മന്ത്രിസഭായോഗം:തീവ്രവാദി സംഘടനകളുടെ പട്ടിക പുറത്തിറക്കി
text_fieldsമനാമ: ആഗോളസമൂഹം തീവ്രവാദി സംഘടനകളായി പരിഗണിച്ച 68 ഗ്രൂപ്പുകളെ ബഹ്റൈനിലും തീവ്രവാദി സംഘടനകളായി കണക്കാക്കാന്‍ കാബിനറ്റ് തീരുമാനിച്ചു. ഇതില്‍ ബഹ്റൈനിലുള്ള മൂന്ന് സംഘടനകളും ഹിസ്ബുല്ലയും ഉള്‍പ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹര്‍കത്തുല്‍ മുജാഹിദ്ദീന്‍, ജെയ്ശെ മുഹമ്മദ്, ലശ്കറെ ത്വയിബ, തെഹരീകെ താലിബാന്‍, ഹര്‍കതുല്‍ ജിഹാദി ഇസ്ലാമി തുടങ്ങിയ സംഘടനകളും ബൊകോ ഹറാം, അല്‍ഖാഇദ എന്നിവയെയും തീവ്രവാദി സംഘടനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയുന്നതിനും അവ പരിഹരിക്കുന്നതിനുമായി വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ബൂരി, അബൂബുഹാം തുടങ്ങിയ പ്രദേശങ്ങളിലെ പാര്‍പ്പിട പദ്ധതിയടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പാര്‍പ്പിട കാര്യമന്ത്രി, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി എന്നിവരെ ഇക്കാര്യങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.
ഗലാലിയിലെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോര്‍ട്ടും സഭ ചര്‍ച്ച ചെയ്തു. സ്വകാര്യ മേഖലയിലടക്കം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്നതിനുള്ള നിര്‍ദേശം ചര്‍ച്ച ചെയ്തു. നിലവിലുള്ള സ്വദേശിവല്‍ക്കരണ തോത് നിലനിര്‍ത്തുന്നതോടൊപ്പം ആവശ്യക്കാരായ തൊഴിലുടമകള്‍ക്ക് ഉയര്‍ന്ന ഫീസ് നല്‍കി വിദേശ തൊഴിലാളികളെ ജോലിക്ക് വെക്കുന്നതിനുള്ള നിര്‍ദേശവും ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്്.
എന്നാല്‍ നിര്‍ബന്ധമായും പാലിക്കേണ്ട സ്വദേശി അനുപാതം സൂക്ഷിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ഇളവ് അനുവദിക്കാവൂ എന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
ഇതുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ നീക്കങ്ങള്‍ നടത്താന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി.
വിവിധ മന്ത്രാലയങ്ങള്‍ കത്തിടപാടുകള്‍ക്കായി ഉപയോഗിക്കുന്ന പേപ്പറുകളിലും കവറുകളിലും ഉപയോഗിക്കുന്ന ചിഹ്നങ്ങളും മറ്റും ഏകീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
എന്നാല്‍ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടേത് വ്യത്യസ്തമായി തന്നെ നിലനില്‍ക്കും. നിലവിലുള്ള സ്റ്റോക്ക് തീരുന്നത് മുതല്‍ പുതിയ ലെറ്റര്‍ഹെഡുകളും കവറുകളും ഉപയോഗിക്കുന്നതിനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് തയാറാക്കിയ കരാറില്‍ ഒപ്പുവെക്കാന്‍ കാബിനറ്റ് അംഗീകാരം നല്‍കി.
റെഡിമെയ്ഡ്, വസ്ത്ര നിര്‍മാണ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി മുന്നോട്ട് വെച്ച നിര്‍ദേശം മന്ത്രിസഭ ചര്‍ച്ച ചെയ്തു.
ഗുദൈബിയ പാലസില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.