റിഫ മദ്റസ കാമ്പസ് ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: ദാറുല്‍ ഈമാന്‍ മലയാള വിഭാഗം റിഫ മദ്റസയുടെ പുതിയ കാമ്പസ് ഉദ്ഘാടനം രാജകുടുംബാംഗം ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ നിര്‍വഹിച്ചു.
ദാറുല്‍ ഈമാന്‍ സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും ഖുര്‍ആന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്നേറാന്‍ ദാറുല്‍ ഈമാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍, കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് നടത്തിയ സംഗമത്തില്‍ ‘റമദാന്‍ ആത്മഹര്‍ഷത്തിന്‍െറ വസന്തം’ എന്ന വിഷയത്തില്‍ യുവ പണ്ഡിതനും പ്രഭാഷകനുമായ ശംസുദ്ദീന്‍ നദ്വി കോതമംഗലം മുഖ്യപ്രഭാഷണം നടത്തി.
റമദാനെ വര്‍ധിച്ച ആവേശത്തോടെ ഏറ്റുവാങ്ങാനും അതുവഴി പാപക്കറകള്‍ കഴുകി പുതിയ മനുഷ്യനാകാനും അദ്ദേഹം ആഹ്വാനം ചെയ്തു. ഒരുപാട് പ്രതീക്ഷകളുമായാണ് റമദാന്‍ കടന്നുവരുന്നത്. ഈ വേളയില്‍ സല്‍ക്കര്‍മങ്ങള്‍ വര്‍ധിപ്പിച്ചും തിന്മകളില്‍ നിന്ന് ഒഴിഞ്ഞുമാറിയും കഴിയണം. നോമ്പുകാലം ശരീരത്തെയും ആത്മാവിനെയും സ്പര്‍ശിക്കുന്നതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാനും പഠിക്കാനും പ്രാവര്‍ത്തികമാക്കാനുമുള്ള അവസരം കൂടിയാണിത്. അര്‍ഹരായവര്‍ക്ക് ദാനമായും സകാത്തായും സമ്പത്ത് വീതിച്ചുനല്‍കാന്‍ ഈ മാസം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ റിഫ മദ്റസ പ്രിന്‍സിപ്പല്‍ പി. എം അഷ് റഫ് സ്വാഗതവും ഫ്രന്‍റ്സ് എക്സിക്യൂട്ടീവ് അംഗം സി.എം മുഹമ്മദലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.