17-ാമത് അറബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ്; ബഹ്റൈനിൽ പരിശീലനത്തിനെത്തി ഫലസ്തീനിലെ വോളിബാൾ താരങ്ങൾ
text_fieldsബഹ്റൈനിൽ പരിശീലനത്തിനെത്തിയ ഫലസ്തീൻ വോളിബാൾ താരങ്ങൾ
മനാമ: 17-ാമത് അറബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനായി ബഹ്റൈനിൽ പരിശീലനത്തിനെത്തി ഫലസ്തീനിലെ യുവ വോളിബോൾ താരങ്ങൾ. യുദ്ധവും ദുരിതങ്ങളും നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഈ 17 അംഗ ടീം ജോർദാനിൽ നടക്കുന്ന 17-ാമത് അറബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുന്നത്. ടീമിന്റെ കോച്ചും കളിക്കാരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുമായി ഒരു സംഘം ഇന്ന് ബഹ്റൈനിൽ പരിശീലനത്തിലുണ്ട്. യുദ്ധത്തിൽ ദേശീയ ടീമിലെ പല കളിക്കാരും കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. അതിൽ ദേശീയ ടീം ക്യാപ്റ്റൻ അഹമ്മദ് അൽ മുഫ്തി, കുടുംബത്തിന് ഭക്ഷണം വാങ്ങാൻ പോയപ്പോൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ടീമിന്‍റെ വലിയ ആഘാതങ്ങളിലൊന്ന്.
ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും 288 കായിക സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നാണ് താരങ്ങൾ പറയുന്നത്. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ യുവ കളിക്കാർ പരിശീലനം നടത്തുന്നത്. വെസ്റ്റ് ബാങ്കിലെ കളിക്കാർക്ക് പലപ്പോഴും മണിക്കൂറുകളോളം ചെക്ക്‌പോസ്റ്റുകളിൽ കാത്തുനിൽക്കേണ്ടിവരുന്നുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലും ടീം അംഗങ്ങൾ കായികരംഗത്ത് തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനിക്കുന്നുണ്ട്. തങ്ങളുടെ വിജയം ഫലസ്തീൻ ജനതയുടെ കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണെന്ന് അവർ വിശ്വസിക്കുന്നു.
ഇസ്രായേലിന്‍റെ വംശീയാക്രമണങ്ങൾക്കിടയിലും തങ്ങളുടെ രാജ്യത്തെ കായിക രംഗത്ത് അടയാളപ്പെടുത്താനുള്ള ലക്ഷ്യത്തിലാണവർ. സ്വന്തങ്ങളും ബന്ധങ്ങളും രാജ്യത്തിനായി ജീവൻ ത്യജിച്ചു കൊണ്ടിരിക്കുമ്പോഴും ഉള്ള് പിടയുന്ന വേദന അവരുടെ വാക്കുകളിലുമുണ്ടായിരുന്നു.
താൽക്കാലികമായി ബഹ്‌റൈനിൽ പരിശീലനം നടത്താൻ സൗകര്യം ഒരുക്കിയതിന് അവർ ബന്ധപ്പെട്ട അധികാരികൾക്ക് നന്ദി പറഞ്ഞു. ഗെയിംസിനിടയിൽ പഠനം തുടരാൻ പുസ്തകങ്ങൾ കൊണ്ടുപോവുന്ന മുഹമ്മദ് ഷംസാനയെപ്പോലെയുള്ള കളിക്കാരും ഈ ടീമിലുണ്ട്. ബഹ്‌റൈനുമായി ഓഗസ്റ്റ് 20-ന് മത്സരം നടക്കും. ശൈഖ് അലി ബിൻ മുഹമ്മദ് അൽ ഖലീഫക്കും ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷനും ഫലസ്തീൻ വോളിബോൾ ഫെഡറേഷൻ പ്രസിഡന്റ് ഹംസ റാഡി നന്ദി അറിയിച്ചു. മത്സരത്തിനിടെ കളിക്കാർ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും എന്നാൽ ഫലസ്തീന്റെ അഭിമാനവും പ്രതീക്ഷയുമാണ് തങ്ങളെന്നും ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

