ബഹ്റൈനില്‍ വിദേശികളുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്താന്‍ ശിപാര്‍ശ
text_fieldsമനാമ: രാജ്യത്ത് വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 50 ശതമാനമായി നിജപ്പെടുത്താന്‍ പാര്‍ലമെന്‍ററി കമ്മിറ്റി ശിപാര്‍ശ ചെയ്തു. വിദേശികളുടെ എണ്ണം വെട്ടിക്കുറച്ച് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണിത്.
ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ലമെന്‍റ് സെഷന്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. തീരുമാനം നടപ്പായാല്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.
പാര്‍ലമെന്‍റിന്‍െറ നാലാമത് ലെജിസ്ലേറ്റീവ് സെഷന്‍െറ ഉദ്ഘാടന വേളയില്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ നടത്തിയ പ്രസംഗത്തിലാണ് രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കേണ്ടതിന്‍െറ ആവശ്യകത വ്യക്തമാക്കിയത്. തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിശ്ചയിച്ചു. വിദേശികളുടെ എണ്ണം 50 ശതമാനമായി നിജപ്പെടുത്തി കടുത്ത നിയമങ്ങള്‍ കൊണ്ടുവരണമെന്നാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വിദേശികളുടെ എണ്ണം അധികമായാല്‍ രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിനും വ്യവസായ പദ്ധതികള്‍ക്കും ജി.സി.സി ഡെവലപ്മെന്‍റ് ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.
രാജ്യത്തിന്‍െറ വരുമാനം മനുഷ്യവിഭവശേഷി വികസനത്തിന് ഉപയോഗപ്പെടുത്തണം. സ്വദേശി കേന്ദ്രീകൃത വികസന പദ്ധതികള്‍ രൂപപ്പെടുത്തണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ബോണസ് നിര്‍ത്തലാക്കണം. യാത്രാ ചെലവുകളും വിദേശ ചികിത്സാ ഫണ്ടും വെട്ടിക്കുറക്കണമെന്നും ശിപാര്‍ശയുണ്ട്.
തീവ്രവാദ ചിന്താഗതി വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍ സ്കൂള്‍ സിലബസ് നവീകരിക്കണം. തീവ്രവാദത്തിന്‍െറയും മത- രാഷ്ട്രീയ വിഭാഗീയതയുടെയും അടിവേരറുക്കാന്‍ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ വേണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
