അന്താരാഷ്ട്ര ആരോഗ്യ സമ്മേളനം ബഹ്റൈനില്‍
text_fieldsമനാമ: അന്താരാഷ്ട്ര മാതൃകാ ആരോഗ്യ സമ്മേളനം നവംബറില്‍ ബഹ്റൈനില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വൈദ്യുതി-ജല കാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സയുടെ രക്ഷാധികാരത്തിലാണ് സമ്മേളനം. ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് എക്സിബിഷനും ഒരുക്കും. ‘ബഹ്റൈന്‍ പ്രൊഫഷനല്‍ ഡോക്ടേഴ്സ് ഓര്‍ഗനൈസേഷന്‍’ ആണ് സംഘാടകര്‍.
‘ബാപ്കോ’, ‘ഗാംകോ’ എന്നീ കമ്പനികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനം നവംബര്‍ 23, 24 തിയതികളിലാണ് നടക്കുക. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഡോക്ടര്‍മാരുടെയും ആരോഗ്യ മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ എല്ലാ മേഖലയിലുടെയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ പറഞ്ഞു. ബഹ്റൈനിലെ ആരോഗ്യ-ചികിത്സാ സേവനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്.
രോഗികള്‍ക്കൊപ്പം അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും ആരോഗ്യം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമ്മേളനം അക്കാര്യത്തിനും ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ-സുരക്ഷാ സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതിന് വിവിധ സ്ഥാപനങ്ങളും സംഘടനകളുമായി സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.