ജി.സി.സി റോമിങ് നിരക്ക് കുറക്കാന്‍ ‘ട്രാ’ തീരുമാനം
text_fieldsമനാമ: ജി.സി.സി രാജ്യങ്ങളിലേക്കുള്ള മൊബൈല്‍ ഫോണ്‍ റോമിങ് നിരക്കുകള്‍ അടുത്തവര്‍ഷം മുതല്‍ കുറക്കാന്‍ ബഹ്റൈന്‍ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചു. 2016 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഫോണ്‍ കോള്‍, എസ്.എം.എസ്, മൊബൈല്‍ ഡാറ്റ നിരക്കുകളില്‍ കുറവുണ്ടാകും. ബഹ്റൈനില്‍ നിന്ന് മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് നിരന്തരം സഞ്ചരിക്കുന്ന വ്യാപാരികള്‍ക്കും മറ്റും പുതിയ തീരുമാനം ഏറെ ഗുണകരമാകും. രണ്ടുഘട്ടങ്ങളായാണ് റോമിങ് നിരക്കുകള്‍ കുറക്കുകയെന്ന് ട്രാ ജനറല്‍ ഡയറക്ടര്‍ മുഹമ്മദ് ബുബാശൈത് പറഞ്ഞു.
മൊബൈല്‍ ഓപറേറ്റര്‍മാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ കുറഞ്ഞ നിരക്കുകള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ ഒന്ന് മുതലും. റോമിങ് നിരക്കുകള്‍ കുറക്കുമെന്ന് ഗതാഗത- ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു. ജി.സി.സി രാജ്യങ്ങളിലെ ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയങ്ങളും റെഗുലേറ്റര്‍മാരും മൊബൈല്‍ ഫോണ്‍ ഓപറേറ്റര്‍മാരുമായി നടത്തിയ രണ്ടുവര്‍ഷത്തിലധികം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് റോമിങ് നിരക്ക് കുറക്കാന്‍ തീരുമാനമെടുത്തത്. റോമിങിലായിരിക്കുമ്പോള്‍ ലോക്കല്‍ ഒൗട്ഗോയിങ് കോളുകള്‍ക്ക് മിനുട്ടിന് 98 ഫില്‍സായിരിക്കും പുതിയ നിരക്ക്. ഇന്‍റര്‍നാഷണല്‍ ഒൗട്ഗോയിങ് കോളുകള്‍ക്ക് 241 ഫില്‍സ്, ഇന്‍കമിങ് കോളുകള്‍ക്ക് 132 ഫില്‍സ്, എസ്.എം.എസിന് 30 ഫില്‍സ്, ഒരു എം.ബി ഡാറ്റക്ക് 489 ഫില്‍സ് എന്നിങ്ങനെ ഈടാക്കും.
മത്സരക്ഷമത നിലനിര്‍ത്താന്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കാന്‍ കമ്പനികളെ അനുവദിക്കും. റോമിങ് ചാര്‍ജ് 50 ദിനാറില്‍ അധികമായാല്‍ സേവനം താല്‍ക്കാലികമായി റദ്ദാക്കുന്ന സംവിധാനം നടപ്പാക്കാന്‍ ശിപാര്‍ശയുണ്ടായിരുന്നു. ഇതിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. റോമിങ് ചാര്‍ജിനെക്കുറിച്ച് ബോധ്യമില്ലാത്ത പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കനത്ത ബില്ല് വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
