Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസംശയകരമായ...

സംശയകരമായ പണമിടപാടുകളില്‍  വര്‍ധനയെന്ന് റിപ്പോര്‍ട്ട്

text_fields
bookmark_border
സംശയകരമായ പണമിടപാടുകളില്‍  വര്‍ധനയെന്ന് റിപ്പോര്‍ട്ട്
cancel

മനാമ: ബഹ്റൈനില്‍ സംശയകരമായ പണമിടപാടുകളില്‍ വന്‍ വര്‍ധന. പോയ വര്‍ഷം ഇത്തരം ഇടപാടുകളില്‍ 20ശതമാനം വര്‍ധനവാണ് ഉണ്ടായത്. 
2014ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വര്‍ധനവുണ്ടായത്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ധനകാര്യ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിന്‍െറ (എഫ്.ഐ.ഡി) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. പോയവര്‍ഷം നടന്ന 1,044 സംശയകരമായ ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 2014ല്‍ ഇത് 872 ആയിരുന്നു. ബാങ്കുകള്‍, ധനവിനിമയ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍, ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍, വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം എന്നിവയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ഏറ്റവുമധികം ഇത്തരം ഇടപാടുകള്‍ നടന്നത് ഡിസംബറിലാണ്. 160 എണ്ണം. 2014 ആഗസ്റ്റിലും സെപ്റ്റംബറിലും 108 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 
2011ലാണ് എഫ്.ഐ.ഡിക്ക് രൂപം നല്‍കുന്നത്. രാജ്യത്തെ സംശയകരമായ പണമിടപാടുകള്‍ വിലയിരുത്താനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 2003മുതലുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ സംശയകരമായ ഇടപാട് നടന്ന വര്‍ഷമാണ് കടന്നുപോയത്. ധനകാര്യ തട്ടിപ്പുകള്‍ക്കെതിരെയും ഭീകരസംഘടനകളുടെ ധനസമാഹരണത്തിനെതിരെയും ബഹ്റൈനില്‍ വലിയ മുന്നേറ്റമുണ്ടായതായി എഫ്.ഐ.ഡി ഡയറക്ടര്‍ ശൈഖ മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ പ്രാദേശിക പത്രത്തോട് പറഞ്ഞു. എന്നാല്‍ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ അവസാനിപ്പിക്കാനും ധനകാര്യവ്യവസ്ഥയുടെ സുരക്ഷ ഉറപ്പിക്കാനും എല്ലാ രാജ്യങ്ങളും ഒരുമിച്ച് നീങ്ങേണ്ടതുണ്ട്. 
 ധനവിനിമയങ്ങളുടെ ഉറവിടം എഫ്.ഐ.ഡി സംഘം കൃത്യമായി വിലയിരുത്താറുണ്ട്. അനധികൃത പ്രവര്‍ത്തനങ്ങള്‍ വഴിയോ, മയക്കുമരുന്ന് കടത്തുവഴിയോ സമാഹരിക്കുന്ന പണമാണോ കൈമാറ്റം ചെയ്യപ്പെടുന്നതെന്നും പണം ഭീകരസംഘങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നും മറ്റുമാണ് കാര്യമായി പരിശോധിക്കുന്നത്. ഇത്തരം ഇടപാടുകള്‍ തടയാനായി എഫ്.ഐ.ഡി നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വ്യക്തികള്‍ നടത്തിയ നിരവധി സംശയകരമായ ഇടപാടുകളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. സമാനസംഭവങ്ങള്‍ കിങ് ഫഹദ്കോസ്വേയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോയവര്‍ഷം ബെല്‍ജിയം ആസ്ഥാനമായ ‘എഗ്മണ്ട് ഗ്രൂപ്പി’ല്‍ നിന്ന് എഫ്.ഐ.ഡിക്ക് 16കേസുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 151 ധനകാര്യ ഇന്‍റലിജന്‍സ് വിഭാഗങ്ങളുടെ കൂട്ടായ്മയാണിത്. ബഹ്റൈന്‍ എഫ്.ഐ.ഡി ‘എഗ്മണ്ട് ഗ്രൂപ്പി’ല്‍ നിന്ന് 42കേസുകള്‍ക്കായി സഹായം തേടുകയും ചെയ്തു. 
പോയവര്‍ഷം ഡിസംബറില്‍, ഭീകരസംഘടനകളുമായി സഹകരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നടത്തുന്ന നിക്ഷേപ-വ്യാപാര സംരംഭങ്ങള്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയുണ്ടായി. ലോകത്തെ പല തീവ്രവാദ സംഘടനകളെയും ബഹ്റൈന്‍ ഇതിനകം കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:money transfer
Next Story