Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാടക വിവാദം:...

നാടക വിവാദം: ദസ്തയേവ്സ്കിയെക്കുറിച്ച നാടകത്തിനെതിരെ പെരുമ്പടവത്തിന്‍െറ മകള്‍ രംഗത്ത്

text_fields
bookmark_border
നാടക വിവാദം: ദസ്തയേവ്സ്കിയെക്കുറിച്ച നാടകത്തിനെതിരെ  പെരുമ്പടവത്തിന്‍െറ മകള്‍ രംഗത്ത്
cancel
മനാമ: വിശ്വപ്രശസ്ത റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയേവ്സ്കിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ബഹ്റൈനില്‍ മലയാളി സംവിധായകന്‍ ഡോ.സാംകുട്ടി പട്ടംകരി ഒരുക്കിയ നാടകത്തെ ചൊല്ലി വിവാദം. ബഹ്റൈനിലെ സി.പി.എം അനുഭാവമുള്ള സാംസ്കാരിക സംഘടനയായ ‘പ്രതിഭ’യുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂണില്‍ കേരളീയ സമാജത്തില്‍ ഈ നാടകം അവതരിപ്പിച്ചിരുന്നു. 
‘ഒരു വാക്കിന്നുമപ്പുറം’ എന്ന നാടകത്തിന് അന്ന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ബഹ്റൈനിലെ മറ്റൊരു പ്രമുഖ സംഘടനയായ ‘ഇന്ത്യന്‍ ക്ളബി’ന്‍െറ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് ഈ നാടകം അരങ്ങേറാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബഹ്റൈനില്‍ താമസിക്കുന്ന പെരുമ്പടവം ശ്രീധരന്‍െറ മകള്‍ രശ്മി പെരുമ്പടവം ഈ നാടകം തന്‍െറ പിതാവിന്‍െറ പ്രശസ്ത നോവലായ ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ കോപ്പിയടിയാണെന്ന ആരോപണവുമായി രംഗത്തത്തെിയത്. ഇതുസംബന്ധിച്ച് അവര്‍ ഇന്നലെ വാര്‍ത്താക്കുറിപ്പും ഇറക്കി. എഴുത്തുകാരന്‍െറ അനുവാദമില്ലാതെ കൃതിയില്‍നിന്നും പൂര്‍ണമായോ ഭാഗികമായോ സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്തി  മറ്റൊരു കലാരൂപം അവതരിപ്പിക്കുന്നത് ഹീനവും അവകാശങ്ങളിലുള്ള കടന്നുകയറ്റവും നിയമവിരുദ്ധപ്രവര്‍ത്തനവുമാണെന്ന് രശ്മി പെരുമ്പടവം ആരോപിച്ചു. 
     ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന പെരുമ്പടവം ശ്രീധരന്‍െറ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ‘ഒരു വാക്കിന്നുമപ്പുറം’ എന്ന വ്യാജപേരില്‍ സാംകുട്ടി പട്ടംകരി നാടക രചന നടത്തിയതെന്നും ജൂണില്‍ കേരളീയ സമാജത്തില്‍ പെരുമ്പടവത്തിന്‍െറ വിലക്ക്  ലംഘിച്ചാണ് നാടകം കളിച്ചതെന്നും അവര്‍ പറയുന്നു. ഇത് ആവര്‍ത്തിക്കില്ളെന്ന് ഇദ്ദേഹം പെരുമ്പടവത്തോട് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ വീണ്ടും ആരോപണ വിധേയമായ നാടകം  ഇന്ത്യന്‍ ക്ളബില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. കേരളീയ സമാജത്തെയും ഇപ്പോള്‍ ഇന്ത്യന്‍ ക്ളബിനെയും പെരുമ്പടവത്തിന്‍െറ അനുവാദമുണ്ടെന്ന് നാടകകൃത്ത് തെറ്റിദ്ധരിപ്പിച്ചതായും രശ്മി കുറ്റപ്പെടുത്തി. 
ആരോപണം അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്ന് നാടക രചയിതാവായ ഡോ. സാംകുട്ടി പട്ടംകരി പറഞ്ഞു. ‘ഒരു വാക്കിന്നുമപ്പുറം’ എന്ന നാടകത്തിന് കടപ്പാടുള്ളത് റഷ്യന്‍ ചലചിത്രമായ ‘26 ഡെയ്സ് ഇന്‍ ദ ലൈഫ് ഓഫ് ദസ്തയേവ്സ്കി’യോടാണെന്നും അതിന് പെരുമ്പടവത്തിന്‍െറ ‘ഒരു സങ്കീര്‍ത്തനം പോലെ’യുമായി യാതൊരു ബന്ധവുമില്ളെന്നും അദ്ദേഹം പറഞ്ഞു. ‘അന്നയുടെ ഡയറിക്കുറിപ്പുകളും’ ദസ്തയേവ്സ്കിയെക്കുറിച്ചുള്ള ഇതര കൃതികളും ഈ രചനക്ക് ആധാരമാക്കിയിട്ടുണ്ട് എന്ന വസ്തുത നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. ചരിത്രവുമായി ബന്ധപ്പെട്ട ഒരു നാടകാവതരണത്തിന് ലഭ്യമാകുന്നവയെല്ലാം പരിശോധിക്കുകയും വസ്തുതകളെ ക്രോഡീകരിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ശ്രദ്ധേയമായ കാര്യം, പെരുമ്പടവം ശ്രീധരന്‍െറ നോവല്‍ മേല്‍പ്പറഞ്ഞ ചലച്ചിത്രത്തിന്‍െറ പകര്‍പ്പാണെന്ന ചര്‍ച്ച നോവല്‍ പ്രസിദ്ധീകരിക്കുന്ന കാലത്ത് കേരളത്തില്‍ സജീവമായിരുന്നു എന്നതാണ്. പെരുമ്പടവം അത് അംഗീകരിച്ചാലും ഇല്ളെങ്കിലും, ഗൂഗ്ള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ വരാത്ത ഒരു കാലത്ത് റഷ്യക്കാരനായ ദസ്തയേവ്സ്കിയെ കേന്ദ്രീകരിച്ച് മലയാളത്തില്‍ ഒരു നോവല്‍ എഴുതപ്പെടുമ്പോള്‍ ഇത്തരം ഒരു സിനിമ അതിന്‍െറ ആധാരമാകുക എന്നതും സ്വാഭാവികമാണ്. 
