സിംകാര്‍ഡ് ദുരുപയോഗം തടയാന്‍ പുതിയ നടപടികള്‍ വരുന്നു
text_fieldsമനാമ: മൊബൈല്‍ സിംകാര്‍ഡ് ദുരുപയോഗം തടയാന്‍ പുതിയ നടപടികള്‍ വരുന്നു. ഒരാള്‍ക്ക് പരമാവധി വാങ്ങാവുന്ന സിം കാര്‍ഡുകളുടെ എണ്ണം നിയന്ത്രിക്കുക, സിം കാര്‍ഡുകള്‍ കടകള്‍ വഴി വില്‍ക്കുന്നത് നിരോധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇതിനായി അധികൃതര്‍ പരിഗണിക്കുന്നത്.
പുതിയ നടപടികള്‍ എല്ലാ മൊബൈല്‍ ഉപഭോക്താക്കളുടെയും താല്‍പര്യം സംരക്ഷിക്കുന്നതാകുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ) സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ഡോ.ഖാലിദ് ബിന്‍ ദെയ്ജ് ആല്‍ ഖലീഫ വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ടി.ആര്‍.എ ഇത്തരം നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
ഇതിനായി ടി.ആര്‍.എ മൊബൈല്‍ സേവന ദാതാക്കളുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കും. തീരുമാനങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ നടപ്പിലാകും. പുതിയ നിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് ഒരു സേവനദാതാവില്‍ നിന്ന് പരമാവധി 10 പ്രീ-പെയ്ഡ് സിം കാര്‍ഡുകള്‍ മാത്രമേ വാങ്ങാന്‍ സാധിക്കൂ. ഇതിനുപുറമെ, സിം വില്‍പന അതാത് കമ്പനികളുടെ ഒൗട്ലെറ്റ് വഴിയോ ടി.ആര്‍.എ അംഗീകാരമുള്ള വില്‍പന സ്ഥാപനങ്ങള്‍ വഴിയോ ആയി ചുരുക്കും. ഉപഭോക്താക്കള്‍ക്കായി ബോധവത്കരണ പരിപാടികളും നടത്തും. മറ്റുള്ളവര്‍ക്ക് വേണ്ടി സിം കാര്‍ഡ് എടുക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറുന്നതിലെ അപകടങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും. സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത സിംകാര്‍ഡ് മറ്റാരെങ്കിലും ദുരുപയോഗം ചെയ്താലും നിയമനടപടി നേരിടേണ്ടി വരിക രജിസ്റ്റര്‍ ചെയ്ത ആളാണ്. മറ്റാരെങ്കിലും തങ്ങളുടെ പേരില്‍ കണക്ഷന്‍ എടുത്തിട്ടുണ്ടോ എന്ന കാര്യവും ഓരോരുത്തരും ഉറപ്പിക്കേണ്ടതാണ്. ബഹ്റൈനില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ചു പോകുന്നവര്‍ അവരവരുടെ സിം കാര്‍ഡ് റദ്ദാക്കാന്‍ ശ്രദ്ധിക്കണം.
വിവിധ സാഹചര്യങ്ങളില്‍ പലര്‍ക്കും കൈമാറിയ പാസ്പോര്‍ട്ടും സി.പി.ആറും ഉപയോഗിച്ച് വ്യാജ മൊബൈല്‍ കണക്ഷന്‍ എടുത്ത സംഭവങ്ങളില്‍ നിരവധി പ്രവാസികള്‍ ദുരിതമനുഭിച്ചിട്ടുണ്ട്. കണക്ഷനില്‍ വന്‍ തുക കുടിശ്ശിക വന്ന് മൊബൈല്‍ കമ്പനിയില്‍ നിന്ന് അറിയിപ്പുലഭിക്കുകയോ ട്രാവല്‍ ബാന്‍ ഏര്‍പ്പെടുത്തുകയോ ചെയ്ത ശേഷമായിരിക്കും പലരും വിവരം അറിയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ മാറ്റം വരാനായി സിം കാര്‍ഡ് അനുവദിക്കും മുമ്പ് ബയോമെട്രിക് വിവരശേഖരണം നടത്തണമെന്ന് നേരത്തെ സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.
സിം കാര്‍ഡ് രജിസ്ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ടി.ആര്‍.എ വെബ്സൈറ്റില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
