ജൗ ജയിലില്‍ തീവ്രവാദ സംഘത്തിന്‍െറ ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു
text_fieldsമനാമ: രാജ്യത്തിന്‍െറ തെക്കന്‍ ഭാഗത്തുള്ള ജൗ ജയിലില്‍ തീവ്രവാദ സംഘം ആക്രമണം നടത്തി തടവുകാരെ രക്ഷപ്പെടുത്തി. പൊലീസുകാരനെ കൊലപ്പെടുത്തിയ ശേഷമാണ് ഭീകരവാദ കേസുകളില്‍ ശിക്ഷിക്കപ്പെട്ട പത്ത് തടവുകാരെ ജയിലില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
നാല് മുതല്‍ ആറ് വരെ പേര്‍ ഉള്‍പ്പെട്ട സായുധ സംഘമാണ് ജയില്‍ ആക്രമിച്ചത്. ഓട്ടോമാറ്റിക് തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് ആക്രമിച്ച സംഘത്തെ നേരിടുന്നതിനിടെ ഒരു പൊലീസുകാരന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 79 വര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടവരാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.
ജയില്‍ ആക്രമിച്ചവരെ നേരിടുന്നതിനിടെയാണ് പൊലീസുകാരനായ അബ്ദുല്‍ സലാം സൈഫ് മരണപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് ജയിലില്‍ ആക്രമണം ഉണ്ടായത്. സംഭവം നടന്നയുടന്‍ തന്നെ രക്ഷപ്പെട്ടവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ ഉത്തരവ് പ്രകാരം അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജയിലില്‍ സുരക്ഷ ശക്തമാക്കുകയും ചുറ്റുപാടുകളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജയിലില്‍ ആക്രമണം നടത്തിയവരെയും തടവറയില്‍ നിന്ന് രക്ഷപ്പെട്ടവരെയും പിടികൂടുന്നതിന് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
73 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട അഹമ്മദ് മുഹമ്മദ് സാലെഹ് അല്‍ ശൈഖ് (26), ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അമ്മാര്‍ അബ്ദുല്ല ഈസ അബ്ദുല്‍ ഹുസൈന്‍ (28), 28 വര്‍ഷം തടവ് വിധിക്കപ്പെട്ട മുഹമ്മദ് ഇബ്രാഹിം മുല്ലാ റേദി അല്‍ തൂഖ് (26), ജീവപര്യന്തം തടവുകാരായ ഹസന്‍ അബ്ദുല്ല ഈസ അബ്ദുല്‍ ഹുസൈന്‍ (24), ഈസ മൂസ അബ്ദുല്ല ഹസന്‍ (24), ഹുസൈന്‍ ആതിയ്യ മുഹമ്മദ് സാലെഹ് (37), അബ്ദുല്‍ ഹുസൈന്‍ ജുമാ ഹസന്‍ അഹമ്മദ് അല്‍ ഉനൈസി (31), ജീവപര്യന്തവും 41 വര്‍ഷവും തടവിന് ശിക്ഷിക്കപ്പെട്ട സാദിഖ് ജാഫര്‍ സല്‍മാന്‍ ഹുസൈന്‍ (27), ജീവപര്യന്തവും 79 വര്‍ഷവും തടവിന് ശിക്ഷിക്കപ്പെട്ട റിദ അബ്ദുല്ല ഈസ അല്‍ ഗസ്റ (29), 43 വര്‍ഷം തടവ് വിധിക്കപ്പെട്ട ഹുസൈന്‍ ജാസിം ഈസ ജാസിം അല്‍ ബന (27) എന്നിവരാണ് തടവില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജയിലില്‍ നിന്ന് രക്ഷപ്പെട്ടവരെയോ തീവ്രവാദികളെയോ കുറിച്ച വിവരങ്ങള്‍ ലഭിക്കുന്നവര്‍ 999, 80008008 നമ്പറുകളില്‍ വിവരം അറിയിക്കണം. എല്ലാ ഫോണ്‍ വിളികളും രഹസ്യമായി കൈകാര്യം ചെയ്യും.
തടവില്‍ നിന്ന് രക്ഷപ്പെടുന്നവരെ സഹായിക്കുന്നത് കുറ്റകരമാണെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ പീനല്‍കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
