പ്രധാനമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കുമെന്ന് മന്ത്രി
text_fieldsമനാമ: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ നിയമം കര്‍ശനമാക്കുന്ന കാര്യം പരിഗണിക്കണമെന്ന പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്‍ദേശം തൊഴില്‍-സാമൂഹിക വികസന മന്ത്രിയും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് ചെയര്‍മാനുമായ ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ സ്വാഗതം ചെയ്തു. മന്ത്രാലത്തിന് കീഴിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്‍ററിന്‍െറ പ്രവര്‍ത്തനം സജീവമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. രാജ്യം കുട്ടികളുടെ ക്ഷേമത്തിന് നല്‍കുന്ന പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സ്ഫുരിക്കുന്നതെന്ന് ഹുമൈദാന്‍ അഭിപ്രായപ്പെട്ടു.
പുതിയ സാഹചര്യങ്ങള്‍ക്കനുരിച്ച് കുട്ടികളുടെ സംരക്ഷണത്തിനുതകും വിധം നിയമം പരിഷ്കരിക്കാന്‍ മന്ത്രാലയം ശ്രമിക്കും. കുട്ടികളുടെ ആരോഗ്യം, ശാരീരിക-മാനസിക സൗഖ്യം, വിദ്യാഭ്യാസം, സുരക്ഷിതത്വം, വിവേചനമില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കും വിധം ദേശീയനയം രൂപവത്കരിക്കും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്‍ററിന്‍െറ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. ഇവിടെ കുട്ടികളെ ലക്ഷ്യമിട്ടുള്ള ബഹുവിധ സേവനങ്ങള്‍ ഏര്‍പ്പെടുത്തും. വീടുകളില്‍ നിന്നുള്ള പീഡനം, സാമൂഹിക പീഡനം, മോശം പെരുമാറ്റം, അവഗണന എന്നിവക്കിരയായ കുട്ടികള്‍ക്ക് സെന്‍റര്‍ തുണയാകും.
ഇതിനായി വിദ്യാഭ്യാസ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പബ്ളിക് പ്രൊസിക്യൂഷന്‍, ആരോഗ്യ മന്ത്രാലയം, തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിലെ വിദഗ്ധര്‍ എന്നിവരുമായി ചേര്‍ന്ന് പദ്ധതി ആവിഷ്കരിക്കും. നിലവില്‍ കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ അറിയിക്കാന്‍ ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.(നമ്പര്‍-998).കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി വിവിധ നടപടികളാണ് രാജ്യം സ്വീകരിച്ചത്. ഇതിനായി യു.എന്‍.ഏജന്‍സികളുടെ സഹായം ഉള്‍പ്പെടെ ലഭ്യമാക്കിയിട്ടുണ്ട്. ‘കണ്‍വെന്‍ഷന്‍ ഓണ്‍ ദ റൈറ്റ്സ് ഓഫ് ദ ചൈല്‍ഡ്’ നിര്‍ദേശങ്ങള്‍ ബഹ്റൈന്‍ 1991ല്‍ തന്നെ അംഗീകരിച്ചതാണ്. ഇത് നടപ്പാക്കുന്നതിന്‍െറ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നാലാമത് ദേശീയ റിപ്പോര്‍ട്ടിന്‍െറ ജോലികള്‍ പുരോഗമിക്കുകയാണ്. 2015ല്‍ മാത്രം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്‍ററിന്‍െറ സേവനം 620 പേര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷം പകുതി വരെയുള്ള കണക്കനുസരിച്ച് 330 പേരാണ് കേന്ദ്രത്തിന്‍െറ സേവനം ഉപയോഗപ്പെടുത്തിയത്.
ചൈല്‍ഡ് ഹെല്‍പ് ലൈനിലേക്ക് 1200 പേര്‍ വിളിച്ചതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ആവശ്യപ്പെട്ടത്. ഇതിനായി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ശിശു സംരക്ഷണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് നിയമം കര്‍ശനമാക്കുന്ന കാര്യം പരിഗണിക്കാന്‍ മന്ത്രാലയങ്ങള്‍ക്കും വിവിധ കേന്ദ്രങ്ങള്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
