സ്കൂള്‍ പ്രവേശത്തിന് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ : മന്ത്രാലയ അധികൃതരുമായി ചര്‍ച്ച ചെയ്യുമെന്ന്
text_fieldsമനാമ: നാട്ടില്‍ നിന്നും ബഹ്റൈന്‍ സി.ബി.എസ്.ഇ സ്കൂളുകളില്‍ അഡ്മിഷനായി വരുന്നവര്‍ മാര്‍ക്ക് ലിസ്റ്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധനയിലെ പ്രശ്നങ്ങള്‍ ഉടന്‍ ബഹ്റൈന്‍ വിദ്യാഭ്യാസമന്ത്രാലയവുമായി ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലത്തെി അറ്റസ്റ്റേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള ബുദ്ധിമുട്ടായിരിക്കും ചര്‍ച്ചയില്‍ ഉന്നയിക്കുക. ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ക്കൊപ്പം എംബസി അധികൃതരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും. നേരത്തെ സ്കൂള്‍ മാര്‍ക്ക് ലിസ്റ്റ് ഇന്ത്യന്‍ എംബസിയില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മതിയായിരുന്നു. ഈ നിയമം മാറിയിട്ട് കുറച്ചുനാളായെങ്കിലും അഡ്മിഷന്‍ വേളയായതിനാല്‍ പല രക്ഷിതാക്കളും പ്രയാസമനുഭവിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍െറ അറ്റസ്റ്റേഷനില്ലാത്തതിനാല്‍ പലര്‍ക്കും പ്രവേശം നേടാനാകാതിരുന്ന അവസ്ഥയുണ്ട്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍ സതീഷ്, സെക്രട്ടറി ഷെമിലി ജോണ്‍, ഭരണസമിതി അംഗം ഖുര്‍ശിദ് ആലം എന്നിവര്‍ സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ രക്ഷിതാക്കള്‍ അനുഭവിക്കുന്ന പ്രയാസം സ്കൂള്‍ അധികൃതര്‍ എംബസിയെ ബോധ്യപ്പെടുത്തിയതായി പ്രിന്‍സ് നടരാജന്‍ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തലിനായി അതത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഓഫിസില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തല്‍ നടത്തേണ്ടതുണ്ട്. ശേഷം ഇവിടുത്തെ ഇന്ത്യന്‍ എംബസിയും സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. 10, 12 ക്ളാസുകളിലേക്കാണ് പ്രവേശമെങ്കില്‍ സി.ബി.എസ്.ഇ ചെയര്‍മാന്‍െറ അംഗീകാരം കൂടി നേടേണ്ടതുണ്ട്.
ഇത് കാലതാമസമുള്ള പ്രക്രിയയാണ്. ഈ രംഗത്തെ ഏജന്‍സികളാകട്ടെ, പ്രവാസികളുടെ അവസ്ഥ ചൂഷണം ചെയ്ത് സാക്ഷ്യപ്പെടുത്തലിനായി അരലക്ഷം വരെ ഫീസ് വാങ്ങുന്നുണ്ട്. മന്ത്രാലയവുമായുള്ള ചര്‍ച്ചയില്‍ ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പ്രിന്‍സ് നടരാജന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.