സ്വപ്ന പദ്ധതിയുമായി ഉമാപ്രേമന്‍
text_fieldsമനാമ: സാമൂഹിക സേവനത്തിന്‍െറ അടയാളമാണ് ഉമാ പ്രേമന്‍.രോഗികളോടുള്ള വറ്റാത്ത കരുണയുമായി തുടങ്ങിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തിന്‍െറ അതിരുകള്‍ ഭേദിച്ച് ഭോപാലിലും ഡല്‍ഹിയിലും വരെ എത്തി നില്‍ക്കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ ബഹുവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് അവര്‍.
രോഗനിര്‍ണയം അല്‍പം വൈകിപ്പോയതുകൊണ്ടു മാത്രം മരിക്കേണ്ടി വന്ന കലാകാരനായ ഉമയുടെ ഭര്‍ത്താവിന്‍െറ സ്മരണാര്‍ഥമാണ് 1997ല്‍ അവര്‍ ഗുരുവായൂരില്‍ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങുന്നത്. വിവിധ രോഗങ്ങള്‍ക്കുള്ള ചെലവു കുറഞ്ഞ കൃത്യമായ ചികിത്സ എവിടെ കിട്ടും എന്ന വിവരം പകര്‍ന്നു നല്‍കുകയായിരുന്നു ആദ്യകാലത്ത് ചെയ്തത്. പിന്നീട് പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. പല അഭ്യുതകാംക്ഷികളും സഹായവുമായത്തെി. അവരുടെയെല്ലാം പിന്തുണയില്‍ ‘ശാന്തി’ വഴി നാളിതുവരെ 700 ഓളം പേര്‍ക്കാണ് വൃക്ക മാറ്റി വക്കാന്‍ സാധിച്ചത്. ഇതില്‍ 62 പേര്‍ ഗള്‍ഫുകാരാണ്. 20,500 പേര്‍ക്ക് ഹൃദയശസ്ത്രക്രിയയും നടത്തി. സൗജന്യ ഡയാലിസിസുകളുടെ എണ്ണമാകട്ടെ രണ്ടു ലക്ഷത്തോളം വരും. എല്ലാ ചികിത്സാ വിവരങ്ങളും നല്‍കുന്ന വെബ്സൈറ്റ് തുടങ്ങി. ലോകമെമ്പാടുമുള്ളവരുടെ ചികിത്സാ സംബന്ധിയായ സംശയങ്ങള്‍ക്ക് രായ്ക്കു രാമാനം മറുപടി നല്‍കി. നിര്‍ധന രോഗികള്‍ക്ക് കോടിക്കണക്കിന് രൂപ സര്‍ക്കാറില്‍ നിന്നും മറ്റും ലഭ്യമാക്കി. നിലവില്‍ ഇന്ത്യയിലെമ്പാടുമുള്ള 60 ഡോക്ടര്‍മാരുടെ സേവനം തങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉമ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ നടത്തി വരുന്ന ‘അട്ടപ്പാടി വെല്‍ഫെയര്‍ പ്രൊജക്റ്റ്’ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍െറ പ്രവര്‍ത്തനങ്ങളെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. നിരവധി പദ്ധതികള്‍ വരുകയും പലതും ഫലംകാണാതെ വെള്ളാനയായി മാറുകയും ചെയ്ത സ്ഥലമാണ് അട്ടപ്പാടി. അതുകൊണ്ടുതന്നെ, കാലമേറെ കഴിഞ്ഞിട്ടും അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തിലെ കാതലായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.
ശാന്തിയുടെ നേതൃത്വത്തില്‍ ബഹുവിധ പദ്ധതികളാണ് ഇക്കാലയളവില്‍ ഇവിടെ നടന്നത്. 125 ശുചിമുറികള്‍ പണികഴിപ്പിച്ചു. ശരീരം തളര്‍ന്ന് കിടക്കുന്നവര്‍ക്ക് മതിയായ ഫിസിക്കല്‍ തെറാപ്പി സേവനങ്ങള്‍ നല്‍കിയതുവഴി 64 പേര്‍ക്ക് നടക്കാനായി. മാനസികാസ്വാസ്ഥ്യമുള്ള പലരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി. ശുചിത്വസംബന്ധമായ വിഷയങ്ങള്‍ പരിഗണിച്ച് സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂനിറ്റ് തുടങ്ങുകയും ഇത് സ്കൂളുകളിലും മറ്റും വിതരണം ചെയ്യുകയും ചെയ്തു. അവിടെയെല്ലാം നാപ്കിന്‍ ഡിസ്ട്രോയറും സ്ഥാപിച്ചു. യാന്ത്രികമായി ഒരു പദ്ധതി നടപ്പാക്കുക എന്നതിലുപരി, വ്യക്തിഗത പരിഗണന നല്‍കാനായതാണ് തങ്ങളുടെ വിജയത്തിന്‍െറ രഹസ്യമെന്ന് ഉമാ പ്രേമന്‍ പറഞ്ഞു.
കടുത്ത ജലക്ഷാമമുണ്ടെങ്കിലും ശാന്തിയുടെ നേതൃത്വത്തില്‍ പലയിടങ്ങളിലായി കൃഷിയും നടത്തുന്നുണ്ട്. ഒരു ഏക്കറില്‍ പപ്പായ, മൂന്ന് ഏക്കറില്‍ മുരിങ്ങ, മൂന്ന് ഏക്കറില്‍ വാഴകൃഷി എന്നിവയാണ് നടത്തുന്നത്. ഇതിനെല്ലാം ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്. ചേമ്പ്, ചേന, മത്തന്‍, കപ്പ, കുമ്പളം, പടവലം, തക്കാളി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.
പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസ സഹായവും നല്‍കി. ഇതില്‍ രണ്ടുപേര്‍ ഇപ്പോള്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ ചേര്‍ന്ന് പഠിക്കുകയാണ്.
വിവിധയിടങ്ങളിലെ ഹോസ്റ്റലിലും മറ്റും ചേര്‍ന്ന് പഠിക്കുന്ന കുട്ടികള്‍ക്ക് പിന്നീട് തങ്ങളുടെ ഗോത്രസംസ്കാരവുമായി ഇഴചേര്‍ന്ന് പോകാനാകാത്ത പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം വീട്ടുകാര്‍ക്കും കുട്ടികളെ പുറത്തുവിടാന്‍ താല്‍പര്യമില്ല. പുറത്തുപോകുന്ന കുട്ടികളാകട്ടെ പലവിധ അവഹേളനങ്ങളും നേരിടുന്നു.
ഈ സാഹചര്യത്തില്‍, അട്ടപ്പാടിയില്‍ ഒരു ട്രൈബല്‍ സ്കൂള്‍ തുടങ്ങുക എന്ന സ്വപ്നപദ്ധതിയാണ് ഇപ്പോള്‍ ഉമാപ്രേമന്‍െറ മുന്നിലുള്ളത്. സമ്പൂര്‍ണ റെസിഡന്‍ഷ്യല്‍ സ്കൂളാണ് ഉദ്ദേശിക്കുന്നത്. ആദിവാസികളെ അവരുടെ സംസ്കാരത്തില്‍ നിന്നും വേരുകളിലും നിന്ന് അടര്‍ത്തിമാറ്റാതെയുള്ള വിദ്യാഭ്യാസമൊരുക്കുക എന്നതാണ് ലക്ഷ്യം. അടുത്ത വര്‍ഷം ഇതിന്‍െറ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതിയിടുന്നത്. ആദ്യ വര്‍ഷം എല്‍.കെ.ജിയാണ് തുടങ്ങുന്നത്. 50 കുട്ടികള്‍ക്ക് പ്രവേശം നല്‍കും.
സി.ബി.എസ്.ഇ സിലബസാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇവിടെ വളണ്ടിയര്‍ അധ്യാപകരുടെ സേവനം ലഭ്യമാക്കും. വിവിധ മേഖലകളില്‍ മികവുതെളിയിച്ചവരെ സ്കൂളിലത്തെിക്കാന്‍ ശ്രമിക്കും. സ്കൂളിനായി അഞ്ച് ഏക്കര്‍ സ്ഥലം വാങ്ങി പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിര്‍മാണം നടത്തും.
ഇതിനായി തുടക്കത്തില്‍ ഒരുകോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്. ക്രമേണ ഒരു ട്രൈബല്‍ യൂനിവേഴ്സിറ്റിക്ക് തന്നെ രൂപം നല്‍കുകയെന്നതിന്‍െറ തുടക്കമാണിതെന്ന് ഉമ പറഞ്ഞു. എക്കാലവും ശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായ പ്രവാസി സമൂഹം ഈ പദ്ധതിക്കൊപ്പം നില്‍ക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് ഉമ കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ക്കായാണ് അവര്‍ ബഹ്റൈനിലത്തെിയത്. ഈ മാസം 27വരെ ഇവിടെയുണ്ട്. ബന്ധപ്പെടാനുള്ള നമ്പര്‍-33016468.
‘ശാന്തി’ക്കു കീഴില്‍ നിലവില്‍ 10 ഡയാലിസിസ് സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് മൊബൈല്‍ യൂനിറ്റുകളുമുണ്ട്. ഭോപാല്‍, കോവില്‍പെട്ടി, ഡല്‍ഹി (രണ്ടെണ്ണം), കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ ശാന്തിയുടെ നേതൃത്വത്തില്‍ ഉടന്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ട്.
സാമൂഹിക പ്രവര്‍ത്തന രംഗത്ത് ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ ഉമയെ തെരഞ്ഞത്തെിയ പുരസ്കാരങ്ങള്‍ നിരവധിയാണ്. പറയുന്നതൊന്ന് ചെയ്യുന്നത് മറ്റൊന്ന് എന്നത് ഉമയുടെ ജീവിതത്തിലില്ല. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവര്‍ തികച്ചും അപരിചതനായ ഒരു യുവാവിന് തന്‍െറ സ്വന്തം വൃക്ക പകുത്തു നല്‍കിയത്. തിരിഞ്ഞുനോക്കുമ്പോള്‍ തികഞ്ഞ സംതൃപ്തിയാണ് തനിക്കെന്ന് ഉമ പറഞ്ഞു. തേടി വന്ന അംഗീകാരങ്ങളിലും പുകഴ്ത്തിയ വാക്കുകളിലും അഭിരമിച്ചു നില്‍ക്കാന്‍ ഉമക്ക് സമയമില്ല. കാരണം ഇനിയുമേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. അതിനായി മുന്നോട്ട് പോകണം. സമൂഹത്തിലെ ഏറ്റവും ദരിദ്രാവസ്ഥയിലുള്ളവര്‍ക്ക് തുണയാകണം. അതുമാത്രമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
