ഓൺലൈൻ വഴി 15 വയസ്സുകാരിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച കേസിൽ 17കാരൻ അറസ്റ്റിൽ
text_fieldsമനാമ: ഓൺലൈൻ വഴി 15 വയസ്സുകാരിയെ ചൂഷണം ചെയ്യാൻ ശ്രമിച്ച കേസിൽ 17കാരൻ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ സൈബർ ക്രൈം ആൻഡ് ഇക്കണോമിക് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു പ്രതി പെൺകുട്ടിയെ സമീപിച്ചത്. അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യൽ ആരംഭിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ അംഗമാണെന്ന് കള്ളം പറഞ്ഞ് പെൺകുട്ടിയുടെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതാണെന്ന് 17-കാരൻ സമ്മതിച്ചു. പിന്നീട് പെൺകുട്ടിയെ ആകർഷിച്ച് മോശമായ വീഡിയോകൾ ആവശ്യപ്പെട്ടതായും ഇയാൾ സമ്മതിച്ചു.
പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ വിചാരണ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ മേൽനോട്ടം അത്യന്താപേക്ഷിതമാണെന്ന് ഫാമിലി ആൻഡ് ചൈൽഡ് പ്രോസിക്യൂഷൻ മേധാവി ഊന്നിപ്പറഞ്ഞു. കുട്ടികൾ കാണുന്ന ഉള്ളടക്കങ്ങളും അവരുടെ ഓൺലൈൻ ഇടപെഴകലും നിരീക്ഷിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഓൺലൈൻ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം കുടുംബത്തിന്റെ തുടർച്ചയായ മേൽനോട്ടമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

