ബഹ്റൈനിലെ അനധികൃത കുട്ടിച്ചാത്തന്‍ സേവാകേന്ദ്രം പൂട്ടി
text_fieldsമനാമ: ബഹ്റൈനില്‍ ഒരു സംഘം മലയാളികളുടെ നേതൃത്വത്തില്‍ നടന്നുവന്ന അനധികൃത കുട്ടിച്ചാത്തന്‍ സേവാകേന്ദ്രം നിര്‍ത്തലാക്കി. ഗുദൈബിയയില്‍ ഇന്ത്യന്‍ ക്ളബിനു സമീപമുള്ള ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് മാസങ്ങളായി കുട്ടിച്ചാത്തന്‍ സേവ നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇവിടുത്തെ ആരാധനാകേന്ദ്രം പൊളിക്കുകയാണുണ്ടായത്.
ബഹ്റൈനില്‍ ബിസിനസ് രംഗത്തുള്ള ഒരു പ്രമുഖ മലയാളിയുടെ നേതൃത്വത്തിലാണ് കുട്ടിച്ചാത്തന്‍ സേവക്കുള്ള സൗകര്യങ്ങളൊരുക്കിയത്. ഇയാള്‍ക്ക് ബിസിനസില്‍ ചില പ്രശ്നങ്ങളുണ്ടായപ്പോള്‍ അത് പരിഹരിക്കപ്പെട്ടത് തൃശൂരിലുള്ള ഒരു ചാത്തന്‍ സേവാകേന്ദ്രത്തില്‍ നിന്നാണെന്നും ഇതേ തുടര്‍ന്ന് ഇയാള്‍ ഇതിന്‍െറ ഉപകേന്ദ്രം എന്ന നിലക്ക് ബഹ്റൈനിലും സേവ തുടങ്ങുകയായിരുന്നെന്ന് പറയപ്പെടുന്നു.
ഇതിന്‍െറ പൂജക്കും മറ്റുമായി ഒരാളെ നാട്ടില്‍ നിന്ന് വിസ കൊടുത്ത് കൊണ്ടുവന്നിരുന്നു. ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിന്‍െറ ഒരു മുറിയിലാണ് സേവ നടന്നിരുന്നത്. കേന്ദ്രം അടച്ചതോടെ, ഇയാള്‍ മറ്റൊരിടത്ത് ജോലിക്ക് ചേര്‍ന്നതായാണ് വിവരം. സ്ഥിരം പൂജാരിക്കുപുറമെ മറ്റൊരു പ്രധാനി നാട്ടില്‍ നിന്ന് ഇടക്കിടെ വന്നുപോയിരുന്നു. ഇയാള്‍ ഇനിയും വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. എല്ലാ ദിവസവും പൂജയും ബുധന്‍,ശനി ദിവസങ്ങളില്‍ പ്രധാന വഴിപാടുകളുമാണ് നടന്നിരുന്നത്. മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന സവിശേഷ പൂജയില്‍ കലശത്തിനായി ഇടപാടുകാര്‍ കോഴിയും മദ്യവുമായാണ് എത്തിയിരുന്നത്.പൂജകള്‍ക്കുശേഷം കോഴിക്കറിയും ഭക്ഷണവും മദ്യസേവയും പതിവാക്കിയിരുന്നു. കോഴിയും മറ്റുമായി ആളുകള്‍ വന്നുപോകാന്‍ തുടങ്ങിയതോടെ ഇവിടുത്തെ മറ്റുതാമസക്കാര്‍ തന്നെ പരാതിപ്പെടാന്‍ ഒരുങ്ങുന്നതിനിടെയാണ് ആരാധന അവസാനിപ്പിച്ചത്. ബഹ്റൈനിലെ സാമൂഹിക രംഗത്തും മറ്റും സജീവമായ മലയാളികളെ ഉള്‍പ്പെടുത്തി കുട്ടിച്ചാത്തന്‍ സേവയുടെ പ്രചാരകര്‍ ‘വിഷ്ണുമായ’ എന്ന പേരില്‍ വാട്സ് ആപ് ഗ്രൂപ്പും നടത്തിയിരുന്നു. വാര്‍ത്ത വന്നതോടെ, ഈ ഗ്രൂപ്പും അപ്രത്യക്ഷമായി. ഇവിടെ ആരാധനക്കത്തെുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവിധ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും അവരെക്കൂടി ഇത്തരം പൂജകള്‍ക്കായി എത്തിക്കുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്നിരുന്നത്. പൂജ വഴി കൈവന്ന സൗഭാഗ്യങ്ങളെക്കുറിച്ചുള്ള കഥകളും പലരും പ്രചരിപ്പിച്ചു.
ബിസിനസ്-തൊഴില്‍ പ്രശ്നങ്ങള്‍, ശത്രു സംഹാരം, ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളുമായാണ് ആളുകള്‍ ഇവിടം സന്ദര്‍ശിച്ചിരുന്നത്.
കുട്ടിച്ചാത്തന്‍ സേവ പോലുള്ള ആരാധനകളും ആഭിചാരക്രിയകളും ബഹ്റൈനില്‍ നിയമവിരുദ്ധമാണ്. എന്നാല്‍, ഹിന്ദു ക്ഷേത്രങ്ങളും വിവിധ ക്രിസ്റ്റ്യന്‍ ചര്‍ച്ചുകളും നിയമവിധേയമായി തന്നെ ഇവിടെയുണ്ട്. അതിനിടെ, ചില മലയാളികളുടെ നേതൃത്വത്തില്‍ അദ്ലിയ, ബുദയ എന്നിവിടങ്ങളില്‍ രഹസ്യമായി ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. വീടുകേന്ദ്രീകരിച്ച് ഭജനയും മറ്റുമായി തുടങ്ങിയ ഇത്തരം ഇടങ്ങള്‍ പിന്നീട് വിപുലീകരിച്ചതായാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
