിലും നിര്‍വചിക്കാനോ നീന്തുമ്പോഴും കളിക്കുമ്പോഴും എന്ത് വസ്ത്രമിടണമെന്ന് പറയാനോ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. തത്വത്തില്‍ ഈ നിര്‍ദേശത്തിന് എതിരല്ളെങ്കിലും ഇറുകിയ വസ്ത്രം കാണുന്ന മാത്രയില്‍ പൊലീസ് ഇടപെടാന്‍ ഇത് വഴിയൊരുക്കുമെന്ന് താന്‍ ഭയപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.