സാംക്രമിക രോഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിന് തുടക്കമായി
text_fieldsമനാമ: സാംക്രമിക രോഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന രണ്ടാമത് സമ്മേളനത്തിന് കഴിഞ്ഞ ദിവസം ബഹ്റൈനിൽ തുടക്കമായി. ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം നടക്കുന്നത്. ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ്, അണ്ടര്‍ സെക്രട്ടറി ആഇശ മുബാറക് ബൂഉനുഖ്, മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സാംക്രമിക രോഗങ്ങളുയര്‍ത്തുന്ന ഭീഷണികളെക്കുറിച്ചും അവ തടയുന്നതിനുള്ള ഫലപ്രദമായ രീതികളെക്കുറിച്ചും ചര്‍ച്ച നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ 35 പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. 19 പ്രബന്ധങ്ങള്‍ ബഹ്‌റൈനില്‍ നിന്നുള്ളതാണ്.
ആരോഗ്യ മേഖലയില്‍ നിരന്തര പരിശീലനം നല്‍കി ചികിത്സ മെച്ചപ്പെടുത്തുന്നതിനാണ് ബഹ്‌റൈന്‍ ഊന്നല്‍ നല്‍കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യവെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. വിവിധ രംഗങ്ങളിലെ വിദഗ്ധരുടെ അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തുകയും സാംക്രമിക രോഗ ചികിത്സാമേഖലയില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തുകയും ചെയ്യുന്നതില്‍ ആരോഗ്യ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ട്. ലോകത്തിന് ഭീഷണി ഉയര്‍ത്തുന്ന പല വൈറസുകളും പ്രതിരോധിക്കുന്നതിന് ബഹ്‌റൈന് സാധിച്ചിട്ടുണ്ട്. ചികിത്സ മേഖലയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രായോഗികമാക്കാനും ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുവെന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ഫാര്‍മസിസ്റ്റുകള്‍ എന്നിവര്‍ക്ക് സമ്മേളനം പുതിയ അറിവുകൾ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
