മേളം ആവേശമായി; താളപ്പെരുക്കത്തില്‍ ഇളകിമറിഞ്ഞ് ജനം
text_fieldsമനാമ: കേരളീയ സമാജത്തില്‍ നടന്ന മേളോത്സവം കേരളീയ വാദ്യകലാലോകത്തിന്‍െറ സൗന്ദര്യം അടുത്തറിയാനുള്ള അപൂര്‍വ അവസരമായി. ഒന്നാം ദിവസം പ്രശസ്ത മേളവിദ്വാന്‍ പെരുവനം കുട്ടന്‍ മാരാരും സംഘവും പാണ്ടിമേളത്തില്‍ കൊട്ടിക്കയറി. അസുരവാദ്യമെന്നറിയപ്പെടുന്ന ചെണ്ടയില്‍ കൊട്ട് മുറുകുന്നതനുസരിച്ച് ആസ്വാദകരുടെ കൈകള്‍ അന്തരീക്ഷത്തില്‍ ഉയരുന്നത് കാണാമായിരുന്നു. മേളക്കാര്‍ക്കൊപ്പം കുറുങ്കുഴല്‍ വായനക്കാര്‍കൂടി ചേര്‍ന്നപ്പോള്‍ എല്ലാം മറന്നുള്ള ആവേശമാണ് പ്രകടമായത്. രണ്ടു മണിക്കൂറോളം ഇത് നീണ്ടു.
വാദ്യകലാ പ്രതിഭകളെ ആദരിക്കുന്നതിനായി ബഹ്റൈനിലെ പ്രവാസി വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ ‘സോപാനം വാദ്യകലാസംഘം’ ഏര്‍പ്പെടുത്തിയ പ്രഥമ തൗര്യത്രികം പുരസ്കാരം സദനം വാസുദേവന് മേളോത്സവം വേദിയില്‍ വെച്ച് നല്‍കി. പെരുവനം കുട്ടന്‍മാരാരാണ് പുരസ്കാരം നല്‍കിയത്. സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണ പിള്ള അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സോപാനം വാദ്യകലാ സംഘത്തിന് വേണ്ടി അനില്‍ കുമാറും അദ്ദേഹത്തെ പൊന്നാട അണിയിച്ചു. കാഞ്ഞിലിശ്ശേരി പദ്മനാഭനാണ് പ്രശംസാപത്രം സദനം വാസുദേവന് കൈമാറിയത്. ശില്‍പവും പ്രശംസാപത്രവും 50001രൂപയും അടങ്ങുന്നതാണ് പുരസ്കാരം. രാജീവ് വെള്ളിക്കോത്തിന്‍െറ കഥകളി സംഗീതവും അരങ്ങേറി.
മേളോത്സവത്തിന്‍െറ രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും അവതരിപ്പിച്ച പഞ്ചവാദ്യം അരങ്ങേറി. നാട്ടിലെ പ്രമുഖ പൂരങ്ങളിലെ മുന്‍നിരക്കാരുടെ സാന്നിധ്യം പഞ്ചവാദ്യത്തിന് പകിട്ടേറി.
തിമിലക്കാര്‍ക്കും ഇലത്താളക്കാര്‍ക്കുമൊപ്പം ചെറുതാഴം ഗോപാലകൃഷ്ണന്‍ (മദ്ദളം), മച്ചാട് സുബ്രഹ്മണ്യന്‍ (കൊമ്പ്), ചൊവ്വല്ലൂര്‍ മോഹനന്‍, സന്തോഷ് കൈലാസ് (ഇടക്ക) തുടങ്ങിയവരും ചേര്‍ന്നു.
വൈകീട്ട് കാഞ്ഞിലശ്ശേരി റിജിലും സദനം രാജേഷും സംഘവും ചേര്‍ന്ന് തായമ്പകയും മച്ചാട് സുബ്രഹ്മണ്യനും സംഘവും നടത്തിയ കൊമ്പുപറ്റും കീഴൂട്ട് നന്ദനും സംഘവും അവതരിപ്പിച്ച കുഴല്‍പറ്റും നടന്നു.
ഭരത്ശ്രീ രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ 101 നര്‍ത്തകിമാര്‍ അണിനിരന്ന ഗുരുവന്ദനം, പെരുവനം കുട്ടന്‍മാരും നൂറോളം വാദ്യകലാകാരന്മാരും ചേര്‍ന്നൊരുക്കിയ ശതപഞ്ചാരി മേളം എന്നിവയും നടന്നു.
ഇന്ത്യക്ക് പുറത്ത് ഇത്രയുംപേര്‍ അണിനിരക്കുന്ന പഞ്ചാരി നടക്കുന്നത് ആദ്യമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
