ഒ.ഐ.സി.സി ജില്ലാ കമ്മിറ്റി പാലക്കാട് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈന്‍ ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി ഈദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ഫെസ്റ്റ് സംഘടിപ്പിച്ചു. അദ്ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സിദ്ദീഖ് അഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാപ്രസിഡന്‍റ് ജോജി ലാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് സ്വാഗതം പറഞ്ഞു. സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
മലയാളികള്‍ ഒന്നടങ്കം തങ്ങളുടേതെന്ന് വിശ്വസിക്കുകയും ആഘോഷിക്കുകയും ചെയ്തുവന്ന ഓണത്തെ പോലും മതത്തിന്‍െറ ഭാഗമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓണം ആഘോഷിക്കുകയെന്നത് മുഴുവന്‍ മലയാളികളുടെയും ബാധ്യതയായി മാറിയിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. മതത്തിന്‍െറ പേരില്‍ ആളുകളെ വേര്‍തിരിക്കുകയും ആഘോഷങ്ങള്‍ക്ക് പോലും അതിരുകള്‍ നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിന്‍െറ ആശയങ്ങള്‍ സ്വീകരിക്കുകയെന്നത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്. വര്‍ഗീയതയും തീവ്രവാദവും രാജ്യത്ത് വര്‍ധിച്ചുവരുമ്പോള്‍ ഇത് രണ്ടിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിന്‍െറ ഭാഗമാവുക എന്നത് അഭിമാനം നല്‍കുന്ന കാര്യമാണ്. പാകിസ്താന്‍െറ പിന്തുണയോടെ കശ്മീരില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളുടെ പേരില്‍ മന്‍മോഹന്‍ സിങിനെ ‘പാവപ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ചവര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തെകുറിച്ച് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ അതിന്‍െറ ഗുണം ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം എന്നത് വ്യക്തികളുടെ അവകാശങ്ങളില്‍ പെട്ടതാണെന്നും അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാകില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ഫെസ്റ്റിന്‍െറ ഭാഗമായി മികച്ച സംരംഭകനുള്ള അവാര്‍ഡ് അമാദ് ഗ്രൂപ്പ് എം.ഡി. പമ്പാവാസന്‍ നായര്‍ക്ക് ഷാഫി പറമ്പില്‍ കൈമാറി. മികച്ച കലാകാരനുള്ള പുരസ്കാരം ഗായകന്‍ യൂസഫ് കാരക്കാടും വിദ്യാര്‍ഥിക്കുള്ള പുരസ്കാരം വൈഷ്ണവ് ഉണ്ണിയും എം.എല്‍.എയില്‍ നിന്ന് ഏറ്റു വാങ്ങി. മുതിര്‍ന്ന പാലക്കാട് പ്രവാസിയായ എം. പി.രഘുവിനെ ഷാഫി പറമ്പില്‍ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് യൂസഫ് കാരക്കാടും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും ഉണ്ടായിരുന്നു.
ഐ.എന്‍.ടി.യു.സി പാലക്കാട് ജില്ലാ സെക്രട്ടറി തമ്പി കൊള്ളന്നൂര്‍, ഒ.ഐ.സി.സി ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്‍റ് ബിനു കുന്നന്താനം, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഒ.ഐ.സി.സി.ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി, അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒ.ഐ.സി.സി. നേതാക്കളായ വി.കെ.സെയ്ദാലി, സന്തോഷ് കാപ്പില്‍, കെ.സി ഫിലിപ്പ്, ബോബി പാറയില്‍,രാമനാഥന്‍, ഗഫൂര്‍ ഉണ്ണികുളം, ലത്തീഫ് ആയഞ്ചേരി, നാസര്‍ മഞ്ചേരി, രവി കണ്ണൂര്‍, അനസ്, രതീഷ്, ഷഫീഖ്, ബഹ്റൈനിലെ സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന എസ്.എം.അബ്ദുല്‍ വാഹിദ്, ഗഫൂര്‍ കൈപ്പമംഗലം, ജ്യോതി മേനോന്‍, കെ.ആര്‍.ഉണ്ണി തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജില്ലാ സെക്രട്ടറി ഷാജി ജോര്‍ജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
