നിക്ഷേപ അനുകൂല സാഹചര്യം പ്രധാനമെന്ന് ഉന്നതതലയോഗം
text_fieldsമനാമ: സാമ്പത്തിക വളര്‍ച്ചക്ക് ഉല്‍പാദനക്ഷമതയുളള നിക്ഷേപ സാഹചര്യം സുപ്രധാനമാണെന്ന് തൊഴില്‍-സാമൂഹികക്ഷേമ മന്ത്രാലയവും ചേംബര്‍ ഓഫ് കൊമേഴ്സും പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം മന്ത്രാലയത്തില്‍ നടന്ന യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.
തൊഴില്‍ സാമൂഹിക വികസന മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാനും ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി ബോര്‍ഡ് (ബി.സി.സി.ഐ) അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.ബി.സി.സി.ഐ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഖാലിദ് റാഷിദ് അബ്ദുറഹ്മാന്‍ അസ്സയാനി, എല്‍.എം.ആര്‍.എ സി.ഇ.ഒ ഉസാമ അബ്ദുല്ല അല്‍ അബ്സി തുടങ്ങിയവരും സന്നിഹിതരായിരുന്നു. തൊഴില്‍ മന്ത്രാലയവും എല്‍.എം.ആര്‍.എയും തമ്മിലുള്ള കൂടിയാലോചനകള്‍ വഴി വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും സംയുക്ത സമിതികള്‍ സജീവമാക്കാനും തീരുമാനമായി.
വിവിധ രംഗങ്ങളില്‍ ബഹ്റൈനി വ്യാപാരികള്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള നടപടികള്‍ക്ക് ബി.സി.സി.ഐക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കാനുള്ള നീക്കങ്ങളുടെ ഭാഗമായി കൂടിയാണ് യോഗം ചേര്‍ന്നത്.
വരും നാളുകളില്‍ നിക്ഷേപക മേഖലയില്‍ തൊഴില്‍ മന്ത്രാലയവും ചേംബര്‍ ഓഫ് കൊമേഴ്സും എല്‍.എം.ആര്‍.എയും യോജിച്ച നീക്കങ്ങള്‍ നടത്തും. രാജ്യത്ത് വിവിധ പദ്ധതികളുമായി മുന്നിട്ടറങ്ങുന്ന നിക്ഷേപകര്‍ക്കുണ്ടാവുന്ന ഏത് പ്രശ്നങ്ങളും പെട്ടെന്ന് പരിഹരിക്കാന്‍ ഇത്വഴി സാധ്യമാവും. രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന വിഭാഗമാണ് വ്യവസായികളും തൊഴിലുടമകളും. സ്വകാര്യ മേഖലയില്‍ ബഹ്റൈനികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ പരിഷ്കരണങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി എല്‍.എം.ആര്‍.എയും ചേംബര്‍ ഓഫ് കൊമേഴ്സും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സ്വകാര്യമേഖലയിലുണ്ടാവുന്ന തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും രാജ്യത്തിന്‍െറ സാമ്പത്തികപുരോഗതിയിലും ചേംബറിന്‍െറ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.
വ്യാപാര-വ്യവസായ മേഖലയില്‍ ഉണ്ടാകുന്ന വെല്ലുവിളികളും പ്രശ്നങ്ങളും വേഗത്തില്‍ പരിഹരിക്കാനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ സഹകരിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. വിപണിയില്‍ മുന്നേറ്റമുണ്ടാക്കാനും പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാനും ഇത് വഴി സാധിക്കുന്നുണ്ട്.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെയും പ്രത്യേക ശ്രദ്ധയും നിര്‍ദ്ദേശങ്ങളും ഈ രംഗത്ത് ലഭിക്കുന്നുണ്ട്.
മുഴുവന്‍ തൊഴിലുടമകളും തൊഴിലാളികളും രാജ്യത്തിന്‍െറ പുരോഗതിയില്‍ പങ്കാളികളാണ്. കൂടിക്കാഴ്ചയില്‍ ചേംബറിന്‍െറയും മന്ത്രാലയത്തിന്‍െറയും എല്‍.എം.ആര്‍.എയുടെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
