സ്വദേശിവത്കരണം: നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി വരുന്നു
text_fieldsമനാമ: സ്ഥാപനങ്ങളില്‍ മതിയായ സ്വദേശിവത്കരണം നടപ്പാക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ലേബര്‍ മാര്‍കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അധികൃതര്‍ വ്യക്തമാക്കി.
നാല് വിദേശ തൊഴിലാളികളെ നിയമിക്കുമ്പോള്‍ ഒരു ബഹ്റൈനിക്ക് ജോലി നല്‍കണമെന്ന നിയമം നിരന്തരം ലംഘിക്കപ്പെടുകയാണെന്ന് എല്‍.എം.ആര്‍.എ മേധാവി ഉസാമ അബ്ദുല്ല അല്‍ അബ്സി പറഞ്ഞു. സനാബിസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലര്‍ വെറുതെ ബഹ്റൈനികളുടെ പേര് ശമ്പളപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെങ്കില്‍, മറ്റുചിലര്‍ മതിയായ തോതില്‍ പ്രവാസികളെ നിയമിക്കാനുള്ള അനുമതി ലഭിച്ച ശേഷം സ്വദേശികളെ പിരിച്ചുവിടുന്നു. ഈ സാഹചര്യത്തിലാണ് അനുപാതം മറികടന്നുള്ള പ്രവാസി തൊഴിലാളി നിയമനത്തിന് 300 ദിനാര്‍ വീതം ഫീസ് ഈടാക്കാനുള്ള നിയമം പ്രാബല്യത്തില്‍ വന്നത്.
കഴിഞ്ഞ 20 വര്‍ഷമായി എല്‍.എം.ആര്‍.എയും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സര്‍ക്കാറും സ്വദേശിവത്കരണ ശ്രമങ്ങള്‍ തുടരുകയാണ്. ബഹ്റൈനി പൗരന്‍മാര്‍ക്ക് ജോലി നല്‍കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ വര്‍ഷം അവസാനത്തോടെ തൊഴില്‍ പരിശോധനയില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. സ്വദേശിവത്കരണ ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ നിയമലംഘകര്‍ക്ക് പിഴയുണ്ടായിരുന്നില്ല.പ്രവാസി തൊഴിലാളികള്‍ക്കുള്ള വര്‍ക് പെര്‍മിറ്റ് ലഭിക്കാനായി വെറുതെ ബഹ്റൈനികളെ നിയമിച്ചെന്ന രേഖയുണ്ടാക്കുകയാണ് പലരും ചെയ്യുന്നത്.
എന്നാല്‍ പുതിയ നിയമപ്രകാശം നിയമം പാലിക്കാത്തവര്‍ക്ക് പിഴ ഉറപ്പാണ്. ഇത് പഴുതുകള്‍ ദുരുപയോഗം ചെയ്യുന്നവരെ തടയുന്ന സംവിധാനമാണ്. സ്വദേശിവത്കരണം നടപ്പാക്കാത്തവര്‍ക്ക് ഇനിമുതല്‍ വര്‍ക് പെര്‍മിറ്റ് ഉണ്ടാകില്ല. നിയമം പൂര്‍ണമായി പാലിക്കുന്നവര്‍ക്ക് മാത്രമേ വര്‍ക് പെര്‍മിറ്റ് പുതുക്കി നല്‍കൂ. നിയമം നടപ്പാക്കാനായി എല്ലാ മാര്‍ഗവും എല്‍.എം.ആര്‍.എ സ്വീകരിക്കും.
രേഖയില്‍ പേരുള്ള ബഹ്റൈനികള്‍ യഥാര്‍ഥ ജീവനക്കാരാണ് എന്ന് ഉറപ്പാക്കും. കൂടുതല്‍ പരിശോധനകള്‍ വഴി കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. ഒരു വര്‍ഷം വരെ ഇക്കാര്യത്തില്‍ മുന്നറിയിപ്പുസമയം ആയിരിക്കും.
2017 ഏപ്രില്‍ മുതല്‍ മതിയായ രീതിയില്‍ സ്വദേശിവത്കരണം നടപ്പാക്കാത്താവരുടെ പെര്‍മിറ്റ് ഒരുകാരണവശാലും പുതുക്കില്ല.
പ്രത്യേക സാഹചര്യത്തില്‍ പൊടുന്നനെ സ്വദേശിയായ തൊഴിലാളി രാജിവെച്ചുപോയാല്‍ ഉണ്ടാകുന്ന സ്വദേശി ജീവനക്കാരുടെ കുറവും മറ്റും എല്‍.എം.ആര്‍.എ പരിഗണിക്കും. ഈ ഒഴിവിലേക്ക് പുതിയ ആളെ കണ്ടത്തൊന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ സ്വദേശികളെ നിയമിച്ചതിനും ഇവര്‍ക്ക് ശമ്പളം നല്‍കിയതിനും ജോലി ചെയ്തതിനും രേഖകളില്ളെങ്കില്‍ പിഴ ചുമത്തും.
കൂടുതല്‍ ബഹ്റൈനികളെ നിയമിച്ചില്ളെങ്കില്‍ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുമെന്നതിനാല്‍, ഇക്കാര്യത്തിലുണ്ടാകുന്ന സമ്മര്‍ദവും സ്വദേശിവത്കരണത്തിന് അനുകൂലമാകും. ആവശ്യമെങ്കില്‍, തുകയില്‍ മാറ്റം വരുത്തുമെന്നും ഉസാമ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
