‘സംഘ്പരിവാര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിക്കുക’
text_fieldsമനാമ: ഇന്ത്യയുടെ അഭിമാന സ്തംഭമായ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലും ഡല്‍ഹിയിലെ സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസ് ആയ എ.കെ.ജി ഭവനിലും സംഘ്പരിവാര്‍ ശക്തികളും പൊലീസും നടത്തിയ അതിക്രമങ്ങളില്‍ ബഹ്റൈനിലെ എഴുത്തുകാരും സാംസ്കാരികപ്രവര്‍ത്തകരും ശക്തിയായി പ്രതിഷേധിച്ചു.
‘നിങ്ങള്‍ക്ക് ഈ രാജ്യത്ത് തുടരാന്‍ അവകാശമില്ല’ എന്ന വാദമുന്നയിച്ച് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും നേരെ നടത്തുന്ന ഫാഷിസ്റ്റ് ആക്രമണരീതിയാണ് ജെ.എന്‍.യുവിലും ആര്‍.എസ്.എസ് പുറത്തെടുക്കുന്നത്.
കപട ദേശസ്നേഹത്തിന്‍െറ മറവില്‍ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിച്ച് സൈനികര്‍ക്ക് വാങ്ങിയ ശവപ്പെട്ടിയില്‍ വരെ അഴിമതി നടത്തിയവരാണ് ഇന്ത്യന്‍ ബൗദ്ധികതക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ഭരണഘടന വിഭാവനചെയ്യുന്ന ചിന്തിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള മോദി ഗവണ്‍മെന്‍റിന്‍െറ ശ്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം നടത്തുന്ന ഐതിഹാസിക സമരങ്ങളിലേക്കാണ് രാജ്യം ഉണര്‍ന്നിരിക്കുന്നത്.
വിവിധ മേഖലയില്‍ നിന്നുള്ള പ്രഗല്‍ഭ വ്യക്തികള്‍ ഇതിനകം വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
യാതൊരു കാരണവും കൂടാതെ ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ലോകപ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിലേക്ക് ഗുണ്ടകളോടൊപ്പം പൊലീസിനെ വിട്ട് കുട്ടികളെ തല്ലി ചതക്കാനും അവരെ കള്ളക്കേസില്‍ പെടുത്തി തുറുങ്കിലടക്കാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയവും നിന്ദ്യവുമാണ്. കനയ്യ കുമാറിനെ ഹാജരാക്കിയ പട്യാല കോടതിയില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും ബി.ജെ.പി. എം.എല്‍.എയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയുണ്ടായി. വീണ്ടും പോലീസുകാരുടെ മുന്നില്‍ വെച്ച് അഭിഭാഷകര്‍ കനയ്യ കുമാറിനെ മര്‍ദ്ദിച്ചു.
കോടതിയെപ്പോലും നിശബ്ദമാക്കുവാനുള്ള ആര്‍.എസ്.എസ് ശ്രമം അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമാണ്. ഇതിനെതിരെ പ്രവാസി മലയാളികള്‍ ജാഗരൂഗരാകണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
അനില്‍ വേങ്കോട്, സുധീശ് രാഘവന്‍, സജി മാര്‍ക്കോസ്, എസ്.വി.ബഷീര്‍, ഇ.എ.സലിം, ടി.എം. രാജന്‍, ഫിറോസ് തിരുവത്ര, സിനു കക്കട്ടില്‍, മിനേഷ് രാമനുണ്ണി, ബാജി ഓടംവേലി, വിപിന്‍ കുമാര്‍, ജോയ് വെട്ടിയാടന്‍, നജുമുദ്ദീന്‍ വാഴയില്‍, എന്‍.പി. ബഷീര്‍, ആര്‍. രാജേന്ദ്രന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.