1.9 ലക്ഷം ദീനാർ തട്ടിയെടുത്തു; അഭയകേന്ദ്രത്തിന്റെ ഡയറക്ടർ വിചാരണ നേരിടുന്നു
text_fieldsമനാമ: 1,90,000 ബഹ്റൈൻ ദീനാറിലധികം തുക തട്ടിയെടുത്ത കേസിൽ തെരുവിൽ കഴിയുന്നവർക്കായി പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിന്റെ ഡയറക്ടർ വിചാരണ നേരിടുന്നു. സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയത്തിൽനിന്ന് പണം തട്ടിയെടുത്തതിനും 97,000ൽ അധികം ദീനാർ വെളുപ്പിച്ചെടുത്തതിനുമാണ് ഇയാൾക്കെതിരെ കേസ്. ഹൈ ക്രിമിനൽ കോടതിയിൽ നടന്ന ആദ്യ ഹിയറിങ്ങിൽ, വഞ്ചന, മോഷണം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ലൈസൻസില്ലാതെ ഫണ്ട് ശേഖരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് 64കാരനായ ബഹ്റൈനി പൗരനുമേൽ ചുമത്തിയത്. എന്നാൽ പ്രതി കുറ്റം നിഷേധിച്ചിട്ടുണ്ട്. അഭയകേന്ദ്രത്തിന് ലഭിക്കേണ്ട പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയതുൾപ്പെടെ നിരവധി മാർഗങ്ങളിലൂടെയാണ് ഇയാൾ പൊതുഫണ്ട് തട്ടിയെടുത്തതെന്നാണ് ആരോപണം.
മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിവിധ സംഘടനകളിൽനിന്നും ധനികരിൽ നിന്നും ഏകദേശം 90,000 ദീനാറോളം സംഭാവനയായി പിരിച്ചെടുത്തതായും ആരോപണമുണ്ട്. കൂടാതെ, റമദാൻ കാലത്ത് പാവപ്പെട്ടവർക്ക് നൽകേണ്ട റമദാൻ സമ്മാനങ്ങളും വൗച്ചറുകളും ജീവനക്കാരോട് സ്വന്തം വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെട്ടതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
അഭയകേന്ദ്രത്തിന്റെ ഫണ്ടുകൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ജീവനക്കാർക്ക് ബോണസും ഈദിയയും നൽകാനും അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി പാർട്ടികൾ നടത്താനും ഈ ഫണ്ട് ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു.
കേസിൽ മറ്റൊരു ബഹ്റൈനി പൗരനും പ്രതിയാണ്. അഭയകേന്ദ്രം വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ കരാറുണ്ടാക്കാൻ ഡയറക്ടറെ സഹായിച്ചതിനും സർക്കാർ പണം മോഷ്ടിക്കാൻ കൂട്ടുനിന്നതിനും ഒരു ക്ലീനിങ് കമ്പനി ഉടമയായ ഇയാളും വിചാരണ നേരിടുന്നുണ്ട്. കേസിൽ പ്രതിഭാഗത്തിന്റെ പ്രതികരണങ്ങൾക്കും അപേക്ഷകൾക്കുമായി വിചാരണ സെപ്റ്റംബർ ഏഴിലേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

