ഫാഷിസത്തിനെതിരെ മതേതര ഐക്യം ശക്തിപ്പെടുത്തേണ്ട സമയമായി –ബിനോയ് വിശ്വം
text_fieldsമനാമ: മതേതര ഐക്യം ശക്തിപ്പെടുത്തി ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ് ശക്തിപ്പെടുത്തേണ്ട കാലമാണ് മുന്നിലുള്ളതെന്നു സി.പി.ഐ നാഷണല്‍ കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ബഹ്റൈനിലത്തെിയ അദ്ദേഹം മനാമ കെ.എം.സി.സി ഓഫിസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു.ഇന്ത്യയുടെ പൈതൃകം നാനാത്വത്തില്‍ ഏകത്വമെന്നതാണ്. ഈ ബഹുസ്വരതയെ ഇല്ലാതാക്കാനാണ് സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ വിമര്‍ശനങ്ങളെ ഭയക്കുന്നു. അത് അസഹിഷ്ണുതയായി മാറുകയാണ്. വിമര്‍ശിക്കുന്നവരെ വെടിവെച്ചുകൊല്ലുന്ന ഫാഷിസ്റ്റ് നീക്കങ്ങളുടെ ഇരകളാണ് കല്‍ബുര്‍ഗിയും ദാബോല്‍ക്കറുമെല്ലാം. ഫാഷിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. ഹിന്ദുത്വ തീവ്രവാദത്തെ നേരിടാന്‍ മുസ്ലിം തീവ്രവാദംകൊണ്ടു സാധ്യമല്ല. അത്തരം നീക്കങ്ങള്‍ ആത്യന്തികമായ ഹിന്ദുത്വ ഭീകരതയെ സഹായിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
മത തീവ്രവാദത്തിനും ഫാഷിസത്തിനുമെതിരെ എല്ലാ മതവിശ്വാസികളും ചിന്തിക്കേണ്ട കാലമാണിത്. എല്ലാ മതത്തിലെയും യഥാര്‍ഥ വിശ്വാസികള്‍ ഇതിനെതിരെ രംഗത്തുവരണം. യഥാര്‍ഥ മത വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇത്തരം പോരാട്ടം സാധ്യമാണ്. ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ മതവിശ്വാസികളുമായി കൈകോര്‍ക്കുന്നതിന് ഒരു തടസ്സവുമില്ല. എല്ലാ തീവ്രവാദവും ദൈവത്തിനും മനുഷ്യനും മതത്തിനും എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്‍റ് എസ്.വി ജലീല്‍ അധ്യക്ഷത വഹിച്ചു. കുട്ടൂസ മുണ്ടേരി, രാമത്ത് ഹരിദാസ്, നവകേരള ജന. സെക്രട്ടറി ബിജു മലയില്‍, ടി.പി മുഹമ്മദാലി എന്നിവര്‍ സംബന്ധിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം സ്വാഗതവും പി.വി സിദ്ദിഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