ഞാന്‍ മുമ്പുള്ള നോവലിന്‍െറ ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന വസ്തുത ഒരു സ്ഥലത്തും നിഷേധിച്ചിട്ടില്ല. എന്നു മാത്രമല്ല, പെരുമ്പടവത്തെ ഈ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുകയും ചെയ്തിട്ടില്ല. രശ്മി എന്ന വ്യക്തി ഒരിക്കല്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ മേല്‍പറഞ്ഞ കാര്യം സൂചിപ്പിച്ചിരുന്നതാണ്. എന്നിട്ടും ഇതേ വിഷയത്തില്‍ ചര്‍ച്ച ഉയര്‍ത്തുന്നത് ദുരുദ്ദേശപരമാണ്. പെരുമ്പടവത്തിന്‍െറ മേല്‍പരാമര്‍ശിക്കപ്പെട്ട കൃതിയല്ലാതുള്ളവയുടെ നിലവാരം മലയാളത്തിലെ വായനക്കാര്‍ക്കറിയാം.
 ദസ്തയേവ്സ്കിയെ കഥാപാത്രമാക്കി മലയാളത്തില്‍ ഒരു നാടകം ഉണ്ടാക്കാന്‍ പാടില്ല എന്നു പറയുന്നത് തികച്ചും ബാലിശമായ വാദമാണ്.  പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതം ആധാരമാക്കി ‘ഇവന്‍ മേഘരൂപന്‍’ എന്ന ചലച്ചിത്രം വന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് സുരേഷ്ബാബുവിന്‍െറ ‘കളിയച്ചന്‍’ എന്നൊരു നാടകവും അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇവരാരും തന്നെ ‘പി’യെ കഥാപാത്രമാക്കി ഇറങ്ങിയിട്ടുള്ള പുതിയ ചലച്ചിത്രത്തിനെതിരെ രംഗത്തുവന്നിട്ടില്ല. ഇത്തരം വാദങ്ങള്‍ ഖേദകരമാണ്.
ക്രിയാത്മക ആവിഷ്കാരങ്ങളുണ്ടാകുമ്പോള്‍ എഴുത്തുകാരുടെ മക്കളോ മക്കളുടെ ഭര്‍ത്താക്കന്മാരോ പ്രതികരണവുമായി വരുന്നത് അപഹാസ്യമാണ്. 
2000ല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ദസ്തയേവ്സ്കിയെ പ്രോജക്ടിന്‍െറ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇതിന് ആധാരമാക്കിയത് ‘ഒരു സങ്കീര്‍ത്തനം പോലെ’ ആയിരുന്നു. അതിനുശേഷവും മുമ്പേ പോലെ തന്നെ ദസ്തയേവ്സ്കിയുടെ എഴുത്തിന്‍െറ ആഴവും സങ്കീര്‍ണതയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. 
ഇപ്പോള്‍ ഇരുപത്തിരണ്ടു വയസ്സുള്ള എന്‍െറ മൂത്ത മകന്‍െറ പേരുതന്നെ ഫയദോര്‍ എന്നാണ്. ദസ്തയേവ്സ്കിയോട് എനിക്കുള്ള വായനാബന്ധം 2000ത്തിനും എത്രയോ മുമ്പേയുള്ളതാണ് എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം പറയുന്നത്.
2000ലെ ഈ പ്രോജക്ടിനുശേഷമാണ് ദസ്തയേവ്സ്കിയെക്കുറിച്ചുള്ള റഷ്യന്‍ ചലച്ചിത്രം കാണുവാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്‍െറ ജീവിതത്തെ സംബന്ധിച്ച ചില കൃതികളും ലഭിച്ചു. ഇതാണ് പുതിയ രചനക്കായി അവലംബിച്ചത്. 
ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദം അനവസരത്തിലുള്ളതാണെന്നും ഈ അനാവശ്യ ചര്‍ച്ചയില്‍ ഖേദമുണ്ടെന്നും സാംകുട്ടി കൂട്ടിച്ചേര്‍ത്തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story