സനാബിസ് പ്രൈമറി ഗേള്‍സ് സ്കൂളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു
text_fieldsമനാമ: കെട്ടിടത്തിന്‍െറ സുരക്ഷയുമായി ബന്ധപ്പെട്ട് പൂട്ടിയ സനാബിസ് പ്രൈമറി ഗേള്‍സ് സ്കൂളിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഉത്തരവിട്ടു.
ഇതോടെ, ആഴ്ചകളായി നീണ്ട പ്രശ്നത്തിന് പരിഹാരമായി. ഉത്തരവിനെ വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് അല്‍ നുഐമി സ്വാഗതം ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രധാനമന്ത്രി നല്‍കി വരുന്ന പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഉത്തരവ് വന്നതോടെ, സെപ്റ്റംബറില്‍ പുതിയ അക്കാദമിക് വര്‍ഷം തുടങ്ങുന്ന വേളയില്‍ സനാബിസ് പ്രൈമറി ബോയ്സ് സ്കൂളിലെ 500 കുട്ടികളെ സമീപത്തുള്ള സ്കൂളുകളിലേക്ക് മാറ്റാനുള്ള പദ്ധതി വേണ്ടി വരില്ളെന്ന് കരുതുന്നു. രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സനാബിസ് ബോയ്സ് സ്കൂളിലെ കുട്ടികളെ വിവിധ സ്കൂളുകളിലേക്ക് പുനര്‍വിന്യസിക്കാനുള്ള തീരുമാനം മാറ്റിയേക്കുമെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സനാബിസ് പ്രൈമറി ഗേള്‍സ് സ്കൂളിന്‍െറ ശോച്യാവസ്ഥയും കെട്ടിടത്തിന്‍െറ സുരക്ഷിതത്വമില്ലായ്മയും മൂലം ഇത് പൂട്ടിയിരിക്കുകയാണ്. ഇവിടെ പഠിക്കുന്ന പെണ്‍കുട്ടികളെ താല്‍ക്കാലിക സംവിധാനമെന്ന് നിലക്ക് ബോയ്സ് സ്കൂളിലേക്ക് മാറ്റാനായിരുന്നു ആലോചന. അതോടെ, ഈ സ്കൂളിലെ ആണ്‍കുട്ടികള്‍ മാറേണ്ട അവസ്ഥ സംജാതമായിരുന്നു. ഈ തീരുമാനം വന്നതുമുതല്‍ രക്ഷിതാക്കള്‍ പ്രതിഷേധ പാതയിലാണ്. തിങ്കളാഴ്ച കാലത്തും കടുത്ത ചൂടിനെ അവഗണിച്ച് രണ്ട് സ്കൂളുകളിലേയും രക്ഷിതാക്കളും വിദ്യാര്‍ഥികളും മന്ത്രാലയത്തിന്‍െറ തീരുമാനത്തില്‍ പ്രതിഷേധവുമായി സംഘടിച്ചിരുന്നു. ബോയ്സ് സ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധം. ഏഴുദിവസത്തിനിടെ, മൂന്നാമത്തെ പ്രതിഷേധമാണ് നടന്നത്.
തുടര്‍ന്ന്, മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ ബോയ്സ് സ്കൂളിലെ കുട്ടികളുടെ പുനര്‍വിന്യാസം എന്ന തീരുമാനം പിന്‍വലിക്കാമെന്ന് വാക്കാല്‍ ഉറപ്പുലഭിച്ചതായി എം.പി ആദില്‍ ഹമീദ് പറഞ്ഞിരുന്നു. രക്ഷിതാക്കള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ സനാബിസ് ഇന്‍റര്‍മീഡിയറ്റ് ഗേള്‍സ് സ്കൂളിലേക്ക് മാറ്റാനോ രക്ഷിതാക്കള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മറ്റ് സ്കൂളുകള്‍ തെരഞ്ഞെടുക്കാനോ അവസരം നല്‍കാനോ ആലോചിച്ചിരുന്നു. ഇത്തരം അസന്ധിഗ്ധതകള്‍ക്കിടയിലാണ് പ്രധാനമന്ത്രിയുടെ ഉത്തരവുണ്ടായത്. സ്കൂള്‍ മാറ്റം സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചതെന്ന് എം.പി.പറഞ്ഞു. 200ലധികം പേര്‍ ഒപ്പിട്ട പരാതിയും ലഭിച്ചിരുന്നു. തുടര്‍ന്നാണ് എം.പി.മന്ത്രാലയ അധികൃതരുമായി ചര്‍ച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
