സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ 42ാമത്
text_fieldsമനാമ: ലോകത്ത് ഏറ്റവുമധികം സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന് 42ാം സ്ഥാനം. മൊത്തം 157 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ബഹ്റൈന്‍ നില മെച്ചപ്പെടുത്തിയത്.
‘സസ്റ്റെയ്നബ്ള്‍ ഡെവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്വര്‍ക്കും (എസ്.ഡി.എസ്.എന്‍) കൊളംബിയ യൂനിവേഴ്സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
2013ല്‍ പുറത്തിറങ്ങിയ ‘വേള്‍ഡ് ഹാപ്പിനസ് ഇന്‍ഡക്സിലെ’ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹ്റൈന്‍ ഏറെ മുന്നോട്ടുപോയി. അന്ന് ബഹ്റൈന് 79ാം സ്ഥാനമാണ് ഉണ്ടായിരുന്നത്. സന്തോഷത്തിന്‍െറ കാര്യത്തില്‍ ഇറ്റലി, ജപ്പാന്‍, റഷ്യ, ഇന്ത്യ, തുര്‍ക്കി, ജോര്‍ഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ബഹ്റൈന്‍െറ പിന്നിലാണ്.
പ്രതിശീര്‍ഷ വരുമാനം, സാമൂഹിക പിന്തുണ, ആയുസ്സ്, സ്വാതന്ത്ര്യം,കാരുണ്യം, അഴിമതി രാഹിത്യം എന്നീ ആറുഘടകങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജി.സി.സിയില്‍ യു.എ.ഇ ആണ് ഒന്നാമത്. യു.എ.ഇക്ക് റിപ്പോര്‍ട്ടില്‍ 28ാം സ്ഥാനമാണുള്ളത്. 34ാം സ്ഥാനത്ത് സൗദി ഇടംപിടിച്ചു. ഖത്തര്‍ 36ാം സ്ഥാനത്തും കുവൈത്ത് 41ാം സ്ഥാനത്തുമാണുള്ളത്. 2012, 2013 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തുനിന്ന ഡെന്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം സ്വിറ്റ്സര്‍ലന്‍റിനു പിന്നിലായെങ്കിലും ഇത്തവണ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സമൂഹങ്ങളുടെ ആരോഗ്യം, ചടുലത എന്നീ കാര്യങ്ങള്‍ വ്യക്തികളുടെ സന്തോഷവുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2012ലാണ് ആദ്യറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജനങ്ങളുടെ സന്തോഷം സര്‍ക്കാര്‍ ഒരു നയമായി തന്നെ പരിഗണിക്കേണ്ട ആവശ്യകതയിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നാളെ യു.എന്‍ ലോകസന്തോഷദിനം ആചരിക്കുകയാണ്.ഇതിന്‍െറ മുന്നോടിയായി റോമിലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.
ഓരോ രാജ്യത്തെയും 3,000ലധികം പേരുടെ അഭിപ്രായമാണ് റിപ്പോര്‍ട്ട് തയാറാക്കിയവര്‍ തേടിയത്. ഭൂട്ടാന്‍, ഇക്വഡോര്‍,യു.എ.ഇ, വെനിസ്വേല എന്നിവിടങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ ആഹ്ളാദ നില മെച്ചപ്പെടുത്തനായി മന്ത്രിമാര്‍ തന്നെയുണ്ട്.
ഐസ്ലാന്‍റ്,നോര്‍വെ, ഫിന്‍ലാന്‍റ്, കാനഡ,നെതര്‍ലാന്‍റ്സ്, ന്യൂസിലാന്‍റ്, ആസ്ട്രേലിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആദ്യപത്തില്‍ ഇടം നേടിയത്. പടിഞ്ഞാറന്‍ യൂറോപ്പിലുള്ള ചെറുതും ഇടത്തരം വലിപ്പമുള്ളതുമായ ഏഴ് രാജ്യങ്ങളാണ് ഇതില്‍ പെട്ടത്. ജനങ്ങള്‍ ഏറ്റവുമധികം കഷ്ടപ്പെട്ട്, ആഹ്ളാദരഹിതമായി ജീവിക്കുന്ന രാജ്യം ബുറുണ്ടിയാണ്. പിന്നാലെ സിറിയ, ടോഗോ, അഫ്ഗാനിസ്ഥാന്‍, ബെനില്‍, റുവാണ്ട, ഗിനിയ, ലൈബീരിയ, ടാന്‍സാനിയ, മഡഗാസ്കര്‍ എന്നീ രാജ്യങ്ങളുണ്ട്. 2005 മുതല്‍ 2015 വരെയുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗ്രീസ് ആണ് ഏറ്റവുമധികം പിറകോട്ടുപോയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി, അഭയാര്‍ഥി പ്രവാഹം എന്നീ പ്രശ്നങ്ങളാണ് ഗ്രീസിനെ ഉലച്ചത്. അമേരിക്കയുടെ സ്ഥാനം 13ാമതാണ്.
തായ്ലന്‍റ്, ചൈന എന്നീ രാജ്യങ്ങളും കോമണ്‍വെല്‍ത്തിലെയും കിഴക്കന്‍ യൂറോപ്പിലേയും എട്ടുരാജ്യങ്ങളും ലാറ്റിന്‍ അമേരിക്കയിലെ ഏഴുരാജ്യങ്ങളും രണ്ട് സബ് സഹാറന്‍ രാജ്യങ്ങളും നില മെച്ചപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയിലും ആഹ്ളാദനില താഴാതെ ഐസ്ലന്‍റും അയര്‍ലന്‍റും മാതൃകയായി. ഇവിടെ ജനങ്ങള്‍ക്ക് വലിയ തോതില്‍ സാമൂഹിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
