കോള്‍ഡ് സ്റ്റോറില്‍ ആക്രമണം: ബംഗാളി യുവാവിന് പരിക്കേറ്റു
text_fieldsമനാമ: കോള്‍ഡ് സ്റ്റോറില്‍ സ്വദേശിയുടെ ആക്രമണത്തില്‍ ജോലിക്കാരനായ ബംഗാള്‍ സ്വദേശി സുഹൈല്‍ എന്ന യുവാവിന് പരിക്കേറ്റു.
ഇയാള്‍ ബുക്കുവാറ ഹെല്‍ത് സെന്‍ററിലും തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലും ചികിത്സ നല്‍കി. വടകര കോട്ടപ്പള്ളി സ്വദേശി പുറക്കൊയിലോത്ത് ശരീഫ് നടത്തുന്ന ബുക്കുവാറ മുംതസക്ക് സമീപമുള്ള ഹലാഹില്‍ കോള്‍ഡ് സ്റ്റോറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.
കടയില്‍ അക്വാകൂള്‍ കമ്പനിയുടെ ഒഴിഞ്ഞ ബോട്ടിലുമായി വെള്ളത്തിന് വന്നയാളാണ് പ്രശ്നമുണ്ടാക്കിയത്.
ഈ കമ്പനിയുടെ വെള്ളം വില്‍ക്കാറില്ല എന്നു പറഞ്ഞപ്പോള്‍ ആ ബോട്ടലിന് പകരം മറ്റേതെങ്കിലും കമ്പനിയുടെ വെള്ളം കൊടുക്കണമെന്നായി. അത് സാധ്യമല്ളെന്ന് സുഹൈല്‍ പറഞ്ഞതോടെ തലങ്ങും വിലങ്ങും മര്‍ദിക്കുകയായിരുന്നു. ആക്രമിച്ചയാളുടെ വണ്ടി നമ്പര്‍ സഹിതം ഇസാടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
പൊതുവെ, സാമ്പത്തികമാന്ദ്യവും ജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയും വന്‍കിട മാളുകളുടെ സാന്നിധ്യവും മൂലം കോള്‍ഡ് സ്റ്റോറുകളില്‍ വലിയ പ്രതിസന്ധിയിലാണെന്നും ഇത്തരം സംഭവങ്ങള്‍ സമാധാനത്തോടെ ജോലി ചെയ്യാനുള്ള അവസ്ഥ തന്നെ ഇല്ലാതാക്കുമെന്നും ഷോപ്പുടമ പറഞ്ഞു.
നിലവില്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സിഗരറ്റ് വില്‍ക്കരുതെന്ന നിയമമുണ്ട്. ഇക്കാര്യം പറയുമ്പോള്‍, കുട്ടികള്‍ സംഘം ചേര്‍ന്ന് വന്ന് പ്രശ്നമുണ്ടാക്കുന്ന പതിവുമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
