എയ്ഡ്സ് രോഗികളുടെ സംരക്ഷണം ഉറപ്പാക്കി ബഹ്റൈനില്‍ നിയമം
text_fieldsമനാമ: ബഹ്റൈനില്‍ എയ്ഡ്സ് തടയുന്നതിനും രോഗികളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
എയ്ഡ്സ് ബാധിച്ചവര്‍ക്കോ അല്ളെങ്കില്‍ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്കോ ആവശ്യമായ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കും. എയ്ഡ്സ് ബാധിതര്‍ക്ക് സാധാരണ പൗരന്‍മാര്‍ക്ക് ലഭ്യമാകുന്ന മുഴുവന്‍ അവകാശങ്ങളും ലഭ്യമായിരിക്കും. എയ്ഡ്സ് ബാധിതരോടൊപ്പം അവരുടെ ബന്ധുക്കള്‍ക്ക് താമസിക്കാന്‍ അവകാശമുണ്ടായിരിക്കും. ഇവരുടെ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഉറപ്പാക്കും. രോഗബാധിതരായതിന്‍െറ പേരില്‍ ജോലിയില്‍ നിന്ന് ആരെയും പിരിച്ചുവിടാനാകില്ല.
തൊഴിലെടുക്കാന്‍ കഴിയുന്ന കാലത്തോളം രോഗബാധിതര്‍ക്ക് ജോലിയില്‍ തുടരാവുന്നതാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള തൊഴിലെടുക്കാന്‍ സാധ്യമാകാതെ വന്നാല്‍ അനുയോജ്യമായ മറ്റ് തൊഴിലിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കാം. എയ്ഡ്സ് ബാധിതര്‍ക്ക് സ്കൂളുകളില്‍ മറ്റുള്ളവരോടൊപ്പം പഠിക്കാന്‍ അവകാശം നല്‍കും.
അവരെ സ്കൂളില്‍ നിന്ന് പുറത്താക്കാനോ ക്ളാസില്‍ നിന്ന് മാറ്റിയിരുത്താനോ പാടില്ളെന്നും നിയമം അനുശാസിക്കുന്നു. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിയമോപദേശം നല്‍കുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവര്‍ക്കായി കോടതിയില്‍ ഹാജരാവുകയും ചെയ്യേണ്ടതാണ്. എയ്സ്ഡ് ബാധിതരെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിനും വിലക്കുണ്ട്. മെഡിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ രോഗവിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കണം. എയ്ഡ്സ് രോഗിക്കെതിരെ കേസുണ്ടെങ്കില്‍ അയാളുടെ ആവശ്യപ്രകാരം കേസ് രഹസ്യമായി നടത്താന്‍ ആവശ്യപ്പെടാവുന്നതാണ്. എയ്ഡ്സ് ബാധിതര്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ അവകാശമുണ്ടായിരിക്കും. രോഗികളോട് പെരുമാറേണ്ട രീതികളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ ആരോഗ്യ മന്ത്രാലയത്തിന് ബാധ്യതയുണ്ടെന്നും നിയമം വ്യക്തമാക്കുന്നു. എയ്ഡ്സ് ബാധിതര്‍ ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചികിത്സ തുടരുകയും വേണം. ഇവര്‍ ആരോഗ്യവിഭാഗം നിര്‍ദേശിക്കുന്ന രീതിയില്‍ ജീവിതം ക്രമീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എയ്ഡ്്സ് ബാധ സ്ഥിരീകരിച്ചാല്‍ അക്കാര്യം അയാളെ സ്ഥാപനം അറിയിക്കേണ്ടതാണ്. എയ്ഡ്സ് ബാധ പരിശോധിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും പ്രസ്തുത രോഗം തടയുന്നതിനുമുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം ബാധ്യസ്ഥമാണ്.
രോഗപരിശോധനകള്‍ നിലവിലുള്ള മാനദണ്ഡമനുസരിച്ച് സൂക്ഷ്മവും സുരക്ഷിതവുമായിരിക്കണം. ഏതൊരാള്‍ക്കും സ്വന്തംനിലയില്‍ രോഗ പരിശോധന നടത്തുന്നതിന് മന്ത്രാലയം പ്രോത്സാഹനം നല്‍കേണ്ടതാണ്. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഫിസിഷ്യന്‍മാര്‍ തുടങ്ങി ആരോഗ്യ പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എയ്ഡ്സ് രോഗ ചികിത്സയില്‍ പരിശീലനം നല്‍കേണ്ടതാണ്. എയ്ഡ്സ് ബാധയുണ്ടാകുന്ന സാഹചര്യങ്ങളെക്കുറിച്ച് പ്രചരണം നടത്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി സഹകരിച്ച് ബോധവത്കരണം സംഘടിപ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
എയ്ഡ്സ് പകര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 1,000 മുതല്‍ 20,000 വരെ പിഴയോ അതുമല്ളെങ്കില്‍ തടവും പിഴയും ഒരുമിച്ചോ ലഭിക്കും.
രോഗം പകര്‍ത്താന്‍ നിഗൂഢ മാര്‍ഗങ്ങളിലൂടെ ശ്രമിച്ചാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത തടവും 10,000 മുതല്‍ 50,000 വരെ പിഴയും അടക്കേണ്ടി വരും. എയ്ഡ്സ് രോഗിയോട് മോശമായി പെരുമാറിയാലോ അവരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ശ്രമിച്ചാലോ ആറ് മാസത്തില്‍ കുറയാത്ത തടവും 500 ദിനാറില്‍ കൂടാത്ത പിഴയും നല്‍കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉത്തരവിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ടതാണ്. ഉത്തരവ് വന്ന് ഒരു ദിവസത്തിനുള്ളില്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും അടുത്ത ദിവസം മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നും രാജാവിന്‍െറ ഉത്തരവ് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
