Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹുസ്വരത ഭാരതത്തിന്‍െറ...

ബഹുസ്വരത ഭാരതത്തിന്‍െറ ആത്മാവ് –സമദാനി

text_fields
bookmark_border
ബഹുസ്വരത ഭാരതത്തിന്‍െറ ആത്മാവ് –സമദാനി
cancel

മനാമ: ഭാരതം ലോകത്തെ പഠിപ്പിച്ചത് ബഹുസ്വരതയാണെന്നും ലോകത്തിനു മുന്നില്‍ തോല്‍ക്കാതെ പിടിച്ചു നില്‍ക്കാന്‍ ഭാരതീയന് കരുത്തുനല്‍കുന്ന തത്വമാണ് അതെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു.
ഷിഫ അല്‍അജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.ടി.റബീഉള്ളക്ക്  ബഹ്റൈന്‍ കേരളീയ സമാജം പ്രഥമ പ്രവാസി മിത്ര പുരസ്കാരം നല്‍കിയ ശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  
പ്രശസ്തനായ കവി അല്ലാമാ ഇഖ്ബാല്‍ നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്‍െറ ‘സാരേ ജഹാംസെ അഛാ’ എന്ന വരികളില്‍ ഇന്ത്യയുടെ മഹത്വം വിവരിക്കുന്നുണ്ട്. അറബ് ലോകത്തും ഭാരതത്തിന്‍െറ  വൈവിധ്യം അംഗീകരിക്കപ്പെട്ടതാണ്. നമ്മുടെ ഭാഷയും വേഷവും മതങ്ങളുമെല്ലാം വ്യത്യസ്തതകളെ താലോലിക്കുന്നവയാണ്. മാനവികതയെ കൂട്ടിയിണക്കുന്ന കണ്ണിയാണ് ഭാഷ. ഭാഷകളിലൂടെ സ്നേഹത്തിന്‍െറ കൈമാറ്റവും സംഭവിക്കുന്നു. ഹിന്ദിയിലെ പല പദങ്ങളുടെയും മൂലപദം അറബിയാണ്. ലതാമങ്കേഷ്കര്‍ തന്‍െറ ഗാനങ്ങളിലെ അറബ് ശൈലിയുള്ള ഹിന്ദി ഉഛാരണങ്ങള്‍ എത്ര അനായാസമാണ് കൈകാര്യം ചെയ്യുന്നതെന്ന് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഈയിടെ അമിതാഭ്ബച്ചന്‍ തന്‍െറ ഒരു വിദേശിസുഹൃത്ത്  ഇന്ത്യയെക്കുറിച്ചു പറഞ്ഞത്  അനുസ്മരിക്കുകയുണ്ടായി. താജ്മഹലും ലതാമങ്കേഷ്കറുമാണ് ഇന്ത്യയുടെ രണ്ട് സൗന്ദര്യങ്ങളായി ആ വിദേശി എടുത്തുകാട്ടിയത്. നാം ഭാരതീയരും കേരളീയരുമാവുക എന്നതാണ് പ്രസക്തം. നന്മയും ഐക്യവുമാണ് മലയാളികള്‍ ലോകത്തിന് നല്‍കിയ പാഠം. കാരുണ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന സാംസ്കാരിക പാരമ്പര്യവും നമുക്കുണ്ട്. അറബ് നാട് മലയാളികളുടെ അഭിവൃദ്ധിയുടെ കേന്ദ്രമാണ്. ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയുമായി വൈകാരികമായും ചരിത്രപരമായും ബന്ധമുണ്ട്. ഒരിക്കല്‍ പോലും പിണക്കത്തിന്‍െറയോ ശൈഥില്യത്തിന്‍െറയോ ലാഞ്ചന അറബ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുണ്ടായിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ വൈവിധ്യത്തിനിടയിലും ചിലര്‍ ജാതീയതയും വര്‍ഗീയതയും പ്രചരിപ്പിക്കാനും മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നുണ്ട്. സ്നേഹിക്കാനാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. പുഞ്ചിരിക്കുന്നത് നന്മയാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ഒരാളെ കൊല ചെയ്താല്‍ സമൂഹത്തെ കൊലചെയ്തതിനു സമമാണെന്നും ഒരാള്‍ക്ക് ജീവിതത്തിന് അവസരമുണ്ടാക്കിയാല്‍ അത് സാമൂഹിക നന്മയാണെന്നും പഠിപ്പിച്ചത് വിശുദ്ധഖുര്‍ആനാണ്. ഹിന്ദുവിന്‍െറ പേരില്‍ വര്‍ഗീയ വാദിയാകുന്നവന് അവന്‍െറ മതത്തെക്കുറിച്ച് ഒന്നുമറിയില്ളെന്നുവേണം കരുതാന്‍. സ്നേഹത്തെ ജീവിതമാക്കിയ യേശുവിന്‍െറ വക്താക്കള്‍ക്കും വിദ്വേഷികളാകാനാകില്ല.
മത ഗ്രന്ഥങ്ങളെയും മതങ്ങളെയും കുറിച്ച് പഠിച്ചവരെന്നല്ല, അതേക്കുറിച്ച് അല്‍പ്പമെങ്കിലും ജ്ഞാനമുള്ളവര്‍ക്ക് അവിവേകികളും ആക്രമണകാരികളുമാകാനാവില്ല. തീവ്രവാദത്തിന് മതമില്ളെന്ന യാഥാര്‍ഥ്യം നാം മനസിലാക്കണം. തീവ്രവാദികള്‍ മനുഷ്യരോട് മാത്രമല്ല ദൈവത്തോടും അനീതികാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപയോഗിച്ച് വലിച്ചെറിയുകയെന്ന സിദ്ധാന്തം പുതിയ കാലത്തിന്‍െറ സൃഷ്ടിയാണ്. സ്ത്രീകളോടു പോലും ഇത്തരത്തില്‍ പെരുമാറുന്നവര്‍ ധാരാളം. സാമൂഹിക തിന്മകള്‍ വര്‍ധിച്ചുവരുന്നു. ലഹരി ഉപയോഗം കുറ്റകൃത്യങ്ങള്‍ക്കു പ്രേരക ശക്തിയായി മാറുന്നു.  കുറ്റകൃത്യങ്ങളെ മൃഗീയമെന്നു നാം വിശേഷിപ്പിക്കുന്നതു ശരിയല്ല. മൃഗങ്ങള്‍ ഒരിക്കലും ഇത്തരം അതിക്രമങ്ങള്‍ നടത്താറില്ല. -സമദാനി വിശദീകരിച്ചു.
കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപ്പിള്ള അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഇ.എം.അഷ്റഫ് ആശംസകള്‍ നേര്‍ന്നു.
സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി സ്വാഗതം പറഞ്ഞു.
ശൈഖ നൂറ ബിന്‍ത് ഖലീഫ ആല്‍ ഖലീഫയാണ് അവാര്‍ഡ് നല്‍കിയത്. ഡോ.കെ.ടി.റബീഉള്ള പുരസ്കാരം സ്വീകരിച്ച് സംസാരിച്ചു. നൃത്തനൃത്യങ്ങളും ഗാനവിരുന്നും ചടങ്ങിന് മിഴിവേകി. ആദില്‍ അല്‍ അസൂമി എം.പിയും സംബന്ധിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MP Abdussamad Samadani
Next Story