വെള്ളം,വൈദ്യുതി നിരക്ക് മാറ്റം: വാടക വര്‍ധിക്കുമെന്ന ആശങ്കയില്‍ പ്രവാസികള്‍
text_fieldsമനാമ: ബഹ്റൈനില്‍ വെള്ളം, വൈദ്യുതി നിരക്കുകള്‍ മാര്‍ച്ച് മുതല്‍ കൂടാനിരിക്കെ ഇത് വീട്ടുവാടകയിലും പ്രതിഫലിക്കുമോ എന്ന ആശങ്കയില്‍ പ്രവാസികള്‍. ഇവിടുത്തെ ‘റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്‍റ്’ നിയമപ്രകാരം താമസ സ്ഥലങ്ങള്‍ക്ക് രണ്ടുവര്‍ഷത്തിലൊരിക്കല്‍ അഞ്ചു ശതമാനം വര്‍ധനയാണ് അനുവദിക്കുന്നത്. ഇതില്‍ ഉടമസ്ഥര്‍ വെള്ളം ചേര്‍ക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
ഇക്കാര്യത്തില്‍ വാടകക്കാര്‍ ബോധവാന്‍മാരാകണമെന്ന് ബഹ്റൈന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ കമ്മിറ്റി അംഗം നാസിര്‍ അല്‍ അലി പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ചില സാഹചര്യങ്ങളില്‍ വീട്ടുടമസ്ഥര്‍ 20 ശതമാനം വരെ വാടക ഒറ്റയടിക്ക് വര്‍ധിപ്പിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. വെള്ളം, വൈദ്യുതി നിരക്കുകള്‍ കൂടുന്നതോടെ വാടക പ്രശ്നത്തില്‍ ചേമ്പര്‍ മുമ്പാകെ പരാതി പ്രളയം ഉണ്ടാകാനിടയുണ്ട്.
ബഹ്റൈനികള്‍ ഒഴികെയുള്ള എല്ലാ പ്രവാസികള്‍ക്കും വലിയ കമ്പനികള്‍ക്കും പുതിയ വെള്ളം, വൈദ്യുതി നിരക്കുകള്‍ ബാധകമാകും. സ്വന്തം ആവശ്യത്തിനല്ലാതെ ഉപയോഗിക്കുന്ന ഒന്നിലധികം വീടുള്ള ബഹ്റൈനികളും പുതിയ നിരക്ക് നല്‍കേണ്ടി വരും.
ബഹ്റൈനികളായ വിവാഹമോചിതര്‍,വിധവകള്‍,21വയസിനു മുകളില്‍ പ്രായമുള്ള വിവാഹിതരാകാത്ത സ്ത്രീകള്‍, വാടകക്ക് താമസിക്കുന്ന സ്വദേശികള്‍, ബഹ്റൈന്‍ ഇതര പൗരന്‍മാരെ വിവാഹം കഴിച്ച ബഹ്റൈനി സ്ത്രീകള്‍, 21വയസിന് താഴെ പ്രായമുള്ള ബഹ്റൈനികളെ പരിപാലിക്കുന്ന ബഹ്റൈന്‍ ഇതര പൗരന്‍മാര്‍, ബഹ്റൈന്‍ ഇതര പൗരന്‍മാരായ അവകാശികള്‍ എന്നിവര്‍ക്ക് പഴയ നിരക്കു തന്നെ നല്‍കിയാല്‍ മതിയാകും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളും യൂനിറ്റൊന്നിന് 16 ഫില്‍സ് തന്നെ നല്‍കിയാല്‍ മതിയാകും. 5,000 യൂനിറ്റ് വരെയാണ് ഇത് കണക്കാക്കുക.
പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നാലു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറിന് 435.4 ദശലക്ഷം ദിനാര്‍ ലാഭമുണ്ടാകുമെന്നാണ് കണക്ക്. 290 ദശലക്ഷം വൈദ്യുതി വഴിയും 145.4 ദശലക്ഷം വെള്ളം വഴിയും ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്.
2019 ആകുമ്പോഴേക്കും ഇപ്പോള്‍ ആഭ്യന്തര ഉപയോഗത്തിന് നല്‍കുന്ന തുകയായ യൂനിറ്റ് ഒന്നിന് മൂന്ന് ഫില്‍സ് എന്നത് 29 ഫില്‍സ് ആയി ഉയരും.
ഇടത്തരം വരുമാനമുള്ള മലയാളികള്‍ കുടുംബമായി താമസിക്കുന്ന കേന്ദ്രങ്ങളായ മുഹറഖ്, ഗുദൈബിയ, മനാമ, ഉമ്മുല്‍ഹസം, സല്‍മാനിയ, ഗഫൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ ശരാശരി വാടക 200 ദിനാര്‍ ആണ്. ഒട്ടുമിക്കയിടങ്ങളിലും വെള്ളം വൈദ്യുതി നിരക്കുകള്‍ ഉള്‍പ്പെടെയുള്ള വാടകയാണിത്. വര്‍ഷങ്ങളായി വാടക വര്‍ധിപ്പിക്കാത്ത ഉടമകളുമുണ്ട്. ഈ ആനുകൂല്യം കൊണ്ട് മാത്രം ഇവിടെ കഴിയുന്ന നിരവധി മലയാളി കുടുംബങ്ങളുണ്ട്. വലിയ സമ്പാദ്യമില്ളെങ്കിലും കുടുംബത്തോടൊപ്പം താമസിക്കാന്‍ സാധിക്കുന്നതില്‍ വാടകക്കുറവ് പ്രധാന ഘടകമാണ്. യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശമ്പളം കുറവാണെങ്കിലും പ്രവാസികള്‍ക്ക് പിടിച്ചുനില്‍ക്കാനായത് ഇക്കാര്യം കൊണ്ടാണ്. മാര്‍ച്ചില്‍ പുതിയ നിരക്കുകള്‍ വരുന്നതോടെ കാര്യങ്ങള്‍ തകിടം മറിയുമോ എന്ന ആശങ്ക ശക്തമാണ്.
എന്നാല്‍, വെള്ളം-വൈദ്യുതി നിരക്ക് വര്‍ധനക്ക് പിന്നാലെ വാടകയും വര്‍ധിപ്പിച്ചാല്‍ വാടകക്കാര്‍ ഒഴിഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അത്തരമൊരു തീരുമാനം ഉടമകള്‍ എടുക്കില്ളെന്നും അഭിപ്രായമുണ്ട്. വാടക മാത്രം വരുമാന മാര്‍ഗമായ സ്വദേശികളുണ്ട്. ഇവരില്‍ പലരും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് ബാങ്ക് ലോണ്‍ വഴിയാണ്. ഇതിന്‍െറ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബാധ്യതയായി നിലനില്‍ക്കുന്നതിനാല്‍, വാടകക്കാര്‍ ഒഴിഞ്ഞുപോകുന്ന അവസ്ഥ ഉടമകളും ആഗ്രഹിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
