ആദ്യ മൂന്നു മാസങ്ങളിൽ ലഭിച്ചത് 17 പരാതികൾ - എസ്.ഐ.യു
text_fieldsമനാമ: 2025ലെ ആദ്യ മൂന്നു മാസങ്ങളിൽ 17 പരാതികൾ ലഭിച്ചതായി ബഹ്റൈൻ പ്രത്യേക അന്വേഷണ യൂനിറ്റ് (എസ്.ഐ.യു). പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങൾ ഉൾപ്പെടുന്ന പരാതികളാണ് യൂനിറ്റിന് ലഭിച്ചതെന്ന് ആക്ടിങ് അറ്റോണി ജനറലും എസ്.ഐ.യു മേധാവിയുമായ മുഹമ്മദ് ഖാലിദ് അൽ ഹസ്സ അറിയിച്ചു.
എല്ലാ കേസുകളിലും ആവശ്യമായ നടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥരുടെയും പൊതുസുരക്ഷാ സേനയുടെയും ദുരുപയോഗം, അമിത ബലപ്രയോഗം, പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിലാണ് എസ്.ഐ.യു പ്രത്യേക ശ്രദ്ധ ചെലുത്തുന്നത്. 36 പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികൾ കേട്ടു. പൊതു സുരക്ഷാ സേനയിലെ 49 പ്രതികളെയും സംശയിക്കപ്പെടുന്നവരെയും ചോദ്യം ചെയ്തു.
ഏഴു പരാതിക്കാരെ ഫോറൻസിക്, സൈക്കോളജിക്കൽ മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തു. മോശമായി പെരുമാറിയെന്ന പരാതിയിൽ യൂനിറ്റ് അന്വേഷണം പൂർത്തിയാക്കി. അന്വേഷണത്തിൽ സ്ഥിരീകരിച്ച നിയമപരമായ ലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തിയ വ്യക്തിയെ ഉചിതമായ അച്ചടക്ക നടപടികൾക്കായി ആഭ്യന്തര മന്ത്രാലയത്തിലെ സൈനിക കോടതി ഡയറക്ടറേറ്റിലേക്ക് റഫർ ചെയ്തു. യൂനിറ്റിന്റെ മാൻഡേറ്റും പ്രവർത്തന ചട്ടങ്ങളും അനുസരിച്ചാണിത് ചെയ്തത്. www.siu.gov.bh എന്ന വെബ്സൈറ്റിലെ ഒരു ഫോം പൂരിപ്പിച്ചുകൊണ്ട് എസ്.ഐ.യുവിന് പരാതികൾ സമർപ്പിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

