ആരോഗ്യകരമായ ജീവിതശൈലി: വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം
text_fieldsമനാമ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ആഇശ മുബാറക് ബൂഉനുഖ് വ്യക്തമാക്കി. ‘പഠിക്കൂ,ലാഭിക്കൂ,’ ‘രോഗികളോട് ഇടപഴകൂ’ എന്നീ തലക്കെട്ടുകളില്‍ ആരോഗ്യ ശാക്തീകരണ വിഭാഗം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആരോഗ്യ ശാക്തീകരണം ലക്ഷ്യം വെച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായാണിത്. ജനങ്ങള്‍ക്കിടയില്‍ ആരോഗ്യത്തെക്കുറിച്ചുള്ള അറിവും അവബോധവും വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നതിനും ശ്രമം നടത്തും. 2015-2018 കാലയളവിലെ ആരോഗ്യ ശാക്തീകരണ പദ്ധതിയുടെ ലക്ഷ്യം നേടുന്നതിനാണ് ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്തത്. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുകയും ബോധവത്കരണ- പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
‘ആരോഗ്യ സൗഹൃദ ഷോപ്പിങ് മാളുകള്‍’ എന്ന പേരില്‍ കാമ്പയിനും നടത്തും. ‘ആരോഗ്യ ജീവിത ശീലങ്ങളുടെ പ്രോത്സാഹനത്തിന് മാധ്യമ കാമ്പയിനും കുട്ടികള്‍ക്കായി ‘ആസ്വാദനത്തിലൂടെ വിദ്യാഭ്യാസം’ എന്ന പദ്ധതിയും നടപ്പാക്കും.
ബഹ്റൈനിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് തടയുന്നതിനുമാണ് ഈ പദ്ധതികള്‍. ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം, കാന്‍സര്‍ പോലുള്ളവ വര്‍ധിക്കാനുള്ള കാരണം ശരിയായ ഭക്ഷണശീലത്തിന്‍െറ അഭാവമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഈ രോഗങ്ങള്‍ ബാധിച്ച് മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ശരിയായ ഭക്ഷണശീലത്തിന്‍െറ കുറവ്, പുകവലി, ലഹരി ഉപയോഗം, വ്യായാമമില്ലായ്മ എന്നിവ ഇത്തരം രോഗങ്ങളുടെ വേഗം കൂട്ടും. ആരോഗ്യം നശിപ്പിക്കുന്ന ദു:ശ്ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ അവബോധം അനിവാര്യമാണ്.
സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഓരോരുത്തര്‍ക്കുമുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മപ്പെടുത്താന്‍ ബോധവത്കരണ പരിപാടികള്‍ സഹായകമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.