സുസ്ഥിര വികസനത്തിനായി ഐക്യത്തോടെ മുന്നേറുക –ഹമദ് രാജാവ്
text_fieldsമനാമ: രാജ്യത്തിന്‍െറ സുസ്ഥിര വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കുമായി ഐക്യത്തോടെ മുന്നേറാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ആഹ്വാനം ചെയ്തു. സാഖിര്‍ പാലസില്‍ ദേശീയദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭീകരതക്കെതിരായ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ നന്ദിയോടെ രാജ്യം സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വ്യവസ്ഥാപിത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര രാജ്യമെന്ന പദവി നിലനിര്‍ത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കേണ്ടത്. ഭരണഘടനയോടും ഭരണാധികാരികളോടും കൂറും സ്നേഹവും പുലര്‍ത്തുന്നവരെന്ന നിലക്കാണ് ബഹ്റൈന്‍ ജനത വേറിട്ട് നില്‍ക്കുന്നത്. ദേശീയ ദിനാഘോഷത്തിന്‍െറ യഥാര്‍ഥ ഉദ്ദേശ്യം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം. പരസ്പര സ്നേഹവും ബഹുമാനവും സൗഹാര്‍ദവും നിലനില്‍ക്കുന്ന രാജ്യമായി നിലകൊണ്ടതിന്‍െറ ചരിത്രം നമുക്ക് മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമേകുന്നു.
പൂര്‍വപിതാക്കള്‍ കാണിച്ചുതന്ന നന്മകളും മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കാനും ഒരൊറ്റ ജനതയെന്ന ആശയം കൂടുതല്‍ പ്രകാശിപ്പിക്കാനുമാണ് ശ്രമിക്കേണ്ടത്. വിദ്വേഷത്തിന്‍െറയും ശത്രുതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് ഭിന്നതയുടെ ആഴം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. നമ്മുടെ ശക്തിയെ അത് ചോര്‍ത്തിക്കളയും.
രാജ്യത്തിന് മികച്ച ഭാവി ഉറപ്പുവരുത്തുന്നതിനും അനുസ്യൂതമായ വളര്‍ച്ച സാധ്യമാക്കുന്നതിനും ഐക്യവും കെട്ടുറപ്പും സമാധാനവും അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ കാല ചരിത്രം രാജ്യത്തിന്‍െറ ശോഭനമായ ഭാവിയിലേക്കുള്ള കരുതിവെപ്പായി മാറ്റാന്‍ സാധിക്കണം.സമാധാനപൂര്‍ണമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനും വിട്ടുവീഴ്ചാപരമായ നിലപാടിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്.
സൗഹാര്‍ദാന്തരീക്ഷവും സാമ്പത്തിക പുരോഗതിയും സ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള ശ്രമത്തില്‍ ഓരോ പൗരന്‍െറയും പിന്തുണ അദ്ദേഹം അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
