Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആകാശത്ത് വിമാനങ്ങളുടെ...

ആകാശത്ത് വിമാനങ്ങളുടെ സംഘനൃത്തം ബഹ്റൈന്‍ എയര്‍ഷോക്ക് ഗംഭീര തുടക്കം

text_fields
bookmark_border
ആകാശത്ത് വിമാനങ്ങളുടെ സംഘനൃത്തം ബഹ്റൈന്‍ എയര്‍ഷോക്ക് ഗംഭീര തുടക്കം
cancel

മനാമ: നാലാമത് ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ഷോക്ക് പ്രൗഢോജ്ജ്വല തുടക്കം. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന എയര്‍ഷോ രാജാവിന്‍െറ പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു. 
സഖീര്‍ എയര്‍ബേസിലായിരുന്നു വര്‍ണാഭമായ ഉദ്ഘാടനചടങ്ങ്. നാളെ അവസാനിക്കുന്ന എയര്‍ഷോയില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖ വ്യക്തികളും വന്‍കിട എയര്‍ കമ്പനികളും എത്തിയിട്ടുണ്ട്. 
ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഖലീഫയെ  കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ പുത്രന്‍ ശൈഖ് മുഹമ്മദ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
രാജ്യത്തിന്‍െറ പുരോഗതിയിലേക്കുള്ള കുതിപ്പ് അടയാളപ്പെടുത്തുന്നതാണ് എയര്‍ഷോയെന്ന് പരിപാടിയില്‍ സംസാരിച്ച ഗതാഗത-ടെലികോം മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് പറഞ്ഞു. 139 കമ്പനികളും 100 ലധികം വിമാനങ്ങളും  അണിനിരക്കുന്ന പരിപാടി മേഖലയിലെ തന്നെ ശ്രദ്ധേയമായ എയര്‍ഷോ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാനത്താള നവീകരണത്തെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. 

എമിറേറ്റ്സിന്‍െറ എ-380 ഇനത്തില്‍പെട്ട ഡബ്ള്‍ ഡെക്കര്‍ എയര്‍ബസ് വിമാനത്തിന്‍െറ പശ്ചാത്തലത്തില്‍ നടക്കുന്ന വ്യോമാഭ്യാസം ഫോട്ടോ- നൂര്‍ മുഹമ്മദ്
 

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ലഖീഫയുടെ നേതൃത്വത്തില്‍ രാജ്യം വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് എയര്‍ഷോ ഉദ്ഘാടനം ചെയ്ത് ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഖലീഫ പറഞ്ഞു. അന്താരാഷ്ട്ര പ്രാധാന്യമുള്ള പ്രദര്‍ശനങ്ങളും സമ്മേളനങ്ങളും വിജയകരമായി സംഘടിപ്പിക്കാന്‍ ബഹ്റൈന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഇന്ത്യയുടെ സ്റ്റാളില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍, ഹിന്ദുസ്ഥാന്‍ എയറോനോടിക്സ് ലിമിറ്റഡ്, എയറോനോട്ടിക്കല്‍ ഡെവലപ്മെന്‍റ് ഏജന്‍സി തുടങ്ങിയവയുടെ പ്രാതിനിധ്യമുണ്ട്. ഈ സ്റ്റാളുകള്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ സന്ദര്‍ശിച്ചു. വ്യോമയാന-പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
 എമിറേറ്റ്സിന്‍െറ എ-380 ഇനത്തില്‍ പെട്ട ഡബ്ള്‍ ഡെക്കര്‍ എയര്‍ബസ് വിമാനം മുതല്‍ വിവിധ രാജ്യങ്ങളുടെ സൈനിക കോപ്റ്ററുകള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ ‘സാരംഗ്’ ഹെലികോപ്റ്റര്‍ ടീമിന്‍െറ പ്രകടനം ഏറെ ആകര്‍ഷകമായി. ഇന്ത്യയുടെ ‘തേജസ്’ യുദ്ധവിമാനത്തിന്‍െറ പ്രകടനവും ഗാലറികളിലിരുന്നവര്‍ ആവേശത്തോടെയാണ് കണ്ടത്. രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്‍ ഉപയോഗിച്ച ‘സ്പിറ്റ്ഫയറും’ പ്രദര്‍ശനത്തിനുണ്ട്. സൗദി ഹ്വാക്, യു.എ.ഇയുടെ അല്‍ ഫുര്‍സാന്‍, റഷ്യന്‍ നൈറ്റ്സ് സംഘങ്ങള്‍ ആകാശത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്തു. എയര്‍ഷോ പ്രമാണിച്ച് സഖീര്‍ മേഖലയിലാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കാര്‍ പാസില്ലാത്തവര്‍ ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വാഹനം പാര്‍ക്കുചെയ്ത് ഇവിടെ നിന്ന് പുറപ്പെടുന്ന ബസില്‍ വേണം എയര്‍ബേസില്‍ എത്താന്‍. 
എയര്‍ഷോയോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി വൈകീട്ട് മാജിക് ഷോയും സംഗീതപരിപാടികളുണ്ട്. ബറ്റല്‍കോയുടെ മുഴുവന്‍ ഒൗട്ട്ലറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 10 ദിനാറും 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് ദിനാറുമാണ് നിരക്ക്. സഖീര്‍ പരിസരത്ത് പലയിടത്തും ജനങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത് കുടുംബസമേതം വ്യോമാഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കുന്നത് കാണാമായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain International air show
Next Story