എം.പിമാര്‍ ചൊവ്വാഴ്ച വോട്ട് രേഖപ്പെടുത്തും
text_fieldsമനാമ: പുതിയ ഭീകര വിരുദ്ധ നിയമത്തില്‍ ഈയാഴ്ച എം.പിമാര്‍ വോട്ടുരേഖപ്പെടുത്തും. ബഹ്റൈന്‍ ജനതയെ ഭീകരത ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുതുക്കിയ നിയമത്തില്‍ ചൊവ്വാഴ്ചയാണ് എം.പിമാര്‍ വോട്ട് രേഖപ്പെടുത്തുക.ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നിര്‍ദേശിക്കുന്നതാണ് നിയമം.
വിദേശരാജ്യങ്ങളില്‍ വച്ച് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്-അവര്‍ ബഹ്റൈനെതിരായല്ല പ്രവര്‍ത്തിക്കുന്നതെങ്കിലും-അഞ്ചുവര്‍ഷം തടവ് ശിക്ഷ നല്‍കാനും നിര്‍ദിഷ്ട നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. സംശയം തോന്നുന്നവരെ അറസ്റ്റുചെയ്യാന്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ടാകും. ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെടുന്നവരെ 28ദിവസം വരെ കസ്റ്റഡിയില്‍ വക്കുകയും ചെയ്യാം. വോട്ടെടുപ്പ് നടക്കാനിരിക്കുന്ന രാജകീയ ഉത്തരവിനെ പാര്‍ലമെന്‍ററി ലെജിസ്ലേറ്റീവ് കാര്യ സമിതി ചോദ്യം ചെയ്തിട്ടുണ്ട്.
ഇതിലെ ചില നിര്‍ദേശങ്ങള്‍ ഭരണഘടന വിരുദ്ധമാണ് എന്നാണ് അവരുടെ വാദം. എന്നാല്‍ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാസമിതികള്‍ ഉത്തരവിനെ പിന്തുണച്ചിട്ടുണ്ട്.
അനധികൃതമായി സ്ഫോടക വസ്തുപരിശീലനം നല്‍കുന്ന സംഭവങ്ങളില്‍ ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്. ഇത്തരം പരിശീലനങ്ങള്‍ നേടുന്നവര്‍ക്ക് ഏറ്റവും ചുരുങ്ങിയ ശിക്ഷാ കാലാവധി അഞ്ചുവര്‍ഷമാണ്. ഇത് വിദേശത്തുവച്ചാണെങ്കിലും ബാധകമാണ്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റ് നടക്കുമ്പോള്‍ പൊലീസുകാരെ പരിക്കേല്‍പിക്കുന്ന കുറ്റവാളികള്‍ക്ക് ഏഴുവര്‍ഷത്തില്‍ കുറയാതെയുള്ള ജയില്‍ ശിക്ഷ ലഭിക്കും. പൊലീസുകാരന്‍ മരിക്കാനിടയായാല്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.
രാജ്യത്ത് 2011ലുണ്ടായ സംഘര്‍ഷങ്ങള്‍ക്കുശേഷം ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ധനയുണ്ടായതായി മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഒരു യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശരാജ്യങ്ങളില്‍ പോയി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ദേശീയ താല്‍പര്യം ബലികഴിച്ചുവെന്ന കുറ്റം ചുമത്തുമെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയതാണ്.
അംഗപരിമിതര്‍ക്കായി സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തുന്ന വിഷയത്തിലും ചൊവ്വാഴ്ച എം.പിമാര്‍ വോട്ട് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.