പുനരുപയോഗ സ്രോതസ്സുകളിൽനിന്ന് 20 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കും
text_fieldsമനാമ: 2035-ഓടെ പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽനിന്ന് 20 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കാൻ ബഹ്റൈൻ. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തുകയെന്ന രാജ്യത്തിന്റെ ലക്ഷ്യം സഫലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. സൗരോർജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്താനുള്ള കർമ പദ്ധതി രാജ്യം സ്വീകരിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ച മറിയം അൽ ദാൻ എം.പിക്ക് മറുപടിയായി വൈദ്യുതി, ജലകാര്യ മന്ത്രാലയം പുനരുപയോഗ ഊർജം സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയിരുന്നു. ബഹ്റൈനിൽ നിലവിലുള്ള സൗരോർജ പ്രോജക്ടുകൾ ഇപ്പോൾ 70 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നുണ്ട്.
അൽ ദുർ റിന്യൂവബിൾ എനർജി പ്ലാന്റ് വിപുലീകരണം പൂർത്തിയായാൽ 100 മെഗാവാട്ടുകൂടി കൂടും. സാമ്പത്തിക ദർശനം 2030ലും പാരമ്പര്യ ഊർജത്തെ ആശ്രയിക്കുന്നത് കുറക്കണമെന്ന നിർദേശമുണ്ട്. സുസ്ഥിര സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും പെട്രോളിയം ഇതര ഊർജ മേഖല വളർച്ച കൈവരിക്കുന്നത് അത്യന്താപേക്ഷിതമാണ്.
ഊർജ സംവിധാനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാനും പദ്ധതിയുണ്ട്. നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ച് സൗരോർജ ഉൽപാദനം വർധിപ്പിക്കാനാണ് ശ്രമം. വലിയ തോതിലുള്ള സോളാർ ഫാമുകൾക്കും കാറ്റാടി പ്പാടങ്ങൾക്കും ആവശ്യമായ ഭൂമിയുടെ കുറവ് ഒരു പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പാരമ്പര്യേതര ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സോളാർ ഇൻസ്റ്റലേഷനുവേണ്ടി വരുന്ന കാത്തിരിപ്പ് സമയം രാജ്യം വെട്ടിക്കുറച്ചിരുന്നു. സൗരോർജ സംവിധാനങ്ങൾ വീടുകളിൽ സ്ഥാപിക്കാൻ അപേക്ഷിച്ച് ഒരു മാസം കാത്തിരിക്കണമായിരുന്നു എന്നത് നാലുദിവസമായി കുറച്ചിരുന്നു.
ഇതിനായി, എളുപ്പത്തിൽ വായ്പകളും ലഭ്യമാക്കും. സ്കൂളുകൾ, സർവകലാശാലകൾ എന്നിവയിലെല്ലാം കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണ പരിപാടികൾ സർക്കാർ നടത്തുകയാണ്. സോളാർ പദ്ധതിയുടെ സാധ്യതകൾ വിലയിരുത്തുന്നതിനും ഇൻസ്റ്റലേഷൻ നിർണയിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് സാധ്യതാ പഠനങ്ങളും നടക്കുന്നു.
വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാനും അവരുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റിയശേഷം മിച്ചമുണ്ടെങ്കിൽ ദേശീയ ഗ്രിഡിലേക്ക് നൽകാനും അനുവദിക്കുന്നു. ഡെവലപ്പർമാർക്കും നിക്ഷേപകർക്കും പവർ പർച്ചേസ് എഗ്രിമെന്റുകൾ (പി.പി.എ) പ്രയോജനപ്പെടുത്താം.
ഇത് ഊർജ ബില്ലുകൾ കുറക്കുകയും കാർബൺ ബഹിർഗമനം കുറക്കുകയും ചെയ്യും. മാത്രമല്ല അധിക വൈദ്യുതി വിൽക്കാനും സാധിക്കുന്നു. നിരവധി പ്രാദേശിക ബാങ്കുകളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് വായ്പകളും ലഭ്യമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

