കഴിഞ്ഞത് ഓണസദ്യകളുടെ വെള്ളിയാഴ്ച
text_fieldsമനാമ: ബഹ്റൈനിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പലയിടങ്ങളിലായി ഓണസദ്യ നടന്നു. എല്ലായിടത്തും വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. പലമേഖലകളിലും പരമ്പരാഗത മലയാളി വേഷമണിഞ്ഞവരുടെ സാന്നിധ്യം അനുഭവപ്പെട്ടു.
ബഹ്റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ അദ്ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന സദ്യയില്‍ 1500ഓളം പേര്‍ പങ്കെടുത്തു. ‘മാവേലി എഴുന്നള്ളത്തി’ നും താലപ്പൊലിക്കും ശേഷം നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്‍റ് മഹേഷ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഷെറീഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. സി.വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യം തന്നെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്ന കാലത്തെ ഓണാഘോഷത്തിന് വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധാര്‍മിക വിജയത്തിന്‍െറ ആഘോഷമാണ് ഓണം. ലോകത്തെവിടെയും പരാജിതര്‍ക്കുവേണ്ടി ആഘോഷമില്ല. പരാജിതനോടൊപ്പം നില്‍ക്കുന്ന ആഘോഷമാണ് ഓണം. അതില്‍ ജാതി-മത ഭേദമില്ല. ആ സങ്കല്‍പത്തെ അട്ടിമറിക്കാനാണ് മാവേലിക്കുപകരം വാമനന്‍ എന്ന ആശയവുമായി ചിലര്‍ രംഗത്തുവരുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ സതീന്ദ്രന്‍ നന്ദി രേഖപ്പെടുത്തി. ഉണ്ണിനായര്‍ (ഫക്രൂ ഇലക്ട്രോണിക്സ്), ബാബുരാജന്‍ (ഖത്തര്‍ എന്‍ജിനിയറിങ്), കാള്‍ട്ടണ്‍ രാഘവന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

സതീശന്‍ ഇരിങ്ങലിന്‍െറ നേതൃത്വത്തിലാണ് 23 ഇനങ്ങളുള്ള സദ്യ ഒരുക്കിയത്. 12മണിക്ക് തുടങ്ങിയ സദ്യ നാലുമണിയോടെയാണ് അവസാനിച്ചത്. പൂക്കളമൊരുക്കാന്‍ ഹീര ജോസഫ്, ആല്‍ബര്‍ട്ട് ആന്‍റണി എന്നിവര്‍ നേതൃത്വം നല്‍കി. ബഹ്റൈനിലെ വിവിധ സംഘടനാപ്രതിനിധികളും നേതാക്കളും ഓണസദ്യയില്‍ പങ്കുചേര്‍ന്നു.
കേരളീയ സമാജത്തില്‍ കേരള സോഷ്യന്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍ (എന്‍.എസ്.എസ്) നേതൃത്വത്തില്‍ നടന്ന ഓണസദ്യയില്‍ 2,500 ഓളം പേര്‍ പങ്കെടുത്തു. പ്രസിഡന്‍റ് സുനില്‍ എസ്. പിള്ള അധ്യക്ഷനായ ചടങ്ങ് അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവീണ്‍ നായര്‍ സ്വാഗതം പറഞ്ഞു. ശ്രീഭദ്ര ജയന്‍െറ നേതൃത്വത്തില്‍ ഓണാട്ടുകരയുടെ തനതുരീതിയിലുള്ള സദ്യയാണ് ഒരുക്കിയത്. 33 ഇനം വിഭവങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ എന്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ ‘ദമ്പതി തായമ്പക’യും നടന്നു. ഹരീഷ് മാരാരും ഭാര്യ ഡോ.നന്ദിനി വര്‍മയുമാണ് തായമ്പക അവതരിപ്പിച്ചത്.

ഇന്ത്യന്‍ ക്ളബില്‍ നടന്ന ഓണസദ്യയില്‍ 2500ഓളം പേര്‍ പങ്കെടുത്തു. അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്തു. അജിത് വാര്യര്‍, നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നാണ് സദ്യ ഒരുക്കിയത്. ജനറല്‍ കോഓഡിനേറ്റര്‍ രാമനുണ്ണി കോട്ടൂര്‍, ഗിരീഷ്, തുളസീധരന്‍ പിള്ള, സിറാജുദ്ദീന്‍,ക്ളബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാലത്ത് 11മണിക്ക് ആരംഭിച്ച സദ്യ മൂന്ന് മണിവരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
