ബഹ്റൈനിൽ മഴ ശമിച്ചു; പലയിടത്തും വെള്ളക്കെട്ട്
text_fieldsമനാമ: വ്യാഴാഴ്ച രാവിലെ മുതല്‍ ബഹ്റൈനിൽ തുടങ്ങിയ മഴക്ക് ശനിയാഴ്ച പുലര്‍ച്ചെയോടെ ശമനമായി. രണ്ടുദിവസം നീണ്ടുനിന്ന മഴയെ തുടര്‍ന്ന് പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി. ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കി.
മഴയത്ത് കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് സ്വദേശി മരിച്ചു. വരും ദിവസങ്ങളില്‍ തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
ഇടമുറിയാതെ പെയ്ത മഴ ഹൈവേകളിലടക്കം വെള്ളക്കെട്ടിന് കാരണമായി. അല്‍ മുഅസ്കര്‍ ഹൈവേയില്‍ നിയന്ത്രണം വിട്ട കാര്‍ ഈത്തപ്പനയിലിടിച്ചാണ് സ്വദേശി മരിച്ചത്. ഇടറോഡുകളിലും വെള്ളം കെട്ടി നിന്നതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. കാറുകള്‍ വെള്ളം കയറി തകരാറിലായി.
വെള്ളം കയറി സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ജങ്ഷനുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡിപ്ളോമാറ്റിക് ഏരിയ, മനാമ ഗേറ്റ് എന്നിവിടങ്ങളിലെ സിഗ്നലുകള്‍ തകരാറിലായതിനത്തെുടര്‍ന്ന് ട്രാഫിക് ഉദ്യോഗസ്ഥര്‍ നിയന്ത്രണം ഏറ്റെടുത്തു. നിരവധി വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മഴമൂലം വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നതായി പാര്‍പ്പിട-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. അടിയന്തരമായി വെള്ളക്കെട്ട് ഒഴിവാക്കേണ്ട പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും പാര്‍പ്പിട പ്രദേശങ്ങളില്‍ ഭാവിയില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പുതിയ പാര്‍പ്പിട കേന്ദ്രങ്ങളില്‍ വെള്ളക്കെട്ട് വരാതിരിക്കുന്നതിന് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാധാരണ എട്ട് വലിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് വെള്ളം വലിച്ചെടുത്തിരുന്നതെങ്കില്‍ 12 എണ്ണം കൂടി അധികമായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
വാദി സൈല്‍, ജിദ് ഹഫ്സ്, ബിലാദുല്‍ ഖദീം, ഹൂറത് സനദ്, ബുസൈതീന്‍, ദേര്‍, അറാദ് എന്നിവിടങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളംമോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് ഒഴിവാക്കുന്നുണ്ട്. നേരത്തെയുണ്ടായ മഴയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായതിനത്തെുടര്‍ന്ന് ഇത്തരം പ്രദേശങ്ങളില്‍ സ്ഥിരം സംവിധാനമുണ്ടാക്കാന്‍ മന്ത്രിസഭ നിര്‍ദേശിച്ചിരുന്നു. മന്ത്രിസഭയുടെ നിര്‍ദേശം നടപ്പാക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇനിയും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള കാറ്റും വീശും. തിരമാലകള്‍ നാല് മുതല്‍ ആറ് വരെ അടി ഉയരാനിടയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 18 ഡിഗ്രിയും കുറഞ്ഞ താപനില 13 ഡിഗ്രിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
