ഒരുക്കം പൂര്‍ത്തിയായി: എജുകഫെ നാളെ മുതല്‍
text_fieldsദുബൈ: വിദ്യാര്‍ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന ‘ഗള്‍ഫ് മാധ്യമം’ എജു കഫേയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളി, ശനി ദിവസങ്ങളില്‍ ദുബൈ ഖിസൈസിലെ ബില്‍വ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തിലെ പ്രത്യേകം സജ്ജമാക്കിയ നഗരിയിലാണ് തീര്‍ത്തും പുതുമയേറിയ സമ്പൂര്‍ണ വിദ്യഭ്യാസ കരിയര്‍ മേള നടക്കുന്നത്.
10, 11,12 ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ ഉപകാരപ്പെടും വിധം ഒരുക്കുന്ന മേളയില്‍ പങ്കെടുക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വെള്ളിയാഴ്ച വൈകിട്ട് 3.30ന് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് മേള നഗരി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. 4.30നായിരിക്കും ഒൗപചാരിക ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ട കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം പുരസ്കാരം നേടിയ മലയാളികളായ ഡോ. സംഗീത് ഇബ്രാഹിമിനെയും കുടുംബത്തെയും വിനോദ് കുമാര്‍ പാലയില്‍ ഭാസ്കരന്‍ പിള്ളയെയൂം കുടുംബത്തെയും ആദരിക്കും. ഷാര്‍ജ ടെലിവിഷന്‍െറ അറബിക് സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാമതത്തെി മലയാളത്തിന്‍െറ അഭിമാനം വാനോളമുയര്‍ത്തിയ സ്കൂള്‍ വിദ്യാര്‍ഥിനി മീനാക്ഷിയും ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ ആദരവ് ഏറ്റുവാങ്ങും.
തുടര്‍ന്ന് അഞ്ച് മണിക്ക് നടക്കുന്ന ആദ്യ സെഷനില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷ് ‘സ്വപ്നങ്ങളെ എങ്ങനെ കീഴടക്കാം’ എന്ന വിഷയത്തില്‍ സംസാരിക്കും. സംശയനിവാരണത്തിനും അവസരമുണ്ടാകും.
തുടര്‍ന്ന് വിശിഷ്ട കുടുംബ പുരസ്കാരം ജേതാക്കളും പ്രചോദനാത്മ പ്രഭാഷകരും കൂടിയായ ഡോ.സംഗീത് ഇബ്രാഹിമും ഭാര്യ സുനൈന ഇഖ്ബാലും മക്കളും നയിക്കുന്ന പ്രത്യേക ശില്പശാലയാണ്. ഏതു സാഹചര്യത്തില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കും മിടുക്കരായി ഉന്നത വിജയം എങ്ങനെ നേടാം എന്ന വിഷയത്തിലാണ് ഈ കുടുംബം സദസ്സുമായി സംവദിക്കുക.
ശനിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന മേളയില്‍ മുഖ്യവേദിയില്‍ 10.20നാണ് ആദ്യ സെഷന്‍. പ്രശസ്ത കരിയര്‍ ഗൈഡന്‍സ് കൗണ്‍സലര്‍ സൂസന്‍ മാത്യു പുതിയ കാലത്തെ കോഴ്സുകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും സംസാരിക്കും. 11.05ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. ഡോ. ബിനു കൗമാരക്കാര്‍ നേരിടുന്ന പഠന,സ്വഭാവ വൈകല്യങ്ങളെക്കുറിച്ച് വിശദീകരിക്കും. 12 മണിക്ക് ജോജോ സി കാഞ്ഞിരക്കാടന്‍െറ ഓര്‍മശക്തി പരിശീലന പരിപാടിയാണ്.
ഉച്ചക്ക് ശേഷം 2.30ന് മുഖ്യവേദി വീണ്ടും ഉണരും. കുട്ടികള്‍ക്ക് അനുയോജ്യമായ ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് സുലേഖ ആശുപത്രിയിലെ ക്ളിനിക്കല്‍ ന്യൂട്രിഷനിസ്റ്റ് ഡോ. സൈദ അര്‍ഷിയ ബീഗം സംസാരിക്കും. മൂന്നു മണിക്ക് കേരളത്തിലെ പ്രമുഖ കരിയര്‍ ഉപദേശകനും മാര്‍ഗദര്‍ശിയുമായ എം.എസ്.ജലീല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കൗണ്‍സലിങ് ക്ളാസ് നയിക്കും.
നാലു മണിക്കാണ് അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ സന്തത സഹചാരിയായിരുന്ന ഡോ.വി.കതിരേശന്‍ കലാമിനൊപ്പമുള്ള അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെക്കുക. അഞ്ചു മണിക്ക് എം.ജി.വാഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ മിടുക്കരെ കാത്തിരിക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകളെക്കുറിച്ച് ക്ളാസെടുക്കും.
ആറു മണിക്ക് ടി.വി അവതാരകനും മജീഷ്യനുമായ രാജ് കലേഷിന്‍െറ ‘മാജിക്കല്‍ ചാറ്റ്’. രാത്രി എട്ടു മണിക്ക് എജുകഫേക്ക് ഒൗപചാരികമായി തിരശ്ശീല വീഴും.
ശനിയാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൈക്കളോജിക്കല്‍ കൗണ്‍സലിങും കരിയര്‍ കൗണ്‍സലിങ്ങും നടക്കും. പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് കേരള മെഡിക്കല്‍,എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃകാ പ്രവേശ പരീക്ഷയും ശനിയാഴ്ച നടക്കും.
മുന്‍കൂട്ടി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കേ വ്യക്തിഗത കൗണ്‍സലിങ്ങിനും ശനിയാഴ്ച ഉച്ചക്ക് നടക്കുന്ന മോക് പ്രവേശ പരീക്ഷക്കും അവസരം ലഭിക്കൂ. രജിസ്ട്രേഷന്‍ കൗണ്ടറില്‍ നിന്ന് ഇതിനുള്ള കൂപ്പണ്‍ നേരത്തെ വാങ്ങണം. നേരത്തെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഗ്രൂപ്പ് കൗണ്‍സലിങ് സെഷനുകളില്‍ പങ്കെടുക്കാം.
ആരോഗ്യ പരിശോധനക്കും ബ്രെയിന്‍ പ്രൊഫൈലിങ്ങിനും മേള നഗരിയില്‍ സൗകര്യമുണ്ടാകും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ബി.എം.ഐ പരിശോധനകള്‍ സൗജന്യമായി നടത്തും. ദുബൈയിലെ ഏറ്റവും പ്രശസ്തമായ സ്റ്റുഡിയോ ഗ്രൂപ്പായ ‘ലെന്‍സ്മാന്‍’ സന്ദര്‍ശകരുടെ ഓര്‍മ ചിത്രങ്ങള്‍ സൗജന്യമായി പകര്‍ത്തും.
ഫോട്ടോയോടൊപ്പം കിട്ടുന്ന ബാര്‍കോഡ് സ്കാന്‍ ചെയ്താല്‍ ഡിജിറ്റല്‍ ഫോട്ടോ എജുകഫെ ഫേസ്ബുക് പേജിലുടെ ഷെയര്‍ ചെയ്യാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
