ശീഷ വഴിയുള്ള പുകവലി നിരവധി പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്ന് പഠനം
text_fieldsമനാമ: ശീഷ വഴിയുള്ള (ഹുക്ക) പുകവലി നിരവധി പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്ന് പഠനം. ശീഷ ഉപയോഗം സിഗരറ്റ്,പുകയില ഉപയോഗം പോലെ കാന്‍സറിന് കാരണമാകുമെന്ന പഠനങ്ങള്‍ നിരവധി വന്നതാണെങ്കിലും ക്ഷയം, ഹെപറ്റൈറ്റിസ്-ബി, ഹെപറ്റൈറ്റിസ്-സി പോലുള്ള അസുഖങ്ങള്‍ക്കും ഇത് കാരണമാകുമെന്നാണ് ആരോഗ്യമന്ത്രാലയം നടത്തിയ പഠനത്തില്‍ പറയുന്നത്. ഇതിന്‍െറ വിവരങ്ങള്‍ കഴിഞ്ഞ ദിവസം നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന് കൈമാറി. ശീഷയില്‍ ഉപയോഗിക്കുന്ന റബ്ബര്‍ ഹോസുകള്‍ വൃത്തിയാക്കാനും അണുമുക്തമാക്കാനും ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറഞ്ഞു. ഇത് വെറുതെ വെയിലത്തുവെക്കുകയാണ് പതിവ്. ഹോസ് വഴിയാണ് ഹെപറ്റൈറ്റിസ്-ബി,സി, ക്ഷയം പോലുള്ള അസുഖങ്ങള്‍ വരിക. ഇത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ സമയമെടുക്കും. റബ്ബര്‍ ഹോസുകള്‍ മാറ്റി പ്ളാസ്റ്റികിന്‍െറ ഡിസ്പോസിബിള്‍ ഹോസുകളാക്കാനുള്ള നിര്‍ദേശമുണ്ട്. എന്നാല്‍ ചൂടുതട്ടി പ്ളാസ്റ്റിക്കും രാസപ്രവര്‍ത്തനത്തിന് വിധേയമാകുമെന്നതിനാല്‍, ഇതും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അഭിപ്രായമുണ്ട്. നേരത്തെയും പ്ളാസ്റ്റിക് ഡിസ്പോസിബിള്‍ പൈപ്പുകള്‍ ഉപയോഗിക്കുന്നത് പരിഗണിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഉപേക്ഷിച്ചതാണ്. മാത്രവുമല്ല, ഇത് ശീഷയുടെ വിലയും കൂട്ടും. ഓരോ ഹോസിനും 500 ഫില്‍സ് എങ്കിലും നല്‍കേണ്ടി വരുമെന്നാണ് കണക്ക്. അല്‍ഖല്‍ദിയ യൂത്ത് സൊസൈറ്റി സമര്‍പ്പിച്ച ഡിസ്പോസിബിള്‍ ഹോസ് ഉപയോഗം സംബന്ധിച്ച നിര്‍ദേശം നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ തത്വത്തില്‍ അംഗീകരിച്ചെങ്കിലും ഇതു സംബന്ധിച്ച ചര്‍ച്ച രണ്ടാഴ്ചത്തേക്ക് മാറ്റിയതായി പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്‍െറ നിലപാട് അറിയാനാണിത്.
അതിനിടെ, നിയമപ്രകാരം പുകവലിക്കാനുള്ള പ്രായപരിധി 18ല്‍ നിന്ന് 25ആക്കാനുള്ള നിര്‍ദേശം കൗണ്‍സിലര്‍ ഹമദ് അദ്ദൂസരി മുന്നോട്ടുവച്ചു. ഈ നിര്‍ദേശം ആരോഗ്യ മന്ത്രാലയത്തിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.