മനംമയക്കുന്ന പ്രകടനങ്ങളുമായി വ്യോമാഭ്യാസ സംഘങ്ങള്‍
text_fieldsമനാമ: മൂന്നുനാള്‍ നീണ്ട എയര്‍ഷോയില്‍ ഗാലറികളിലിരുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പൈലറ്റുമാര്‍ വാനില്‍ അഭ്യാസങ്ങള്‍ കാണിച്ചത്.സൗദി ഹ്വാക്സ്, യു.എ.ഇയുടെ അല്‍ ഫുര്‍സാന്‍ വ്യോമാഭ്യാസ സംഘങ്ങള്‍ ഷോയില്‍ ഉടനീളം തിളങ്ങി. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച ടീം ആണ് സൗദി ഹ്വാക്സ്.
ഹ്വാക് എം.കെ 65 ജെറ്റ് ട്രെയിനര്‍ എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്ന ടീം 1999ലാണ് അരങ്ങേറ്റം നടത്തിയത്. 2000 ഫെബ്രുവരിയില്‍ രാജ്യത്തിനുപുറത്തെ ആദ്യ പരിപാടി ബഹ്റൈനിലായിരുന്നു. തബൂക്കിലെ കിങ് ഫൈസല്‍ എയര്‍ ബേസിലെ 88 സ്ക്വാഡ്രന്‍െറ ഭാഗമാണ് ഈ ടീം.
ജെറ്റ് ഡിസ്പ്ളേ ടീമിന്‍െറ ഏറ്റവും വലിയ ആകാശ രചന റെക്കോര്‍ഡ് സൗദി ഹ്വാക്സിനാണ്. റിയാദിനു മുകളില്‍ സൗദിയുടെ പടുകൂറ്റന്‍ എംബ്ളം വരച്ചാണ് ഇവര്‍ റെക്കോര്‍ഡിട്ടത്.
2010ല്‍ രൂപീകൃതമായ അല്‍ ഫുര്‍സാന്‍ ടീം ഇറ്റാലിയന്‍ നിര്‍മ്മിതമായ ഏഴ് എയര്‍മാച്ചി എംബി 339 നാറ്റ് ജെറ്റ് എയര്‍ ക്രാഫ്റ്റുകളുമായാണ് വ്യോമാഭ്യാസങ്ങള്‍ നടത്തുന്നത്. ലഫ്. കേണല്‍ നാസര്‍ അല്‍ ഒബൈദിയുടെ നേതൃത്വത്തിലാണ് ടീം ബഹ്റൈനില്‍ പ്രദര്‍ശനം നടത്തിയത്.
സോളോ പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ യുദ്ധവിമാനമായ ‘തേജസ്’ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. നാലാം തലമുറ സൂപ്പര്‍ സോണിക്ക് വിമാനമായ ‘തേജസ്’ വേഗത്തിലും ശബ്ദത്തിലും വിസ്മയം തീര്‍ത്തു.
വ്യാഴാഴ്ച തുടങ്ങിയ എയര്‍ ഷോയില്‍ നിരവധി അഭ്യാസങ്ങളാണ് ‘തേജസ്’ നടത്തിയത്. ‘തേജസ്’ ഇന്ത്യക്ക് പുറത്ത് ആദ്യമായി പറക്കുന്നത് ബഹ്റൈന്‍ എയര്‍ ഷോയിലാണ്. രണ്ടു ‘തേജസ്’ വിമാനങ്ങള്‍ എയര്‍ഷോക്കായി ബഹ്റൈനിലത്തിയിരുന്നെങ്കിലും ഏകാംഗ പ്രദര്‍ശനമാണ് നടത്തിയത്.
ലൈറ്റ് കൊമ്പാറ്റ് എയര്‍ക്രാഫ്റ്റായ ‘തേജസ്’ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് നിര്‍മ്മിച്ചത്. ഉഗ്ര ശബ്ദത്തില്‍ പറന്നുമറയുന്ന ‘തേജസ്’ എയര്‍ ഷോയിലെ വേറിട്ട സാന്നിധ്യമായി.
ഹിന്ദുസ്ഥാന്‍ എയറനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച നാലു ‘ധ്രുവ്’ ഹെലികോപ്റ്ററുകളും എയര്‍ ഷോയിലുണ്ടായിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ‘ടീം സാരംഗാ’ണ് ‘ധ്രുവ്’ ഹെലികോപ്റ്ററുകളുമായി വാനില്‍ പ്രകടനം നടത്തിയത്. സാരംഗ് ടീമിന് ക്യാപ്റ്റന്‍ അനികേത് സന്തോഷ് അഭയങ്കാര്‍ നേതൃത്വം നല്‍കി. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കുപുറമേ ചിലി, യു.എ.ഇ, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവടങ്ങളിലും ഇന്ത്യന്‍ വ്യോമ സേനയിലെ ഏറ്റവും മുന്തിയ ആകാശ പോരാളികള്‍ എന്ന പ്രശസ്തിയാര്‍ജിച്ചിട്ടുള്ള ‘സാരംഗ്’ ധ്രുവ് ഹെലികോപ്റ്ററുകളുമായി പങ്കെടുത്തിട്ടുണ്ട്. നിരവധി രക്ഷാ പ്രവര്‍ത്തനങ്ങളിലും ധ്രുവ് കോപ്റ്ററുകള്‍ സജീവമായിരുന്നു. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) എയര്‍ ഷോയില്‍ നിറഞ്ഞു നിന്നു.
ഡി.ആര്‍.ഡി.ഒ കൊച്ചി കേന്ദ്രത്തില്‍ രൂപകല്‍പ്പന ചെയ്ത പ്രതിരോധ ഉപകരണങ്ങളെ കുറിച്ച് അറിയാന്‍ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു.
കൊച്ചി കേന്ദ്രത്തില്‍ വികസിപ്പിച്ച നാല് പ്രതിരോധ ഉപകരണങ്ങളില്‍, സമുദ്രത്തിനടിയില്‍ ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള ഉപകരണമായിരുന്നു പ്രധാനം.
‘ലോ ഫ്രീക്വന്‍സി ഡങ്കിങ്ങ് സോണാര്‍’ എന്ന ഉപകരണത്തിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മലയാളിയായ ശാസ്ത്രജ്ഞന്‍ ജോമോന്‍ ജോര്‍ജ് വിശദീകരിച്ചു. ഹെലി കോപ്റ്ററുകള്‍ വഴി കടലിലേക്ക് ഇറക്കുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്‍പന ചെയ്തത്.
മുങ്ങിക്കപ്പലുകള്‍ക്കെതിരായ യുദ്ധത്തില്‍ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും മിസൈലുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.
ഇന്ത്യന്‍ പ്രതിരോധ വിഭാഗത്തിലെ 50ഓളം പേരടങ്ങിയ സംഘമാണ് എയര്‍ ഷോക്കത്തെിയത്.
യുദ്ധമുഖത്തെ റഡാര്‍സംവിധാനങ്ങളുടേയും മറ്റും ചെറുരൂപങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. ഇവ വാങ്ങുന്നതിന് കരാറുകളൊന്നും ആയില്ളെങ്കിലും ഉപകരണങ്ങള്‍ വിലയിരുത്തുന്നതിനായി നിരവധി ഏജന്‍സികള്‍ അധികൃതരെ സമീപിക്കുകയും താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
