വാഹനമിടിച്ച് നിര്‍ത്താതെ പോകുന്ന സംഭവങ്ങളില്‍ ഇരകള്‍ക്ക് ധനസഹായം ലഭിക്കാന്‍ പുതിയ പദ്ധതി
text_fieldsമനാമ: വാഹനമിടിച്ച് നിര്‍ത്താതെ പോകുന്ന സംഭവങ്ങളിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസമേകുന്ന പദ്ധതിയുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (സി.ബി.ബി.)രംഗത്ത്. ബഹ്റൈനികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് പദ്ധതി.പ്രവാസികള്‍ മതിയായ രേഖകളുള്ളവരാകണമെന്ന് മാത്രം. സന്ദര്‍കരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിപ്ളോമാറ്റിക് ഏരിയയിലുള്ള സി.ബി.ബി.ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ശൈഖ് നാസിര്‍ ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫയും സന്നിഹിതനായിരുന്നു.
പുതിയ പദ്ധതി പ്രകാരം ഇത്തരം കേസുകളില്‍ മരണം സംഭവിക്കുകയോ പൂര്‍ണമായി ചലനശേഷി നഷ്ടപ്പെടുകയോ ചെയ്താല്‍ ഇരക്കോ കുടുംബത്തിനോ 10,000 ദിനാര്‍ ലഭിക്കും. ഭാഗികമായി അംഗപരിമിതനാവുകയോ ചലനശേഷി നഷ്ടപ്പെടുകയോ ചെയ്താല്‍ 1,000 ദിനാറും മറ്റു സംഭവങ്ങളില്‍ 500 ദിനാറും നഷ്ടപരിഹാരമായി ലഭിക്കും.
വാഹനം ഇടിച്ച് നിര്‍ത്താതെ പോയ കേസുകളില്‍ ഇരകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് സി.ബി.ബി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ ബക്കര്‍ പറഞ്ഞു. സാമ്പ്രദായിക മോട്ടോര്‍ ഇന്‍ഷൂറന്‍സ് പോളിസി പ്രകാരം കുറ്റംചെയ്തയാള്‍ കടന്നുകളഞ്ഞാല്‍ അപകടം പറ്റിയ ആള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത ഇന്‍ഷൂറന്‍സ് കമ്പനിക്കില്ല. ഇത്തരം സാഹചര്യങ്ങളിലാണ് പുതിയ പദ്ധതി തുണയാവുക.
നിലവില്‍, വാഹനം ഇടിച്ച് നിര്‍ത്താതെ പോയ കേസുകളില്‍ പരിക്കുപറ്റിയവര്‍ക്ക് സൗജന്യമായി അടിയന്തര ചികിത്സ ലഭിക്കും. ഗുരുതരമായി പരിക്കേറ്റാല്‍ അവര്‍ക്ക് അംഗപരിമിത ആനുകൂല്യത്തിനായി അപേക്ഷിക്കുകയും ചെയ്യാം. എന്നാല്‍ ഒരുമിച്ച് വലിയൊരു തുക കിട്ടാനുള്ള സംവിധാനം നിലവിലില്ല. ബഹ്റൈന്‍ ഇന്‍ഷൂറന്‍സ് അസോസിയേഷന്‍ (ബി.ഐ.എ) ആണ് ഫണ്ടിന് തുടക്കം കുറിക്കുന്നത്. സി.ബി.ബി.ലൈസന്‍സ് നല്‍കിയ ഇന്‍ഷൂറന്‍സ് കമ്പനികളുടെ പിന്തുണയും ഇതിനുണ്ട്. ഇന്‍ഷൂര്‍ ചെയ്ത എല്ലാ വാഹനങ്ങളുടെയും മൊത്തം പ്രീമിയത്തിന്‍െറ ഒരു ശതമാനം ഇതിനായി മാറ്റിവക്കും. സ്വകാര്യമേഖലയുടെ സഹായവും തേടും.
അല്‍ ബക്കര്‍ അധ്യക്ഷനായ ഒരു സമിതിയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുക. ഇതില്‍ ബി.ഐ.എ പ്രതിനിധികള്‍ ഉണ്ടാകും. പുറമെ, ട്രാഫിക് അധികൃതരെയും ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്നുള്ള സ്വതന്ത്ര അംഗങ്ങളെയും ഉള്‍പ്പെടുത്തും.
ഇരകള്‍ക്ക് ഒരു മാസത്തിനകം തുക ലഭിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി മതിയായ രേഖകള്‍ സമര്‍പ്പിക്കണം. ട്രാഫിക് പൊലീസ് റിപ്പോര്‍ട്ട്, മെഡിക്കല്‍ റിപ്പോര്‍ട്ട്, മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് സമര്‍പ്പിക്കേണ്ടത്.
പുതിയ നീക്കം ബഹ്റൈനികള്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ശൈഖ് നാസിര്‍ പറഞ്ഞു. ഇരകള്‍ക്ക് മാനുഷിക പരിഗണന ലഭിക്കുന്നതിന് പുതിയ നീക്കം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിലെ നിയമവ്യവഹാരം തീരാന്‍ കാലതാമസമെടുക്കാറുണ്ട്.
പുതിയ ഫണ്ട് വരുന്നതോടെ, ഇരകള്‍ക്ക് പെട്ടെന്ന് ധനസഹായം ലഭിക്കാനിടയാകും. ഓരോ അപേക്ഷയും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാകും ബോര്‍ഡ് ധനസഹായം അനുവദിക്കുക. ബഹ്റൈനില്‍ നടന്ന അപകടങ്ങള്‍ മാത്രമേ ഇതിന്‍െറ പരിതിയില്‍ വരികയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
