വീട്ടുജോലിക്കാര്‍ ഉല്‍പന്നങ്ങളെന്ന നിലയിലുള്ള പരസ്യത്തിനെതിരെ പ്രതിഷേധം
text_fieldsമനാമ: വീട്ടുജോലിക്കാരെ ‘വന്‍ ഓഫറില്‍’ ലഭ്യമാണെന്ന തരത്തില്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കിയ മാന്‍പവര്‍ ഏജന്‍സിക്കെതിരെ പ്രതിഷേധം. കെനിയ, ഇത്യോപിയ രാജ്യക്കാര്‍ക്കായാണ് മോശം രീതിയില്‍ പരസ്യം നല്‍കിയത്. ‘ഈദിന് മികച്ച ഓഫര്‍’ എന്നാണ് ഒരു പരസ്യത്തില്‍ പറയുന്നത്. മറ്റൊരു പരസ്യത്തില്‍, ‘ഏറ്റവും കുറഞ്ഞ നിരക്കില്‍ വീട്ടുജോലിക്കാരെ ലഭിക്കും’എന്നും പറയുന്നു.
കമ്പനിയുടെ ഫേസ്ബുക് പേജില്‍ വന്ന പരസ്യത്തില്‍ സൗജന്യമായി രണ്ടുവര്‍ഷത്തേക്ക് ‘റണ്‍എവെ ഇന്‍ഷൂറന്‍സ്’ നല്‍കുമെന്നുമുണ്ട്. വീട്ടുജോലിക്കാരെ ഉപഭോഗവസ്തുക്കള്‍പോലെയാണ് പരസ്യത്തില്‍ വിശേഷിപ്പിക്കുന്നതെന്ന് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ആരോപിച്ചു.
ഇത്തരം വിശേഷണങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ളെന്ന് അവര്‍ വ്യക്തമാക്കി. അടിമത്ത കാലത്തേക്കുള്ള മടക്കയാത്ര പോലെയാണ് ഇത്തരം പരസ്യങ്ങളെന്ന് ചിലര്‍ അഭിപ്രായപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ബഹ്റൈനെപോലുള്ള ഒരു രാജ്യത്തും, ലോകത്തെവിടെയും ഇത് അംഗീകരിക്കാനാകില്ല.
ഇതൊരു തൊഴില്‍ റിക്രൂട്ട്മെന്‍റ് പരസ്യം മാത്രമായി കാണാന്‍ സാധിക്കില്ളെന്ന് മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ചെയര്‍പേഴ്സണ്‍ മരിയറ്റ ഡയസ് അഭിപ്രായപ്പെട്ടു. ഇത് സ്ത്രീകളുടെ അന്തസിനെയും വീട്ടുജോലിക്കാര്‍ എന്ന വിഭാഗത്തിനെയും കളങ്കപ്പെടുത്തുന്നതാണ്. തൊഴിലാളികളെ ഉല്‍പന്നങ്ങളെപ്പോലെ അവതരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു. ‘പ്രവാസി തൊഴിലാളികള്‍ മനുഷ്യരാണ്; ഉല്‍പന്നങ്ങളല്ല’ എന്നതാണ് മൈഗ്രന്‍റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ പുതിയ കാമ്പയിനിന്‍െറ നോട്ടീസിലെ തലക്കെട്ട്. പരസ്യത്തിലെ ‘ഇന്‍ഷൂറന്‍സ് ഗാരണ്ടി’ പുതിയ സംഭവമാണ്. തൊഴിലാളികള്‍ വിട്ടുപോയാല്‍ കമ്പനി പണം നല്‍കുമോ എന്ന കാര്യം അറിയേണ്ടതുണ്ട്.
വെറും 499 മുതല്‍ 699 ദിനാര്‍ വരെ മുടക്കി വീട്ടുജോലിക്കാരെ വെക്കാം എന്നാണ് പരസ്യത്തില്‍ പറയുന്നത്. ഈ തുക ഏജന്‍സിക്ക് നല്‍കേണ്ടതാണ്. ഈ പരസ്യത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ച് പരസ്യം ചെയ്യുന്നത് നിയമം വിലക്കുന്നില്ല. എന്നാല്‍, സ്ത്രീകളെ ഉല്‍പന്നങ്ങള്‍ എന്ന നിലയില്‍ അവതരിപ്പിക്കുന്നത് നിയമവിരുദ്ധം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരസ്യത്തിനെതിരെ നടപടി സ്വീകരിക്കുന്നത് എല്‍.എം.ആര്‍.എ അധികൃതരും പരിഗണിച്ചേക്കും. ‘റണ്‍എവെ ഇന്‍ഷൂറന്‍സ്’ എന്ന കാര്യം കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദൂസരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
