സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കും –മന്ത്രിസഭ
text_fieldsമനാമ: വിവിധ മേഖലകളില്‍ ഉയര്‍ന്ന തസ്തികകളിലടക്കം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷത വഹിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഈ വര്‍ഷം അഞ്ച് എംപ്ളോയ്മെന്‍റ് എക്സിബിഷനുകള്‍ സംഘടിപ്പിക്കാനുള്ള തൊഴില്‍സാമൂഹിക ക്ഷേമ കാര്യ മന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ചു.
കഴിഞ്ഞ വര്‍ഷം നടത്തിയ നാല് പ്രദര്‍ശനങ്ങള്‍ വിജയകരമായിരുന്നുവെന്ന് വിലയിരുത്തി. എല്ലാ മേഖലകളില്‍ നിന്നുമുള്ള തൊഴില്‍ ദാതാക്കളെയും ഒരു കുടക്കീഴില്‍ അണിനിരത്തിയായിരിക്കും പ്രദര്‍ശനം നടത്തുക. വിവിധ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇത് നടപ്പാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ സഹായം തേടാമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി.
പുതുതായി മന്ത്രിസഭയിലേക്കുവന്ന ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹിയെയും പാര്‍ലമെന്‍റ്ശൂറാകൗണ്‍സില്‍ കാര്യ മന്ത്രി ഗാനിം ബിന്‍ ഫദ്ല്‍ ബൂഐനൈനെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇരുവര്‍ക്കും തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
മൂന്ന് പ്രധാന പദ്ധതികള്‍ വൈകിയത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയെ കാബിനറ്റ് ചുമതലപ്പെടുത്തി. കിങ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ്, മാലിന്യ സംസ്കരണം, ടെലികോം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ പദ്ധതികളാണ് നിശ്ചയിച്ച സമയത്തേക്കാള്‍ വൈകിയത്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറും. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇതിനായി കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സഭ ചര്‍ച്ചക്കെടുത്തു.
സുതാര്യത, മത്സരക്ഷമത, രാജ്യത്തിന്‍െറ ഭൂമി ഉപയോഗപ്പെടുത്തുന്നതില്‍ അവസര സമത്വം, ഇത്തരം ഭൂമിയുടെ ശരിയായ വിനിയോഗം, മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തല്‍ തുടങ്ങി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. രാജ്യത്തിന്‍െറയും വിവിധ കമ്പനികളുടെയും അധീനതയിലുള്ള ഭൂമിയില്‍ നിക്ഷേപ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിബന്ധനകളുണ്ടാക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി. ഭാവിയില്‍ ഭൂമി നിക്ഷേപ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പ്രസ്തുത നിയമമനുസരിച്ചായിരിക്കും.
സുരക്ഷിതവും പ്രോത്സാഹന ജനകവുമായ മത്സര നിയമം രൂപവത്കരിക്കുന്നതിനെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇത് പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. രാജ്യത്തെ സാമ്പത്തിക പുരോഗതിയും വളര്‍ച്ചയും പരിപോഷിപ്പിക്കുന്നതിന് ആരോഗ്യകരമായ മത്സരമുണ്ടാകേണ്ടതുണ്ടെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു. എന്നാല്‍ അതുവഴി മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന സ്ഥിതിയുണ്ടാകരുതെന്നും അഭിപ്രായമുയര്‍ന്നു.
ഉപഭോക്താക്കള്‍ക്ക് ദോഷകരമാകാത്തതും സാമ്പത്തികവ്യാപാര മേഖലയെ പുഷ്ടിപ്പെടുത്തുന്നതുമായ മത്സരങ്ങള്‍ നിയമപരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും അഭിപ്രായമയുയര്‍ന്നു.
ആലിയിലെയും മനാമയിലെയും സൈനുല്‍ ആബിദീന്‍ പള്ളി പൊളിച്ച് പണിയുന്നതിനുള്ള പാര്‍ലമെന്‍റ് നിര്‍ദേശത്തെക്കുറിച്ച് പഠിക്കുന്നതിന് മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും വിവിധ സേവനങ്ങള്‍ തേടിയത്തെുന്നവര്‍ക്ക് മുന്നിലുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന പാര്‍ലമെന്‍റ് നിര്‍ദേശവും കാബിനറ്റ് ചര്‍ച്ച ചെയ്തു. ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മന്ത്രിതല സമിതിയെ നിശ്ചയിക്കും. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
